മലയാളികളെ എക്കാലവും കുടുകുടെ ചിരിപ്പിക്കുന്ന ക്ലാസിക് കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'സിഐഡി മൂസ'. ജോണി ആന്‍റണിയുടെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ഈ സിനിമ അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ചിരിയുടെ തമ്പുരാക്കന്മാരെല്ലാം അണിനിരന്ന, മത്സരിച്ചഭിനയിച്ച 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണവും കുറവല്ല.
മിക്ക അഭിമുഖങ്ങളിലും ജോണി ആന്‍റണിയും നടൻ ദിലീപും നേരിടുന്ന ഒരു പ്രധാന ചോദ്യം കൂടിയാണ് 'സിഐഡി മൂസ 2' എപ്പോൾ വരുമെന്നത്. 'പവി കെയർടേക്കർ' എന്ന ദിലീപിന്‍റെ വരാനിരിക്കുന്ന സിനിമയുടെ പ്രൊമോഷനിലും ഈ ചോദ്യം ഉയർന്നു. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോണി ആന്‍റണിയും പ്രധാന വേഷത്തിലുണ്ട്.
'സിഐഡി മൂസ'യുടെ ചിത്രീകരണ സമയത്ത് താൻ എല്ലാ ദിവസവും സെറ്റിലെത്താറ് 11 മണിക്ക് മാത്രമാണെന്ന ദിലീപിന്‍റെ വാക്കുകളാണ് ചർച്ച 'സിഐഡി മൂസ 2'വിലേക്ക് വഴിതിരിച്ചുവിട്ടത്. താൻ ഏതുസിനിമയുടെ പ്രസ് മീറ്റിന് ചെന്നാലും പലപ്പോഴും അത് 'സിഐഡി മൂസ'യുടെ പ്രൊമോഷൻ വേദിയാണോ എന്ന് തോന്നി പോകാറുണ്ടെന്ന് ജോണി ആന്‍റണി പറഞ്ഞു. 'സിഐഡി മൂസ 2' വരുമെന്നും സംവിധായകൻ ഉറപ്പുനൽകി.
ഇപ്പോൾ അത്യാവശ്യം അഭിനയവുമായി മുന്നോട്ടുപോകുന്നുണ്ട്. ആർക്കും പരാതികൾ ഇല്ല. ഇനി സംവിധാന കുപ്പായം വീണ്ടും അണിഞ്ഞാൽ തന്നെ പഴഞ്ചൻ ആണെന്നൊക്കെ പറയാൻ സാധ്യതയുണ്ടെന്ന് ജോണി ആന്‍റണി തമാശയായി പറഞ്ഞു.
'സംവിധായകനായിരുന്ന സമയത്ത് ഒരു കഥയുമായി നായകന്‍റെ പുറകെ നടക്കുക, നിർമാതാവിനെ കണ്ടെത്തുക, സിനിമയുടെ ചിത്രീകരണത്തിന്‍റെ തലവേദനകൾ തുടങ്ങി ധാരാളം പ്രശ്‌നങ്ങൾ ഉണ്ട്. അഭിനയിക്കുകയാണെങ്കിൽ ഈ സംവിധായകരെല്ലാം ജോണിയുടെ പുറകെ നടക്കും അതുകൊണ്ടാണ് സംവിധാനം ചെയ്യാത്തത്, അഭിനയമാകുമ്പോൾ ഒരു ടെൻഷനും ഇല്ല' - ഈ മറുപടി ദിലീപിന്‍റേതാണ്.
'മൂസ 2 എപ്പോഴും മനസിലുണ്ട്. നന്നായി കഥ എഴുതിവരികയാണെങ്കിൽ തുടങ്ങിയ സമയത്തുള്ള ഊർജത്തോടുകൂടി എല്ലാവരും തനിക്കൊപ്പം നിൽക്കുകയാണെങ്കിൽ തീർച്ചയായും മൂസ 2 ഉണ്ടാകും. ഇനി സിനിമ വരാൻ പോകുമ്പോൾ കേൾക്കാനിരിക്കുന്ന കാര്യവും എനിക്കറിയാം. ഈ സിനിമ വേറെ ആരെങ്കിലും അതായത് പുതിയ സംവിധായകരിൽ ആരെങ്കിലും ചെയ്‌താൽ കുറച്ചുകൂടി നന്നായേനെ.
അങ്ങനെ ഒരു പേരുദോഷം കേൾപ്പിക്കാൻ ഞാൻ ഇട വരത്തില്ല. ഞാൻ കട്ടക്ക് പിടിച്ചുതന്നെ ആദ്യ മൂസയുടെ എനർജിയിൽ സിനിമ ഒരുക്കും. ആർക്കും മൂസയെ വിട്ടുകൊടുക്കില്ല' - ജോണി ആന്‍റണി തറപ്പിച്ചുപറഞ്ഞു. സ്‌കോട്ട്‌ലാൻഡിൽ ആയിരിക്കും മൂസയുടെ ഇൻട്രൊഡക്ഷൻ സോങ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
'ആദ്യഭാഗത്ത് ഉണ്ടായിരുന്ന വിഖ്യാത കലാകാരന്മാർ ഇപ്പോഴില്ല. അതൊരു വലിയ നഷ്‌ടം തന്നെയാണ്. പക്ഷേ ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ പ്രധാന കഥാപാത്രമായ മൂസയും നായയുടെ കഥാപാത്രം ചെയ്‌ത അർജുനും ഉണ്ടെങ്കിൽ സിനിമ നടക്കും. ഇപ്പോഴത്തെ പുതിയ നടന്മാരെ വച്ച് ചില നഷ്‌ടങ്ങളൊക്കെ നികത്താൻ ശ്രമിക്കും. അവസാനം പടം ഇറക്കി കണ്ടിട്ട് ഞാനെന്ന സംവിധായകൻ അപ്ഡേറ്റഡ് അല്ല എന്ന പരാതി മാത്രം പറയരുത്' - ജോണി ആന്‍റണി പറഞ്ഞുനിർത്തി.