ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും പുതിയ റിലീസായ 'ദേവര' ഒടിടിയില്‍ എത്തുന്നു. സെപ്‌റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്. നവംബര്‍ 8 മുതല്‍ 'ദേവര' നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിക്കും.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാകും 'ദേവര' നെറ്റ്‌ഫ്ലിസില്‍ റിലീസിനെത്തുന്നത്. അതേസമയം സിനിമയുടെ ഹിന്ദി പതിപ്പും ഉടന്‍ റിലീസ് ചെയ്യുമെന്ന് നെറ്റ്‌ഫ്ലിക്‌സ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് നെറ്റ്‌ഫ്ലിക്‌സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
"സമയമായി... ടൈഗറെ വാഴ്‌ത്താനുള്ള സമയമാണിത്. നവംബര്‍ 8ന് ദേവര നെറ്റ്‌ഫ്ലിക്‌സില്‍. തെലുഗു, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ദേവരയെ നെറ്റ്‌ഫ്ലിക്‌സില്‍ കാണാം. ഹിന്ദിയിൽ ഉടൻ എത്തും.." -നെറ്റ്‌ഫ്ലിക്‌സ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
'ജനതാ ഗാരേജി'ന് ശേഷം സംവിധായകന്‍ കൊരട്ടല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ചെത്തിയ ചിത്രമാണ് 'ദേവര'. സിനിമയില്‍ ദേവര, വരദ എന്നീ ഇരട്ട വേഷങ്ങളിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ആഗോളതലത്തില്‍ ചിത്രം 500 കോടിയിലധികം രൂപയാണ് കളക്‌ട് ചെയ്‌തത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് റിലീസ് ചെയ്‌തത്. ബോളിവുഡ് താരം ജാന്‍വി കപൂറാണ് ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി എത്തിയത്.
ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഭൈര എന്ന കഥാപാത്രത്തെയാണ് സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിച്ചത്. കൂടാതെ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫാറെര്‍ ഫിലിംസാണ് 'ദേവര'യെ കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.