രാജ്യത്തെ മറ്റൊരു ഇൻഡസ്ട്രികളിലും കാണാത്ത പ്രാകൃതമായ ജോലി സമയമാണ് മലയാള സിനിമയ്‌ക്ക് ഉള്ളതെന്ന തുറന്നു പറച്ചിലുകൾ ചർച്ചയാകുന്നു. ഒരു വിഭാഗം പ്രവർത്തകരുടെ മാത്രം പ്രശ്‌നങ്ങൾ പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന മാധ്യമങ്ങൾ, മലയാള സിനിമയിലെ സാധാരണക്കാരായ തൊഴിലാളികളുടെ തൊഴിൽ സമയങ്ങളെ കുറിച്ച് ചിന്തിക്കാത്തത് എന്തെന്ന്, സിനിമ സാങ്കേതിക പ്രവർത്തകനായ ലെനിൻ വളപ്പാട് ചോദിക്കുന്നു. പരാതി ഉന്നയിച്ചാൽ ഒഴിവാക്കപ്പെടുമെന്നും ലെനിന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ലെനിന്‍റെ പ്രതികരണം.
'മലയാള സിനിമയിലെ 15 മണിക്കൂർ ഷിഫ്റ്റിനെ പറ്റി ആരും പറഞ്ഞു കണ്ടില്ല. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ഒണ്‍പത് മണിവരെയാണ് നോർമൽ ഷിഫ്റ്റ്. അതായത് 15 മണിക്കൂർ പണിയെടുത്താൽ ആണ് ഒരു ഷിഫ്റ്റ് തീരുന്നത്... അതുതന്നെ രാത്രി 10 മണി വരെയൊക്കെ പോയാലും എക്‌സ്‌ട്രാ ഷിഫ്റ്റ് എഴുതാൻ സമ്മതിക്കാറില്ല. (അനുവദിക്കുന്ന പ്രൊഡക്ഷനുകളും ഉണ്ട് കേട്ടോ) സൗത്ത് ഇന്ത്യൻ സിനിമയിലും നോർത്ത് ഇന്ത്യൻ സിനിമയിലും എവിടെയും ഇത്തരത്തിലുള്ള ഒരു പ്രാകൃതമായ, തൊഴിലാളികൾക്ക് കൃത്യമായ വിശ്രമം അനുവദിക്കാത്ത ഒരു ഷിഫ്റ്റ് സമ്പ്രദായം കണ്ടിട്ടില്ല...
മറ്റുള്ള ഇൻഡസ്ട്രികളിൽ ഞായറാഴ്‌ചകളിൽ അവധി നൽകുകയും ഹാഫ് ഷിഫ്റ്റ് ബാറ്റാ അനുവദിച്ച് പോരുകയും ചെയ്യുന്നുണ്ട് എന്നത് നേരിൽ അനുഭവിച്ചതാണ്. അതും പോരാഞ്ഞ് ബില്ലിൽ നിന്ന് ടിഡിഎസ് കട്ടിംഗ് എന്നൊരു സമ്പ്രദായം ഉണ്ട്. ഒട്ടു മിക്ക പ്രൊഡക്ഷനുകളും കട്ട് ചെയ്‌ത് ടിഡിഎസ് കൃത്യമായി അടക്കാറില്ല എന്നുള്ളതാണ് വാസ്‌തവം. സാമ്പത്തിക വർഷാവസാനത്തിൽ ഐറ്റി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴാണ് അത് മനസ്സിലാവുക... നമ്മുടെ കയ്യിൽ നിന്ന് കട്ട് ചെയ്‌ത തുകയുടെ 50 ശതമാനം പോലും ചില പ്രൊഡക്ഷനുകൾ അടക്കാറില്ല. പിച്ച ചട്ടിയിൽ കയ്യിട്ട് വാരുക എന്ന് കേട്ടിട്ടില്ലേ... പ്രത്യക്ഷത്തിൽ അതു തന്നെയാണ് നടക്കുന്നത്.
