കീര്‍ത്തിയുടെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്. അടുത്തിടെയാണ് കീര്‍ത്തി സുരേഷ് തന്‍റെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് താരം.
കുടുംബസമേതം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക, അച്ഛന്‍ സുരേഷ് കുമാര്‍, സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്രം സന്ദര്‍ശിച്ചത്. കുടുംബത്തോടൊപ്പമുള്ള താരത്തിന്‍റെ ക്ഷേത്രദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കഴിഞ്ഞ വര്‍ഷവും താരം കുടുംബത്തിനൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്‍റെ ഭക്തയാണെന്ന് കീര്‍ത്തി സുരേഷ് അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ബാല്യകാല സുഹൃത്തും കൊച്ചി സ്വദേശിയും ബിസിനസ്സുകാരനുമാണ് ആന്‍റണി തട്ടില്‍. ഡിസംബറില്‍ ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വച്ചാകും വിവാഹം നടക്കുക. കീര്‍ത്തി പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പരിചിയമാണ്. ആന്‍റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. ഇക്കാര്യം കീര്‍ത്തിയുടെ പിതാവ് സുരേഷ് കുമാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
ആന്‍റണിയുമായി 15 വര്‍ഷമായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ആന്‍റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു താരം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
"15 വര്‍ഷം ഒപ്പം കൗണ്ടിംഗും. അത് എക്കാലവും അങ്ങനെ തന്നെ. ആന്‍റണി x കീര്‍ത്തി." -ഇപ്രകാരമായിരുന്നു കീര്‍ത്തിയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റ്. കീര്‍ത്തിയും ആന്‍റണിയും പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.