പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി മമ്മൂട്ടി. മെഗാസ്‌റ്റാര്‍ മമ്മൂട്ടി വില്ലനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വില്ലനാകുന്നത്, വില്ലന്‍ വേഷങ്ങള്‍ സ്ഥിരം ചെയ്യുന്ന വിനായകന്‍റെ വില്ലനായി. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി പ്രതിനായകന്‍റെ വേഷത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഭ്രമയുഗം', 'പുഴു' എന്നീ സിനിമകളില്‍ പ്രതിനായകനായെത്തി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഏത് വേഷത്തിലാകും താരം എത്തുന്നതെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുണ്ട്. അതേസമയം പൃഥ്വിരാജ്, ജോജു ജോര്‍ജ് എന്നിവരെ പരിഗണിച്ച വേഷത്തിലേയ്‌ക്കാണ് വിനായകന്‍ എത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍, ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്', 'ബെസ്‌റ്റ് ആക്‌ടര്‍', 'ബിഗ് ബി', 'ഡാഡി കൂള്‍' തുടങ്ങീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
മമ്മൂട്ടിക്കും വിനായകനും പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. ഒരു ക്രൈം ത്രില്ലര്‍ ജോണറിലായാണ് ചിത്രം ഒരുക്കുന്നതെന്നും സൂചനയുണ്ട്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നും ആദ്യ ഷെഡ്യൂള്‍ നാഗര്‍കോവിലില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നും സൂചനയുണ്ട്.
മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാകും സിനിമയുടെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും.