എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.
സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്‌ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്‌ണ്‍ തുടങ്ങി നിരവധി പേര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നലെ (സെപ്‌റ്റംബര്‍ 20) വൈകിട്ടാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്. 12ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തേക്ക് വന്നത്. തോപ്പില്‍ ഭാസിയുടെ 'മൂലധനം' എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം.
ആയിരത്തിലധികം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ്‌യിലാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് നാലാം സ്‌റ്റേജിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സെപ്റ്റംബര്‍ 3ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
Also Read:'മലയാള സിനിമയിലെ തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു'; അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി