പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രമാണ് 'തലവൻ'. ബിജു മേനോൻ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നാളെ (മെയ് 24) മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. വൻ വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.
രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ജിസ് ജോയ് ചിത്രത്തിന്‍റെ ഇതിവൃത്തം. അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്റ്റുഡിയോസിന്‍റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിച്ച തലവർ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് ഒരുക്കിയ സിനിമയാണിത്.
മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കുന്ന തലവനിൽ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തലവൻ സിനിമയ്‌ക്കായി തിരക്കഥ രചിച്ചത്. ദീപക് ദേവ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ തലവന്‍റെ ഛായാഗ്രാഹകൻ ശരൺ വേലായുധനാണ്. സൂരജ് ഇ എസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാഗർ, അസോസിയേറ്റ് ഡയറക്‌ടർമാർ - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പിആർഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ എന്നിവരാണ് 'തലവൻ' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'പുഷ്‌പ 2' രണ്ടാം ഗാനം വരുന്നു : അനൗൺസ്‌മെന്‍റ് വീഡിയോ പുറത്തുവിട്ട് നിർമാതാക്കൾ