തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും ബിസിനസുകാരനായ ആന്‍റണി തട്ടിലും കഴിഞ്ഞ ദിവസമാണ് ഗോവയില്‍ വച്ച് വിവാഹിതരായത്. നീണ്ടകാല പ്രണയത്തിനൊടുവിലാണ് ആന്‍റണി കീര്‍ത്തിക്ക് താലി ചാര്‍ത്തിയത്. തമിഴ് ആചാര പ്രകാരമായിരുന്നു വിവാഹം. നിര്‍മാതാവും നടനുമായ അച്ഛന്‍ സുരേഷ് കുമാറിന്‍റെ മടിയിലിരുന്നാണ് കീര്‍ത്തിയെ ആന്‍റണി താലി ചാര്‍ത്തിയത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ കീര്‍ത്തി തന്നെ തന്‍റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ കീര്‍ത്തിയുടെ ക്രിസ്‌ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തിന്‍റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. താരം തന്നെയാണ് ആരാധകര്‍ക്കായി ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്‍ സുരേഷ് കുമാറിന്‍റെ കൈ പിടിച്ച് തൂവെള്ള ഗൗണില്‍ വിവാഹ വേദിയിലേക്ക് കയറുന്നതും വിവാഹ നിമിഷങ്ങളുമെല്ലാം കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. വരുണ്‍ ധവാന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ താരങ്ങളും സിനിമാ പ്രവര്‍ത്തകരും കീര്‍ത്തിക്കും ആന്‍റണിക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
എഞ്ചിനിയറായ ആന്‍റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസുകാരനാണ്. കേരളം ആസഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടമയാണ് ആന്‍റണി. ഗോവയില്‍ വച്ച് നടന്ന ചടങ്ങില്‍ നടന്‍ വിജയ്, തൃഷ, നാനി നിരവധി പേര്‍ പങ്കെടുത്തിരുന്നു.
പതിനഞ്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇത്രയും കാലം തന്‍റെ പ്രണയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു കീര്‍ത്തി . അടുത്തിടെയാണ് കീര്‍ത്തി സുരേഷ് തന്‍റെ ഭാവി വരനെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. ഒരു കുറിപ്പിനൊപ്പം പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു താരം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വിവാഹത്തിന് മുന്നോടിയായി കീര്‍ത്തി ക്ഷേത്രദര്‍ശനം നടത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കുടുംബസമേതം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു താരം. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി ക്ഷേത്രദര്‍ശനം നടത്തിയത്.
റിവോള്‍വര്‍ റിത ഉള്‍പ്പെടെ രണ്ട് സിനിമകളാണ് തമിഴില്‍ കീര്‍ത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ബേബി ജോണാണാ കീര്‍ത്തിയുടെ പുതിയ ചിത്രം. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. തമിഴില്‍ വിജയ് നായകനായ തെരിയുടെ റീമേക്കാണ് ബേബി ജോണ്‍. ഡിസംബര്‍ 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
മോഹന്‍ലാല്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി പിന്നീട് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചേക്കേറുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിയ്‌ക്ക് ലഭിച്ചിരുന്നു.