മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ റിലീസ് ചെയ്‌തതോടെ കഥ മാറി.
തിയേറ്ററുകളില്‍ എത്തിയതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ചിത്രം ഏറ്റുവാങ്ങിയത്. ഈ വര്‍ഷമാദ്യം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്‌തത്. റിലീസ് ചെയ്‌ത് ഒരു വര്‍ഷം തികയാനൊരുങ്ങുമ്പോള്‍ 'മലൈക്കോട്ടൈ വാലിബന്‍റെ' പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
'മലൈക്കോട്ടൈ വാലിബന്‍റെ' പരാജയം സമ്മാനിച്ച നിരാശ മാറാന്‍ തനിക്ക് മൂന്ന് ആഴ്‌ച്ച വേണ്ടി വന്നു എന്നാണ് ലിജോ ജോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനല്‍ നടത്തിയ ഡയറക്‌ടേഴ്‌സ് റൗണ്ട് ടേബിളിലായിരുന്നു സംവിധായകന്‍റെ തുറന്നു പറച്ചില്‍.
"കുട്ടിക്കാലം മുതല്‍ സിനിമകളില്‍ കണ്ടിട്ടുള്ള ഗംഭീരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ഞാന്‍ ശ്രമിച്ചത്. ബോളിവുഡ് പടങ്ങളില്‍ ബച്ചന്‍ സാറും തമിഴ് സിനിമയില്‍ രജനി സാറുമൊക്കെ സ്‌ക്രീനിലേയ്‌ക്ക് വരുന്നത് പോലൊരു നിമിഷം. വാലിബന്‍റെ പരാജയം എന്നെ നിരാശയിലേയ്‌ക്ക് കൊണ്ടെത്തിച്ചു. ആ നിരാശ മൂന്നാഴ്‌ച്ചയോളം മാത്രമെ നീണ്ടു നിന്നുള്ളു.
പ്രേക്ഷകര്‍ എന്താണോ അവര്‍ കാണണമെന്ന് വിചാരിക്കുന്നത്, അതിനെ മാറ്റി മറിക്കുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. അല്ലാതെ പ്രേക്ഷക പ്രതീക്ഷക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുക അല്ല വേണ്ടത്. എന്‍റെ ശൈലി ഇതാണ്. സിനിമ നിര്‍മ്മിക്കുന്നത് മാത്രമല്ല, സംവിധാനം. എന്ത് കാണണം എന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്." -ലിജോ ജോസ് പറഞ്ഞു.
ഈ അവസരത്തില്‍ 'മലൈക്കോട്ടൈ വാലിബന്‍' റിലീസിന് മുമ്പ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 'മലൈക്കോട്ടൈ വാലിബന്‍' വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്നാണ് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചത്. ഇത് ലിജോ ജോസിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞിരുന്നു.
"ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. മലൈക്കോട്ടൈ വാലിബന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണം ആയിരുന്നു.
കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാല്‍ അതെല്ലാം നാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാവും. എന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചതിന് നന്ദി"-ഇപ്രകാരമായിരുന്നു റിലീസിന് മുമ്പ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
Also Read: ഈ വെല്ലുവിളി ഏറ്റെടുക്കാൻ റെഡിയാണോ? 'വാലിബൻ ചലഞ്ചു'മായി മോഹന്‍ലാല്‍, വീഡിയോ വൈറൽ