മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ആരാധകരും തങ്ങളുടെ പ്രിയ താരങ്ങളും തമ്മിലുള്ള അപൂര്‍വ്വ നിമിഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
മമ്മൂട്ടിയും ഒരു കുഞ്ഞ് ആരാധകയും തമ്മിലുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. താരസംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തിലായിരുന്നു സംഭവം. പരിപാടിയുടെ സമാപനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി.
ഇതൊരു നൃത്ത പരിശീലന ക്ലാസ് ആയിരുന്നു എന്നതുകൊണ്ട് തന്നെ എനിക്ക് വളരെ താല്‍പ്പര്യം ഉണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരം തുടങ്ങിയത്. ഇത് സദസ്സില്‍ ചിരി പടര്‍ത്തി. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ പിന്നീട് സദസ്സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെണ്‍കുട്ടി മൈക്കിന് അടുത്തേയ്‌ക്ക് എത്തി.
" കയ്യല്ല.. എനിക്ക് കെട്ടിപ്പിടിക്കണം.."
— Nayanthara ❤️❤️❤️ (@Nayanthara369) August 12, 2024
നിഷ്ക്കളങ്കത.. സ്നേഹം.. ❤️🙏🏻#Mammootty 👌👌👌 pic.twitter.com/ZmXQgGAz45
മറ്റ് ചിലര്‍ പറഞ്ഞതു പോലെ മമ്മൂട്ടിക്ക് കൈ കൊടുക്കുകയല്ല തനിക്ക് വേണ്ടത്, കെട്ടിപ്പിടിക്കുകയാണ് വേണ്ടത് എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതുകേട്ട ഉടന്‍ മമ്മൂട്ടി ചിരിച്ചുകൊണ്ട് കുട്ടിയെ അരികിലേയ്‌ക്ക് വിളിച്ചു. കുഞ്ഞു ആരാധികയുടെ ആഗ്രഹം സഫലമാക്കുകയും ചെയ്‌തു. മമ്മൂട്ടിക്കൊപ്പമുള്ള കുഞ്ഞ് ആരാധികയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മമ്മൂട്ടി ആരാധകരും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയാണ് രണ്ട് ദിവസം നീണ്ടുനിന്ന നൃത്ത ശിൽപ്പശാലയ്‌ക്ക് നേതൃത്വം നല്‍കിയത്. മോഹൻലാലാണ് ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തത്. സിനിമ സ്നേഹികളായ പൊതുജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് സംഘടന കലാ ശില്‍പ്പശാലകൾ തുടർച്ചയായി സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നതിന്‍റെ മുന്നോടിയാണ് ഈ ഡാൻസ് വർക്ക് ഷോപ്പെന്ന് ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു.
"മലയാള സിനിമയിൽ തന്നെ അതിമനോഹരമായി നൃത്തം ചെയ്യുന്ന ധാരാളം അഭിനയത്രികൾ ഉണ്ട്. ശോഭന അടക്കമുള്ള പല നായികമാരെയും ഇതേ സംരംഭത്തിലേക്ക് ഉൾക്കൊള്ളിക്കാൻ ആകും. ജീവിതം എന്നത് രസങ്ങളും അഭിനയങ്ങളും നിറഞ്ഞു നിൽക്കുന്നതാണ്. ഒരു ദിവസം ഒരു മനുഷ്യൻ പലവിധ അഭിനയങ്ങൾ കാഴ്‌ച്ചവച്ചാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യൻ സിനിമയിലെ പ്രഗൽഭരായ അഭിനേതാക്കളെ വരും നാളുകളിൽ അമ്മ സംഘടനയുടെ ഈ സംരംഭത്തിലേക്ക് എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ യാത്രകൾക്ക് മുന്നോടിയായി ഉള്ള ഒരു തുടക്കമാണ് ഇന്നിപ്പോൾ സംജാതമാകുന്നത്. ഒരു കുടുംബം പോലെ പ്രവർത്തിച്ച് അമ്മയുടെ പുതിയ സംരംഭമായ കലാശിൽപശാലകൾ വലിയ വിജയമാക്കി തീർക്കാൻ എല്ലാവരും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു." -മോഹന്‍ലാല്‍ പറഞ്ഞു.