മലയാളത്തിന്‍റെ പ്രിയതാരം ജയറാമിന് ഇന്ന് 60ാം പിറന്നാള്‍. കഴിഞ്ഞ 36 വര്‍ഷമായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. മകന്‍ കാളിദാസിന്‍റെ വിവാഹത്തിന് പിന്നാലെ പിറന്നാളും എത്തിയതോടെ താരകുടുംബത്തില്‍ ഇരട്ടി സന്തോഷമാണ്.
കടന്നു വരുന്ന ഓരോ വയസും ആസ്വദിക്കുന്ന ഒരാളാണ് താനെന്ന് ജയറാം പറയുന്നു. നിലവില്‍ മകന്‍റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിന്‍റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണെന്നും ജയറാം പറയുന്നു. അതേസമയം പാര്‍വതിക്ക് വീണ്ടും താലി ചാര്‍ത്താന്‍ ഒരുങ്ങുകയാണ് ജയറാം.
ഞങ്ങളുടെ കള്‍ച്ചറില്‍ അറുപത് വയസാകുന്ന സമയത്ത് ഒരു താലി കെട്ടണമെന്നുണ്ട്. 70ലും 80 ലും വീണ്ടും താലികെട്ടും. എന്‍റെ സഹോദരിയാണ് താലിയുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചു തന്നെ കെട്ടാമെന്നാണ് പാര്‍വതി പറയുന്നത്. എന്നാല്‍ അറുപത് വയസ് എല്ലാവരും അറിയുമെന്ന് കരുതി ജയറാം സമ്മതിക്കുന്നില്ലെന്ന് പാര്‍വതി തമാശരൂപേണ പറഞ്ഞു.
അതേസമയം ജയറാമിനെ കാണുമ്പോഴൊക്കെ പലപ്പോഴും പല വയസാണ്. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ജയറാമിന് 25 വയസാണ്. പൂരപ്പറമ്പില്‍ പോകുമ്പോഴും ചെണ്ടമേളം കേള്‍ക്കുമ്പോഴും 18 വയസുള്ളൊരു കുട്ടിയാണ്. പക്ഷേ ഒരു ട്രിപ്പ് പോയി ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ കയറിയാല്‍ 70 വയസുളള അപ്പൂപ്പന്‍ ആകുമെന്നും പാര്‍വതി തമാശരൂപേണ പറഞ്ഞു.
1980 കളിൽ കലാഭവന്‍റെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ പത്മരാജൻ അപരിനിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് എത്തുന്നത്.
അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ ഇന്നും നിറഞ്ഞു നില്‍ക്കുന്ന സിനിമകളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ജയറാം ചിത്രങ്ങളായിരുന്നു തൂവല്‍സ്പര്‍ശം, തലയണമന്ത്രം, വചനം,ശുഭയാത്ര, പാവക്കൂത്ത്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, മാലയോഗം, കുറുപ്പിന്‍റെ കണക്ക് പുസ്തകം, സന്ദേശം, പൂക്കാലം വരവായി, മുഖചിത്രം, കൂടിക്കാഴ്ച, കിലുക്കാംപെട്ടി, കേളി, കണ്‍കെട്ട്, കടിഞ്ഞൂല്‍ കല്യാണം, ജോര്‍ജ്ജ് കുട്ടി C/O ജോര്‍ജ്ജുകുട്ടി, എഴുന്നള്ളത്ത്, എന്നും നന്മകള്‍, ഫസ്റ്റ് ബെല്‍, തുടങ്ങിയവ.
സാധാരണക്കാരുമായി എന്നും സാമ്യമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് ജയറാം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക സ്വീകാര്യതയും ഏറെയായിരുന്നു.
മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജയറാം. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലത് മാത്രം. കമലഹാസന്‍റെ കൂടെ അഭിനയിച്ച തെന്നാലി എന്ന ചിത്രം ജയറാമിന്‍റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്‍റെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്.
കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം. ഒരുകാലത്ത് ജയറാം എന്ന പേര് മാത്രം മതിയായിരുന്നു കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകാൻ.
ഇന്നും നമ്മളോരോരുത്തരും സമ്മർ ഇൻ ബെത്‌ലഹേമും, മഴവിൽ കാവടിയും, സന്ദേശവും എല്ലാം വീണ്ടും വീണ്ടും മടുപ്പുകൂടാതെ കാണുന്ന ചിത്രങ്ങളാണ്. ഇനി ആരൊക്കെ വന്നാലും പോയാലും.. എത്ര സിനിമ പരാജയപെട്ടാലും മലയാള സിനിമയിലും സിനിമാപ്രേമികളുടെ മസിലും അങ്ങയുടെ സ്ഥാനം ഒരുപടി മുകളില്‍ തന്നെയാണ്.... ആനപ്രേമി... ചെണ്ട വാദ്യങ്ങളുടെ തമ്പുരാൻ.... ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞുകൊണ്ട് ചിരിപ്പിക്കുകയും ചെയ്യുന്ന നിത്യ ഹരിത നായകന്‍.... പത്മശ്രീ ജയറാമിന് പിറന്നാള്‍ ആശംസകള്‍..
Also Read:വിവാഹത്തിന് മുന്‍പ് ചെറിയൊരു പുഷ് അപ്പ്; കണ്ണനെ കണ്ട് അമ്പരന്ന് പാര്‍വതി- വിവാഹ വീഡിയോ