കാർത്തിയും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ റിലീസാണ് 'മെയ്യഴകന്‍'. സി പ്രേംകുമാർ സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞ ദിവസമാണ് (സെപ്‌റ്റംബര്‍ 27) തിയേറ്ററുകളില്‍ എത്തിയത്. പ്രദര്‍ശന ദിനത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
'മെയ്യഴകന്‍' റിലീസോടെ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'മെയ്യഴകന്‍റെ' പ്രമോഷനുമായി ബന്ധപ്പെട്ട് ഇടിവി ഭാരത് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾക്ക് അനുവദിച്ച പൊതു അഭിമുഖത്തിൽ സംസാരിച്ച് കാര്‍ത്തിയും അരവിന്ദ് സ്വാമിയും. 'മെയ്യഴകന്‍റെ' വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു ഇരുതാരങ്ങളും.
'മെയ്യഴകന്‍റെ' തിരക്കഥ വായിച്ച് ഇഷ്‌ടപ്പെട്ടതോടെ മറ്റൊന്നും ചിന്തിക്കാതെ സിനിമ പ്രൊഡ്യൂസ് ചെയ്യണമെന്ന് ചേട്ടൻ സൂര്യയോട് ആവശ്യപ്പെട്ടതായി നടൻ കാർത്തി. വിജയ് സേതുപതി നായകനായി എത്തിയ '96' സംവിധാനം ചെയ്‌ത സി പ്രേംകുമാർ ആണ് 'മെയ്യഴകന്‍റെ' സംവിധായകന്‍.
"ആറ് വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം സി പ്രേംകുമാർ സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് 'മെയ്യഴകൻ'. 'മെയ്യഴകൻ' എന്നാൽ കണ്ണിന് അഴകുള്ളവൻ എന്നാണ് അർത്ഥം. കൊവിഡ് കാലത്ത് വെറും ആറ് ദിവസങ്ങൾ കൊണ്ടാണ് പ്രേംകുമാർ സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയത്.
ആറ് വർഷങ്ങൾക്ക് ശേഷം ആറ് ദിവസം കൊണ്ട് എഴുതിയ തിരക്കഥയുമായി പ്രേംകുമാർ എന്നെ കാണാൻ എത്തിയപ്പോൾ വളരെ പ്രതീക്ഷയോടെയാണ് തിരക്കഥ കേട്ടത്. തിരക്കഥ കേട്ട് ഇഷ്‌ടപ്പെട്ട മാത്രയിൽ തന്നെ ചേട്ടൻ സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്‍റര്‍ടെയിന്‍മെന്‍സിനോട് ചിത്രം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.
പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി അരവിന്ദ് സ്വാമിയെ കാസ്‌റ്റ് ചെയ്‌തതോടെ, ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ സിനിമ വലിയ വിജയമാകുമെന്ന് മനസ്സിൽ ഉറപ്പിച്ചു. മികച്ച ആശയങ്ങൾ ചർച്ച ചെയ്യുന്നതിൽ മലയാള സിനിമകൾ എക്കാലവും മുൻപന്തിയിലാണ്. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി മലയാളത്തിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് അസൂയയോടെ ഞങ്ങൾ സംസാരിക്കുമായിരുന്നു.
ഞങ്ങൾക്ക് മലയാളത്തിലെ എഴുത്തുകാരെ പോലെയോ സംവിധായകരെ പോലെയോ ചിന്തിക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത് ലജ്ജിച്ചിരുന്നു. തമിഴ് പ്രേക്ഷകരും മലയാള സിനിമയെ മാതൃകയാക്കാൻ പറയുമ്പോൾ അവർക്ക് മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ സാധിക്കുന്ന ഒരു ചിത്രമാണ് 'മെയ്യഴകൻ'."-കാര്‍ത്തി പറഞ്ഞു.
കാർത്തിക്കൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്ന് അരവിന്ദ് സ്വാമി. വളരെ വ്യത്യസ്‌തമായ തിരക്കഥ ആയതുകൊണ്ടാണ് 'മെയ്യഴകൻ' ചെയ്യാൻ തീരുമാനിച്ചതെന്നും അരവിന്ദ് സ്വാമി പറഞ്ഞു. 'ദേവരാഗം', 'ഡാഡി' തുടങ്ങിയ ചിത്രങ്ങളാണ്, മലയാളി പ്രേക്ഷകര്‍ക്ക് താന്‍ പ്രിയങ്കരനായി മാറിയതെന്നും അരവിന്ദ് സ്വാമി.
"വളരെ വ്യത്യസ്‌തമായ തിരക്കഥ ആയത് കൊണ്ടാണ് മെയ്യഴകൻ എന്ന ചിത്രം ചെയ്യാൻ തീരുമാനിക്കുന്നത്. കാർത്തിയോടൊപ്പം ഉള്ള എക്‌സ്‌പീരിയൻസ് മികച്ചതായിരുന്നു. സജീവമായിരുന്ന ശേഷം ഞാൻ അഭിനയം നിർത്തിയപ്പോഴാണ് കാർത്തി ഇൻഡസ്ട്രിയിലേയ്‌ക്ക് കടന്നു വരുന്നത്.
'പരുത്തിവീരൻ' എന്ന ചിത്രത്തിലെ കാർത്തിയുടെ പ്രകടനം എന്നെ ഏറെ ആകർഷിച്ചതാണ്. സോഷ്യൽ മീഡിയ ഒട്ടും ഉപയോഗിക്കാൻ അറിയാത്ത താൻ അക്കാലത്ത് മക്കളുടെ സഹായത്തോടെ കാർത്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലേക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള മെസേജ് അയച്ചിരുന്നു."-അരവിന്ദ് സ്വാമി പറഞ്ഞു.
