പത്തനംതിട്ട : പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു (Script writer Nizam Rawther passes away). 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് പേരിലെ ഭാരതം മാറ്റി 'ഒരു സർക്കാർ ഉത്പന്നം' എന്ന പേരിൽ ചിത്രം വെള്ളിയാഴ്‌ച റിലീസാകാനിരിക്കെയാണ് തിരക്കഥാകൃത്തിന്‍റെ വിയോഗം. പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്‌ടർ ആയിരുന്നു നിസാം.
സക്കറിയയുടെ ഗർഭിണികള്‍, ബോംബെ മിഠായി, റേഡിയോ എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങള്‍. ഡോക്യുമെന്‍ററി രംഗത്തുള്‍പ്പടെ നിസാം റാവുത്തർ സജീവമായിരുന്നു. ഭവാനി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ടി വി കൃഷ്‌ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ സി രഘുനാഥൻ എന്നിവർ നിർമിച്ച് നിസാം റാവുത്തറിന്‍റെ തിരക്കഥയിൽ ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്‌തത്. സുബീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനവും ഇതിനകം പുറത്തിറങ്ങിയിരുന്നു.
പുരുഷ വന്ധ്യംകരണം പ്രമേയമാക്കിയാണ് ഒരു സര്‍ക്കാര്‍ ഉത്‌പന്നം ഒരുക്കിയിരിക്കുന്നത്. പുരുഷ വന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശ വർക്കറായ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യയ്‌ക്ക് വേണ്ടി പ്രദീപനെ വന്ധ്യംകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷുമെല്ലാം അണി നിരക്കുന്നതാണ് ചിത്രം. ഗൗരി ജി കിഷൻ, അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്‍റേതായി പുറത്തുവന്ന ട്രെയിലറും ടീസറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. മുരളി കെ വി രാമന്തളിയാണ് ഈ ചിത്രത്തിന്‍റെ സഹ നിർമാതാവ്. രഘുരാമവർമ്മ ക്രിയേറ്റീവ് പ്രൊഡ്യൂസറും നാഗരാജ് നാനി എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. അൻസർ ഷായാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജിതിൻ ഡികെ എഡിറ്റിംഗും നിർവഹിക്കുന്നു.
അൻവർ അലി, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് അജ്‌മൽ ഹസ്ബുള്ളയാണ്. മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരൻ, സ്റ്റിൽസ് - അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. മാർച്ച് 8ന് ചിത്രം തിയേറ്ററില്‍ എത്തും.