പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി 'ഭ്രമയുഗം' ട്രെയിലർ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഭയപ്പെടുത്തുന്ന, നിഗൂഢതകൾ പേറുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ ഞെട്ടിക്കുന്ന മേക്കോവര്‍ തന്നെയാണ് ട്രെയിലറിന്‍റെ ഹൈലൈറ്റ് (Mammootty starrer Bramayugam).
ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരെയും ട്രെയിലറിൽ കാണാം. നേരത്തെ പുറത്തുവന്ന ഭ്രമയുഗം സിനിമയുടെ കാരക്‌ടർ - ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഗ്ലിംപ്‌സുകളും സമൂഹ മാധ്യമങ്ങളിൽ അടക്കം തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ ട്രെയിലറും പ്രേക്ഷകശ്രദ്ധ ആർജിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
ഷെയിൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഭൂതകാലം' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് 'ഭ്രമയുഗം' സംവിധാനം ചെയ്യുന്നത്. രാഹുൽ സദാശിവന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം എന്ന സവിശേഷത കൂടിയുണ്ട് 'ഭ്രമയുഗ'ത്തിന്.
ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നതും ശ്രദ്ധേയം. ഫെബ്രുവരി 15ന് ഈ ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷർക്കരികിൽ എത്തും. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും റിലീസ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് 'ഭ്രമയുഗം' തിയേറ്ററില്‍ പ്രദർശനത്തിനെത്തുക.
ALSO READ: മമ്മൂട്ടിയുടെ 'ഭ്രമയുഗം' എത്തുക ബ്ലാക്ക് ആൻഡ് വൈറ്റിൽ; ആവേശത്തിൽ ആരാധകർ
ആന്‍റോ ജോസഫിന്‍റെ ആന്‍ മെഗാ മീഡിയയാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്. 'ഭ്രമയുഗ'ത്തിന്‍റെ ഓവര്‍സീസ് ഡിസ്‌ട്രിബ്യൂഷന്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പള്ളിയിലുമായാണ് 'ഭ്രമയുഗ'ത്തിന്‍റെ ഷൂട്ടിംഗ് പ്രധാനമായും നടന്നത്.
പ്രശസ്‌ത എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണനാണ് ഈ ചിത്രത്തിന്‍റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ആണ് സംഗീത സംവിധാനം. തീം ഉൾപ്പടെ ആറ് ട്രാക്കുകളാണ് ഈ സിനിമയിൽ ഉള്ളത്.
പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ഈ ചിത്രത്തിന്‍റെ ഒറിജിനൽ മോഷൻ പിക്‌ചർ സൗണ്ട് ട്രാക്ക് അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. പാണൻ പാട്ടുകളെ ധ്വനിപ്പിക്കുന്ന, നിഗൂഢതകൾ ഒളിപ്പിച്ച് വയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു ഈ പാട്ടുകൾ. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം ത്രസിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന അനുഭവം തിയേറ്ററുകളിൽ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ഷെഹ്‌നാദ് ജലാലാണ് 'ഭ്രമയുഗ'ത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷഫീഖ് മുഹമ്മദ് അലിയാണ്. പ്രൊഡക്ഷൻ ഡിസൈനർ : ജോതിഷ് ശങ്കർ, കലാസംവിധാനം : ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ : ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ് : എം ആർ രാജകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം : മെൽവി ജെ.