നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി കഴിഞ്ഞ വര്‍ഷമാണ് വാഹനാപകടത്തില്‍ വിടവാങ്ങിയത്. സ്വന്തമായൊരു വീട് എന്നത് കൊല്ലം സുധിയുടെ സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ പ്രിയ കലാകാരന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യ സ്‌നേഹികള്‍.
ചങ്ങനാശ്ശേരിക്ക് സമീപം മാടപ്പള്ളി പ്ലാന്തോട്ടം ജംഗ്‌ഷനിലാണ് കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയത്. ആംഗ്ലിക്കൻ മിഷനറി ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിലാണ് വീടിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയത്. കേരള ഹോം ഡിസൈൻ ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ച് നൽകിയത്.
1050 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചത്. സുധിലയം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. വീടിന്‍റെ ഗൃഹ പ്രവേശം ചടങ്ങുകൾക്ക് നോബിൾ ഫിലിപ്പ് അമ്പലവേലിൽ മുഖ്യ കർമികത്വം വഹിച്ചു. താക്കോൽ ദാനം കേരള ഹോം ഡിസൈൻ അഡ്‌മിൻ ഫിറോസ് നിർവഹിച്ചു.
ചലച്ചിത്ര മിമിക്രി തരങ്ങളായ കെ.എസ് പ്രസാദ്, കലാഭവൻ പ്രജോദ്, സാജു നവോദയ, അലക്‌സ് തുടങ്ങി ഒട്ടേറെ കലാകാരൻമാരും, ചലച്ചിത്ര അണിയറ പ്രവർത്തകരും, ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, നാട്ടുകാരും ഗൃഹ പ്രവേശ ചടങ്ങിൽ പങ്കെടുത്തു.
2023 ജൂൺ അഞ്ചാം തീയതിയാണ് നടന്‍ വാഹനാപടത്തിൽ മരണമടഞ്ഞത്. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു സുധിയുടെ വിയോഗം. ഇതിനിടെയാണ് ആംഗ്ലീക്കൻ സഭയുടെ മിഷണറി ബിഷപ്പായ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ ഏഴു സെന്‍റ് സ്ഥലം സൗജന്യമായി നൽകിയത്.
കഴിഞ്ഞ ഓഗസ്‌റ്റിലാണ് വീട് നിർമാണം ആരംഭിച്ചത്. കേരള ഹോം ഡിസൈൻ ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പൂർത്തികരിച്ചത്. കൂടാതെ മിമിക്രി കലാകാരന്‍മാരുടെ കൂട്ടായ്‌മയായ MAA (മിമിക്രി ആര്‍ട്ടിസ്‌റ്റ്സ് അസോസിയേഷന്‍) എന്ന സംഘടനയുടെ പിന്തുണയും ലഭിച്ചു. വിവിധ സന്നദ്ധ സംഘടനകളും സഹായ ഹസ്ഥവുമായി എത്തി.