നടി കങ്കണ റണാവത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി' ജൂൺ 14 ന് തിയേറ്ററുകളിലെത്തും ('Emergency' To Release On June 14). റണാവത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും എമര്‍ജൻസിക്കുണ്ട്.
'എമർജൻസി' തന്‍റെ സ്വപ്‌ന പ്രൊജക്‌ടാണെന്നും മണികർണിക ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം താൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ആണെന്നും കങ്കണ പറഞ്ഞു. ഈ ബിഗ് ബജറ്റ് ഗ്രാൻഡ് പിരീഡ് ഡ്രാമയ്ക്കായി മികച്ച ഇന്ത്യൻ, അന്തർദേശീയ പ്രതിഭകൾ ഒത്തുചേരുമെന്നും താരം പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കങ്കണയുടെ ഈ ചിത്രം 2023 നവംബര്‍ 24 നാണ് ആദ്യം റിലീസ് ചെയ്യാനിരുന്നതെങ്കിലും റണാവത്തിന്‍റെ ഷെഡ്യൂളിലെ മാറ്റങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു. സീ സ്‌റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്ന് നിർമ്മിച്ച 'എമർജൻസി' ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ കാഴ്‌ചയുടെ മെഗാ ബജറ്റ് ചിത്രീകരണമായി കണക്കാക്കപ്പെടുന്നുവെന്നും താരം പറഞ്ഞു.
അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പിങ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിതേഷ് ഷായാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.