മലയാളിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കലാകാരന്മാരിൽ ഒരാളാണ് ഗായകൻ കെ ജി മാർക്കോസ്. 1980കളിലും 90കളിലും മലയാള സിനിമയിൽ ഒരുപിടി സുവർണ ഗാനങ്ങൾ ആലപിച്ച ഗായകൻ, ഗാനമേളകളുടെയും ഭക്തിഗാന ശാഖയുടെയും മുടിചൂടാമന്നൻ, അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കെ ജി മാർക്കോസിന്.
പക്ഷേ, വലിയ ഇടവേളയ്ക്കുശേഷം 'പ്രേമലു' എന്ന ചിത്രത്തിലെ 'തെലങ്കാന ബൊമ്മലു' എന്ന ഗാനം ഇറങ്ങിയപ്പോഴാണ് കെ ജി മാര്‍ക്കോസ് എന്ന ഗായകന്‍റെ പ്രസക്തി ഒരിക്കല്‍ക്കൂടി ജനം തിരിച്ചറിഞ്ഞത്. തന്‍റെ പുത്തൻ വിശേഷങ്ങളും കഴിഞ്ഞുപോയ കാലത്തെ ഓർമകളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് കെ ജി മാർക്കോസ്.
'45 വർഷമായി ഞാൻ ഈ രംഗത്തുണ്ട്', കെ ജി മാർക്കോസ് പറഞ്ഞുതുടങ്ങി. സിനിമയാണ് ജനങ്ങളുടെ അളവുകോൽ എന്ന് പറയുന്നത്. എന്നാൽ ഞാനൊന്ന് ചുവടുമാറ്റി കളിച്ചു. മികച്ച ഗാനങ്ങളുമായി സിനിമയിൽ സജീവമാകാൻ സാധിച്ചില്ല. പാടിയ ഗാനങ്ങൾ എക്കാലവും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്‌ഠ നേടിയിട്ടുമുണ്ട്.
സിനിമയിൽ സജീവം അല്ലെങ്കിലും ഭക്തിഗാനശാഖയിൽ കരിയറിന്‍റെ തുടക്കം മുതൽ ഈ നിമിഷം വരെ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. 1980കളിലും 90കളിലും സിനിമ ഗാനങ്ങൾക്കൊപ്പം തന്നെ സമാന്തര ഗാനശാഖയിലും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും മാറി ആ മേഖലയാണ് പ്രവർത്തനമണ്ഡലം.
1980കളിൽ ഗാനമേളകളിൽ സജീവമായിരുന്നപ്പോൾ ഒരു മാസത്തിൽ 35 ഓളം പരിപാടികൾ വരെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം നാല് പരിപാടി അവതരിപ്പിച്ച അനുഭവം ഒരിക്കലും മറക്കാനാകാത്തതാണ്. 'കന്നിപ്പൂ മാന'മെന്ന സൂപ്പർ ഹിറ്റ് സിനിമാഗാനം പിറന്നതോടെയാണ് ചലച്ചിത്രരംഗത്ത് തിരക്കേറുന്നത്.
പക്ഷേ ജീവിതം പച്ച പിടിക്കുന്നതിനിടെ 1986ൽ ഒരു കാർ അപകടം നടന്നു. ഗൾഫിൽ വച്ചായിരുന്നു അത്. കൂടെയുണ്ടായിരുന്നവരില്‍ മൂന്നുപേർ മരിച്ചു. ഞാൻ അടക്കം രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്. തന്‍റെ നാല് വർഷമാണ് അപകടം കവർന്നെടുത്തതെന്ന് അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ അതിൽ നഷ്‌ടബോധം ഒന്നുമില്ലെന്നും മാർക്കോസ് പറഞ്ഞു. പിന്നീട് ഗോഡ്‌ഫാദർ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം പിന്നണിഗാനരംഗത്തേക്ക് തിരിച്ചുവന്നത്. തുടർന്ന് പിൻഗാമിയിലെയും കാബൂളിവാലയിലെയും ഗാനങ്ങൾ ഹിറ്റായതോടെ തിരികെ നോർമൽ ട്രാക്കിലേക്ക്.
താനൊരു കടുത്ത ദാസേട്ടൻ ആരാധകൻ ആണെന്ന് എല്ലാവർക്കും അറിയാം. 'എന്‍റെ വേഷവും ഭാവവും ഒക്കെ അതിനുദാഹരണമാണ്. ശബ്‌ദവും സാമ്യമുണ്ടെന്ന് ചിലർ പറയും. പക്ഷേ ഞാൻ പാടി ഹിറ്റാക്കിയ പല ഗാനങ്ങളും പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് അത് ദാസേട്ടൻ പാടിയതെന്നാണ്', അതിൽ സങ്കടമില്ലെന്നും കെ ജി മാർക്കോസ് പറയുന്നു.