ഇതുപോലുള്ള തൊഴിലാളി ചൂഷണങ്ങൾക്ക് മെയിന്‍ സ്‌ട്രീം എന്നോ സമാന്തര സിനിമകൾ എന്നോ വ്യത്യാസമില്ല എന്നുള്ളതാണ് യാഥാർഥ്യം. അടുത്തിടെ എന്‍റെ തന്നെ അടുത്തൊരു സുഹൃത്ത് ജിഎസ്‌ടി ബില്‍ റെയ്‌സ് ചെയ്‌തതിന് ശേഷം പ്രൊഡക്ഷൻ അത് അടക്കാത്ത ദുരവസ്ഥ ഉണ്ടാവുകയും, അദ്ദേഹം തന്നെ ഏകദേശം ഒരു ലക്ഷത്തിൽ മുകളിലുള്ള ജിഎസ്‌ടി തുക സ്വന്തം കയ്യിൽ നിന്നെടുത്ത് അടയ്ക്കുകയും ചെയ്യുകയുണ്ടായി... പലപ്പോഴും പാവപ്പെട്ട തൊഴിലാളികൾ ഈ ചൂഷണങ്ങള്‍ക്കെതിരെ സംസാരിക്കാത്തതിന്‍റെ കാരണം സംസാരിക്കുന്നവന്‍റെ അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ്.
ഇനി 15 മണിക്കൂർ ഷിഫ്റ്റിന്‍റെ കാര്യത്തിലേക്ക് വരാം. ചില ദിവസങ്ങളിൽ 19-ഉം 24-ഉം മണിക്കൂർ ഷിഫ്റ്റ് എടുത്തതിന് ശേഷം, അതായത് രാവിലെ ആറ് മുതൽ രാവിലെ രണ്ട് മണി വരെയോ, രാവിലെ ആറ് മണി വരെയോ (ഇത്തരം ഷിഫ്റ്റുകൾക്ക് എക്‌സ്‌ട്രാ ഷിഫ്റ്റ് ബില്ലിൽ എഴുതാം കേട്ടോ) രാവിലെ എട്ട് മണിക്ക് തന്നെ അടുത്ത ഷിഫ്റ്റ് എടുക്കാൻ പറയുന്ന ചില പ്രൊഡക്ഷനുകളും ഉണ്ട്... മലയാള സിനിമ ചുരുക്കത്തിലും നീട്ടിയും പറഞ്ഞാൽ അടിമുടി തൊഴിലാളി വിരുദ്ധം കൂടിയാണ്.. ഈ പറഞ്ഞതിന്‍റെ പേരിൽ എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടാം ഉറപ്പാണ്...
ഈ അവസരത്തിലെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നീട് ഒരു അവസരം ലഭിക്കുകയില്ല.... ഫെഫ്‌ക പോലുള്ള തൊഴിലാളി സംഘടനകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ രഹസ്യ മൊഴികൾ കൂടി ഈ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ രേഖപ്പെടുത്താനും ഉചിതമായ തീരുമാനം എടുക്കാനും തയ്യാറാവണം. മലയാള സിനിമ പച്ച പിടിക്കട്ടെ....
കേൾക്കാൻ എരിവും പുളിയുമുള്ള ലൈംഗിക ചൂഷണങ്ങൾ മാത്രമല്ല ഇൻഡസ്ട്രിയിൽ നടക്കുന്നത്. പക്ഷേ പല മാധ്യമങ്ങളും അത് മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ എന്നുള്ളത് സങ്കടകരമാണ്. ഈ മേഖലയിൽ എല്ലാ മനുഷ്യരും സ്ത്രീ-പുരുഷ ഭേദമെന്യേ പല അനീതികളും നേരിടുന്നുണ്ട്. അതുകൂടി ചർച്ച ചെയ്‌താൽ ഇനി വരുന്നവർക്കെങ്കിലും ഉപകാരപ്രദമായിരിക്കും...' -ലെനിന്‍ വളപ്പാട് കുറിച്ചു.