നടി കീര്‍ത്തി സുരേഷിന്‍റെ വിവാഹ വാര്‍ത്തയാണിപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമ ലോകത്തിനകത്തും പുറത്തും ചര്‍ച്ചയാവുന്നത്. കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമ്പോള്‍ ഔദ്യോഗിക അറിയിപ്പുമായി നടിയുടെ കുടുംബം.
കീര്‍ത്തി സുരേഷ് ആന്‍റണി തട്ടില്‍ വിവാഹം നവംബര്‍ 25ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നടിയുടെ പിതാവ് സുരേഷ് കുമാര്‍ ഇടിവി ഭാരതിനോട് വ്യക്‌തമാക്കി. കീര്‍ത്തിയുടെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത് മുതല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
തന്‍റെ കാമുകനും വ്യവസായിയുമായ ആന്‍റണി തട്ടിലുമായുള്ള കീര്‍ത്തിയുടെ വിവാഹം ഡിസംബർ 11ന് ഗോവയിൽ വച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീർത്തിയും ആൻ്റണിയും സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളാണെന്നും ആൻ്റണി ദുബൈയിലാണ് താമസിക്കുന്നതെന്നും താരത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
പതിനഞ്ച് വര്‍ഷമായി കീര്‍ത്തിയും ആന്‍റണിയും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹമെന്നാണ് സൂചന. തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹം കൂടിയാണിത്.
മലയാളത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ്, തമിഴിലും തെലുങ്കിലും തിളങ്ങി മുൻനിര താരമായി മാറുകയായിരുന്നു. എന്നാല്‍ വിക്രം പ്രഭുവിനൊപ്പം 'ഇത് എന്നാ മായം' എന്ന തമിഴ് ചിത്രത്തിലൂടെ ബാല്യ താരമായാണ് അഭിനയലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'ഗീതാഞ്ജലി'യിലൂടെയാണ് നായികയായി കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശിവകാർത്തികേയനൊപ്പം 'രജനി മുരുകൻ', 'റെമോ' തുടങ്ങിയ ഹിറ്റുകളിൽ അഭിനയിച്ച താരം പിന്നീട് വിജയ്‌ക്കൊപ്പം 'ഭൈരവ', 'സര്‍ക്കാര്‍', വിശാലിനൊപ്പം 'സണ്ടക്കോഴി 2', രജനികാന്തിനൊപ്പം 'അണ്ണാത്തെ', ഉദയനിധി സ്‌റ്റിലിനൊപ്പം 'മാമന്നന്‍' തുടങ്ങീ ശ്രദ്ധേയമായ ചിത്രങ്ങളിലും അഭിനയിച്ചു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത സാവിത്രിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രം 'മഹാനടി' ആണ് കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായത്. 'മഹാനടി'യിലൂടെ കീര്‍ത്തി നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. 'മഹാനടി'യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു. അതേസമയം 'ബേബി ജോണ്‍' എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും ഇളയമകളാണ് കീര്‍ത്തി സുരേഷ്.