നടന്‍ ജയറാമിന്‍റെയും പാര്‍വ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാളിദാസിന്‍റെ വിവാഹ വാര്‍ത്തയാണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ചയാവുന്നത്. ഡിസംബര്‍ എട്ടിന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. സുഹൃത്തും മോഡലുമായ താരിണി കലിംഗരായര്‍ ആണ് വധു.
വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീ വെഡ്ഡിംഗ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രീ വെഡ്ഡിംഗ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ചടങ്ങിനിടെ ജയറാം, കാളിദാസ് ജയറാം, താരിണി എന്നിവര്‍ സംസാരിച്ചിരുന്നു.
വളരെ വൈകാരികമായാണ് മകന്‍റെ വിവാഹ വാര്‍ത്തയോട് ജയറാം പ്രതികരിച്ചത്. കാളിദാസിന്‍റെ വിവാഹം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണെന്നാണ് ജയറാം വേദിയില്‍ പറഞ്ഞത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് കാളിദാസ് തന്‍റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
"എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണ് ഇന്ന്. കാളിദാസിന്‍റെ വിവാഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണ്. അത് ഇന്ന് പൂര്‍ണ്ണമാവുകയാണ്. ഷൂട്ടിംഗിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്.
ആ വലിയ കുടുംബത്തില്‍ നിന്നും എന്‍റെ വീട്ടിലേയ്‌ക്ക് മരുമകളായി താരിണി വന്നതില്‍ ദൈവത്തിന്‍റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തീയതി. താരിണി ഞങ്ങളുടെ മരുമകള്‍ അല്ല, മകള്‍ തന്നെയാണ്."-ജയറാം പറഞ്ഞു.
"എന്ത് പറയണം എന്നറിയില്ല. മൊത്തം ബ്ലാങ്കായി ഇരിക്കയാണ്. പൊതുവെ സ്‌റ്റേജില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാന്‍ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോള്‍ എന്താന്ന് അറിയില്ല. അസ്വസ്ഥതയും ഭയവും എല്ലാമുണ്ട്. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം."-കാളിദാസ് ജയറാം പറഞ്ഞു.
2023 നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസിന്‍റെയും താരണിയുടെയും വിവാഹ നിശ്ചയം. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുള്ള താരണി, വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 16-ാം വയസ്സ് മുതല്‍ മോഡലിംഗ് രംഗത്ത് സജീവമാണ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 മത്സരത്തില്‍ മൂന്നാം റണ്ണറപ്പ് ആയിരുന്നു. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിര്‍മ്മാണവും താരണി പഠിച്ചിട്ടുണ്ട്.
ബാലതാരമായാണ് കാളിദാസ് അഭിനയ രംഗത്തെത്തിയത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങള്‍ കാളിദാസ് ചെയ്യുന്നുണ്ട്. കാളുദാസുമായി ഏഴു വയസ്സിന്‍റെ വ്യത്യാസമുണ്ട് താരിണിക്ക്. ചെറുപ്രായത്തില്‍ തന്നെ താരണി അധ്വാനിച്ച് തുടങ്ങി.
അഭിനയം, മോഡലിംഗ്, പരസ്യചിത്രങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് മുകളിലാണ് താരണിയുടെ മൂല്യം എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ആഡംബര ഭവനം, ഓഡി കാര്‍ എന്നിവയെല്ലാം താരണിക്ക് സ്വന്തമായുണ്ട്.
Also Read:കാളിദാസിന്‍റെ കല്യാണമിങ്ങെത്തി; ആദ്യക്ഷണക്കത്ത് നല്‍കി പാര്‍വ്വതിയും ജയറാമും