എറണാകുളം : സന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി, സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് കെ സേതു സംവിധാനം ചെയ്യുന്ന കുത്തൂട് മാർച്ച് 22ന് പ്രദർശനത്തിനെത്തും. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഇടിവി ഭാരതിനോട് വിശേഷങ്ങൾ പങ്കുവച്ചു. ഒരു തെയ്യം കലാകാരന്‍റെ ആത്മസംഘർഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അഭിജിത് ഉത്തമൻ, രവി പെരിയാട്, തമ്പാൻ കൊടക്കാട്, നിരോഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വിദേശ മലയാളികളായ നാല് സുഹൃത്തുക്കൾക്ക് കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്തരത്തിൽ ഒരു കലാമൂല്യമുള്ള ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് വഴിയൊരുക്കിയത്.
കെ ടി നായർ, വേണു പാലക്കൽ, കൃഷ്‌ണകുമാർ, വിനോദ് കുമാർ തുടങ്ങിയവർ ചേർന്ന് ഫോർ ഫ്രണ്ട്സ് എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കെണിയെയാണ് കാസർകോടന്‍ മേഖലകളില്‍ കുത്തൂട് എന്ന് പറയുന്നത്. അതിലൊരു മനുഷ്യൻ അകപ്പെട്ടാൽ എത്രത്തോളം ഭയാനകമായിരിക്കുമെന്നുള്ള വസ്‌തുതയാണ് ആശയപരമായി ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
നമ്മുടെ സമൂഹം നേരിടാൻ ഇരിക്കുന്ന ധാരാളം പ്രശ്‌നങ്ങളെ കൃത്യമായി ചിത്രം വരച്ചുകാട്ടുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായേ തീരൂ. കലാമൂല്യമുള്ളതും ജീവിതം സംസാരിക്കുന്നതുമായ ചിത്രങ്ങൾ നമ്മുടെ സിനിമാസംസ്‌കാരത്തിന്‍റെ മുഖമുദ്ര തന്നെയാണെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു.
പൂർണമായും കൊമേഴ്സ്യൽവത്കരിക്കപ്പെട്ട ചിത്രങ്ങൾക്ക് പിന്നാലെ പോകുമ്പോഴും ഇത്തരം ചിത്രങ്ങൾ മലയാള സിനിമയുടെ അടയാളപ്പെടുത്തൽ ആണെന്നുള്ള കാര്യം മറന്നുപോകാൻ പാടില്ലെന്നും അണിയറ പ്രവർത്തകർ വിശദീകരിച്ചു.