അതേസമയം 'പരുത്തിവീരൻ' അഭിനയിക്കുന്ന സമയത്ത് തനിക്ക് ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടായിരുന്നില്ലെന്ന് കാർത്തി വെളിപ്പെടുത്തി. അരവിന്ദ് സ്വാമി അയച്ച മെസേജ് പോയിരിക്കുന്നത് ഏതോ ഫേക്ക് ഐഡിയിലേക്കാണെന്നും ആ ഫേക്ക് ഐഡിയുടെ ഉടമസ്‌ഥൻ ഈ മെസേജ് കണ്ടിട്ടുണ്ടെങ്കിൽ സോഷ്യൽ മീഡിയയിലൂടെ അരവിന്ദ് സ്വാമി അയച്ച മെസേജിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവിടണമെന്നും തമാശരൂപേണ കാർത്തി മറുപടി പറഞ്ഞു. "തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന ഗ്രാമത്തിന്‍റെ ഹൃദയ ഭാഷയിൽ ഒരുക്കിയ മെയ്യഴകൻ" എന്നാണ് കാർത്തി മെയ്യഴകനെ വിശേഷിപ്പിച്ചത്.
"സിനിമയിലെ പല ഭാഷ പ്രയോഗങ്ങളും പുതിയ തലമുറയ്ക്ക് പുതുമ ഉള്ളതായിരിക്കും. തമിഴ്‌നാടിന്‍റെ സംസ്‌കാരത്തെ കുറിച്ച് ധാരണയില്ലാത്ത പുതിയ തലമുറയ്ക്ക് ഒരുപാട് അറിവുകൾ ചിത്രം പകർന്നു നൽകും. എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അരവിന്ദ് സ്വാമി എന്ന നടനെ പരമാവധി ചിത്രം ഉപയോഗിച്ചു.
നമ്മളൊക്കെ കാണുന്ന പോലെ വളരെ സീരിയസായ ഒരു വ്യക്തിയല്ല അരവിന്ദ് സ്വാമി. എപ്പോഴും തമാശകൾ പറഞ്ഞുകൊണ്ടിരിക്കും. എങ്കിലും ഇടപെടുമ്പോൾ സൂക്ഷിക്കണം. അദ്ദേഹത്തോട് ഇടപഴകുമ്പോൾ അബദ്ധത്തിൽ എങ്ങാനും ചെറിയ തെറ്റുകൾ സംഭവിച്ചാൽ ഏത് രീതിയിലാകും അദ്ദേഹം പ്രതികരിക്കുക എന്ന് പറയാൻ ആകില്ല. ചിലപ്പോൾ സെറ്റിലെ അസിസ്‌റ്റന്‍റ് ഡയറക്‌ടർമാരെ കളിയാക്കി കരയിപ്പിക്കുന്ന ഘട്ടത്തിൽ വരെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും അരവിന്ദ് സ്വാമി സെറ്റിൽ ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല."-കാര്‍ത്തി പറഞ്ഞു.
താനും അരവിന്ദ് സ്വാമിയും ഒരുമിച്ച് ഒരു ഫ്രെയിമിൽ ഉൾപ്പെടുന്നതിനെ കുറിച്ചും കാര്‍ത്തി പറഞ്ഞു. "രാത്രിയിൽ അരവിന്ദ് സ്വാമിയുമായി ഭക്ഷണം കഴിക്കാൻ പോകുന്നത് പതിവാണ്. തഞ്ചാവൂരിലെ എല്ലാ ഹോട്ടലുകളും കയറിയിറങ്ങി. സമയം കിട്ടുമ്പോൾ വണ്ടിയെടുത്ത് ദിണ്ടുഗൽ വരെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണ സമയത്ത് ഞങ്ങൾ രണ്ട് പേരും നന്നായി തടിച്ചിട്ടായിരുന്നു. ഒരുമിച്ച് ഒരു ഫ്രെയിമിൽ ഉൾപ്പെട്ടാൽ സ്ക്രീൻ നിറഞ്ഞിരിക്കും. ഞങ്ങളെ വച്ച് ഒരു ലൂസ് ഫ്രെയിം സംവിധായകന് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല."-കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
താന്‍ മലയാള സിനിമകളുടെ ആരാധകനാണെന്നും അരവിന്ദ് സ്വാമി പറഞ്ഞു. "മികച്ച ചിത്രങ്ങൾ ഏറെ ഉണ്ടെങ്കിലും 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം ഏറെ ആകർഷിച്ചു. മമ്മൂട്ടിയുടെ 'ഭ്രമയുഗം' കണ്ടിട്ടില്ല, കാണണം. പക്ഷേ ട്രെയിലർ കണ്ട് ഞെട്ടിയിരിക്കുകയാണ്. 'നൻ പകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ പ്രകടനം മികച്ച ഒരു ഇൻസ്‌പിറേഷൻ ആണ്." -അരവിന്ദ് സ്വാമി പറഞ്ഞു.
മമ്മൂട്ടി കാരണം ദുൽഖർ സൽമാന് പണി കിട്ടിയെന്നും കാർത്തി തമാശരൂപേണ പറഞ്ഞു. മമ്മൂട്ടിയെ കണ്ടാൽ ദുൽഖറിന്‍റെ അച്ഛനാണെന്ന് പറയുകയില്ലെന്നും കാര്‍ത്തി പറഞ്ഞു.