സിനിമ എന്നത് കൂട്ടായ പ്രയത്നത്തിന്‍റെ ഫലമാണെന്ന് നമുക്ക് ഏവർക്കും അറിയാം. അഭിനേതാക്കളെയും സംവിധായകനെയും സംഗീത സംവിധായകനെയുമെല്ലാം പലപ്പോഴും വാനോളം വാഴ്‌ത്തുമ്പോള്‍ കലാരൂപത്തിന് മജ്ജയും മാംസവും നൽകിയ ഒരുപാട് മികച്ച കലാകാരന്മാർ അണിയറയിൽ ആരും അറിയപ്പെടാതെ പോകാറുണ്ട്. അത്തരത്തിലൊരു കലാകാരനാണ് മുരുകൻ. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫോളി ആർട്ടിസ്റ്റുകളിൽ ഒരാൾ.
അടുത്തിടെ റിലീസ് ചെയ്‌ത കണ്ണൂർ സ്‌ക്വാഡ്, നടികർ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഫോളി ഒരുക്കിയത് മുരുകൻ ആയിരുന്നു. ഡോക്യുമെന്‍ററി വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഓസ്‌കർ പുരസ്‌കാരം ലഭിച്ച എലിഫന്‍റ് വിസ്‌പർ എന്ന ചിത്രത്തിനും ഫോളി ഒരുക്കിയത് മുരുകനാണ്. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾ പരിചയമില്ലാത്തവർക്ക് മനസിലാകുന്നതിന് വേണ്ടി ഫോളി എന്താണെന്ന് വിശദീകരിക്കാം.
സിനിമയിൽ ഒരു കഥാപാത്രം നടക്കുമ്പോൾ, ഒരു കുതിര ഓടുമ്പോൾ, മഴ പെയ്യുമ്പോൾ, ഗേറ്റ് തുറക്കുമ്പോൾ, ഒരാളെ ഇടിക്കുമ്പോൾ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ അതിന്‍റെയൊക്കെ ശബ്‌ദം കൃത്രിമമായോ അല്ലാതെയോ സൃഷ്‌ടിച്ചെടുക്കുന്നതിനെയാണ് ഫോളി എന്ന് പൊതുവേ പറയപ്പെടുന്നത്. അതായത് സിനിമയ്ക്ക് ആവശ്യമായ സംസാരം ഒഴികെയുള്ള ശബ്‌ദങ്ങൾ സൃഷ്‌ടിച്ചെടുക്കുന്ന മേഖല.
ഇത്തരം ഫോളി കലാകാരൻമാർ സൃഷ്‌ടിച്ചെടുക്കുന്ന ശബ്‌ദങ്ങളെയാണ് ഒരു സൗണ്ട് ഡിസൈനർ സിനിമയ്ക്ക് വേണ്ടി രൂപകൽപ്പന ചെയ്യുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന് ഫോളി ഒരുക്കുമ്പോഴായിരുന്നു അടുത്തിടെ ചെയ്‌ത ചിത്രങ്ങളിൽ ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്. വാഹനങ്ങൾ തല കീഴായി മറിയുന്ന ശബ്‌ദവും കരിയിലകൾക്കിടയിലുള്ള ആക്ഷൻ രംഗങ്ങളും ദിവസങ്ങൾ എടുത്താണ് പൂർത്തിയാക്കിയത്.
വാഹനത്തിന്‍റെ ആക്‌സിഡന്‍റ് രംഗങ്ങൾ ശബ്‌ദത്തിൽ സൃഷ്‌ടിച്ചെടുക്കാൻ ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ പാർട്‌സുകൾ വാങ്ങിക്കൊണ്ടു വന്നായിരുന്നു ശ്രമം നടത്തിയത്. കരിയിലകൾക്കിടയിൽ ഉള്ള ക്ലൈമാക്‌സ് ഫൈറ്റിന് റബ്ബറിന്‍റെ ഉണങ്ങിയ ഇലകൾ ചാക്കുകളിൽ എത്തിച്ചായിരുന്നു ഫോളി ചെയ്‌തത്. 25 വർഷമായി ഇതേ മേഖലയിൽ ജോലി ചെയ്യുന്ന മുരുകൻ തമിഴ്‌നാട് നാഗർകോവിലിന് അടുത്തുള്ള മാർത്താണ്ഡം സ്വദേശിയാണ്.
മുരുകൻ ചേട്ടനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ഇടിവി ഭാരത് ചെന്നെത്തിയത് എറണാകുളത്തുള്ള ലാൽ മീഡിയ സ്റ്റുഡിയോയിലാണ്. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായി റിലീസ് ചെയ്‌ത ഡാൻസ് പാർട്ടി എന്ന ചിത്രത്തിന് ഫോളി ഒരുക്കിയ മാതൃകയും മുരുകൻ ചെയ്‌തു കാട്ടി. ഓസ്‌കാർ പുരസ്‌കാരം നേടിയ ദി എലഫന്‍റ് വിസ്‌പർ എന്ന ഡോക്യുമെന്‍ററി ചിത്രത്തിന് പ്രധാനമായും ആനയുടെ ശബ്‌ദങ്ങളാണ് ഒരുക്കേണ്ടിയിരുന്നത്.
ആനയുടെ കാൽപാദം പതിയുന്ന ശബ്‌ദത്തിന് ആനയുടേത് പോലുള്ള കൃത്രിമ കാൽ നിർമ്മിച്ച് സ്വന്തം കാലിൽ വയ്ച്ചു കെട്ടിയായിരുന്നു ആനയുടെ കാലിന്‍റെ ശബ്‌ദം സൃഷ്‌ടിച്ചെടുത്തത്. മികച്ച ഫോളി വർക്കുകൾ പല ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയിട്ടും ഇതുവരെയും സൂപ്പർതാരങ്ങളുടെയോ സൂപ്പർ സംവിധായകരുടെയോ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ല.
എന്‍റെ ലോകം ഈ ഫോളി സ്റ്റുഡിയോയുടെ ഉള്ളിലാണ്. ഇങ്ങോട്ടേക്ക് അവർക്ക് കയറി വരേണ്ട ആവശ്യമില്ല. ചെയ്തെടുത്ത സൃഷ്‌ടിയുടെ ഗുണനിലവാരത്തിന് അഭിനന്ദനങ്ങൾ ഒരു സൗണ്ട് ഡിസൈനറുടെ കൈയില്‍ നിന്നാകും പലപ്പോഴും ലഭിക്കുക.
ALSO READ: 'സിനിമയെന്ന മോഹത്തോട് വിട പറഞ്ഞത് വേദനയോടെ'; മനസ് തുറന്ന് സതീഷ് സത്യൻ