ചലച്ചിത്ര അക്കാദമി സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് ധാർമ്മിക അവകാശം ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സംവിധായകന്‍ രഞ്ജിത്തും തങ്ങളുടെ സ്ഥാനങ്ങൾ രാജി വയ്ക്കണം എന്നാണ് ബിജെപിയുടെ നിലപാടെന്ന് കെ സുരേന്ദ്രന്‍. കോട്ടയത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇര തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ അടിയന്തരമായി കേസെടുക്കണം. കേസ് രജിസ്‌റ്റർ ചെയ്‌ത് ഇരയുടെയും സാക്ഷിയുടെയും മൊഴിയെടുക്കണം. സ്ത്രീകളോടുള്ള സിപിഎം നിലപാട് ഇതാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഹേമാ കമ്മറ്റി റിപ്പോർട്ട് ആളുകളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ നാടകമാണെന്നാണ് സുരേന്ദ്രന്‍റെ പ്രതികരണം. സർക്കാരിന് തന്നെ അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്‌ടപ്പെട്ടു. മുഖ്യമന്ത്രി സജി ചെറിയാന്‍റെ രാജി എഴുതി വാങ്ങണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
'സിപിഎം സഹയാത്രിക തന്നെയാണ് ഇരയായ നടി. പ്രതികളിൽ പലരെയും സംരക്ഷിക്കാൻ ബാധ്യത സർക്കാരിനുണ്ട്. അതുകൊണ്ടാണ് കോൺക്ലേവ് നടത്താൻ ഒരുങ്ങുന്നത്. ഒരു വശത്ത് സ്ത്രീ സംരക്ഷണം പറയുമ്പോഴും മറു വശത്ത് എതിരെ പ്രവർത്തിക്കുന്നു. വിചിത്രമായ സർക്കാർ ആണ് പിണറായി സർക്കാർ'. -കെ.സുരേന്ദ്രന്‍ പറഞ്ഞു.