ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഈ വേളയില്‍ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്‍റെ വാക്കുകള്‍ കേട്ട് നിന്നവരുടെ ഹൃദയം പൊള്ളിച്ചിരുന്നു.
അര്‍ജുനെ കണ്ടെത്തണമെന്ന ദൃഢനിശ്ചയത്തോടെ നാളിത്രയും കര്‍ണാടകയില്‍ തങ്ങിയ മനാഫ് എന്ന മനുഷ്യ സ്‌നേഹിയെ കുറിച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗാനരചയിതാവ് മനു മഞ്ജിത്. മനു മഞ്ജിത്തിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
" 'അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല ഓനെ... തോൽക്കാനുള്ള മനസ്സില്ല എന്തായാലും. ഓനേം കൊണ്ടേ പോവുള്ളൂ. അത് ഞാൻ പറഞ്ഞതേയ്‌നു. ആ വാക്ക് ഞാൻ ഓൻ്റെ അമ്മയ്‌ക്ക് പാലിച്ചു കൊടുത്തിക്ക്‌ണു.'
ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേക്കും എത്രയോ വട്ടം അയാളുടെ തൊണ്ട ഇടറിയിരുന്നു. ചങ്കു പൊട്ടിയാണ് വാക്കുകൾ പലതും പുറത്തു വീണത്. പല മരണ വീടുകളിലും മൃതദേഹം സംസ്‌കരിക്കാൻ എടുത്തു കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേയ്‌ക്കും വീട്ടു വിശേഷങ്ങളിലേക്കും നേരമ്പോക്കുകളിലേക്കും ഒക്കെ മടങ്ങിപ്പോകുന്ന കാഴ്‌ചകൾ പതിവായ ഇക്കാലത്ത് മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ വേണ്ടി ഇങ്ങനെ സമരം ചെയ്‌ത ഒരാൾ... അസാധാരാണമാവണം അയാളുടെ കഴിഞ്ഞ രണ്ടു രണ്ടര മാസക്കാലം.
ഇത്രയും കാലം തൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരുത്തനെയും അനുവദിക്കാതെ രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന ഈ കൂട്ടുകാരന്‍റെ മനസ്സുറപ്പിന് മുൻപിലാവും. ഇങ്ങനെ ഒരുപാട് സുമനസ്സുകളുടെയും ഒരു നാടിൻ്റെയും പ്രാർഥനയോടൊപ്പം അർജുന് ആദരാഞ്ജലികൾ." -മനു മഞ്ജിത് കുറിച്ചു.