ലോസ് ഏഞ്ചൽസ്: ഹോളിവുഡ് ദമ്പതികളായ ബെൻ അഫ്‌ലെക്കും ജെന്നിഫർ ലോപ്പസും പിരിയുന്നു. അമേരിക്കൻ ഗായികയും നടിയുമായ ജെന്നിഫർ ലോപ്പസ് ചൊവ്വാഴ്‌ച വിവാഹമോചനപത്രിക സമർപ്പിച്ചതായി യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ലോസ് ഏഞ്ചൽസ് കോടതിയിലാണ് വിവാഹമോചന പത്രിക സമർപ്പിച്ചത്. ഹോളിവുഡ് ട്രേഡ് ഔട്ട്‌ലെറ്റ് വെറൈറ്റിയും സെലിബ്രിറ്റി ഗോസിപ്പ് വെബ്‌സൈറ്റായ ടിഎംസെഡുമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
പോപ്പ് ഗായികയും അഭിനേത്രിയുമായ ലോപ്പസിൻ്റെ (55) നാലാമത്തെയും, ഓസ്‌കാർ ജേതാവായ ചലച്ചിത്രതാരവും സംവിധായകനുമായ അഫ്‌ലെക്കിൻ്റെ (52) രണ്ടാമത്തെയും വിവാഹമായിരുന്നു ഇത്. "ഗിഗ്ലി" എന്ന സിനിമയുടെ സെറ്റിൽ വെച്ച് 2002 ലാണ് ജെന്നിഫറും അഫ്‌ലെക്കും പ്രണയത്തിലാകുന്നത്. ബെന്നിഫെർ എന്ന വിളിപ്പേരിൽ ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട പ്രണയമായിരുന്നു അത്. വിവാഹനിശ്ചയം പ്രഖ്യാപിച്ചതോടെ ഇരുവരുടെയും ബന്ധം മാധ്യമങ്ങളിൽ സെൻസേഷൻ ആയി. പക്ഷെ വിവാഹം നടന്നില്ല. 2004 ൽ തങ്ങളുടെ ബന്ധം അവസാനിച്ചതായി ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു.
2021 ലാണ് ഇരുവരും തങ്ങളുടെ പ്രണയം വീണ്ടും പൊടി തട്ടിയെടുക്കുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഇരുവരും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നുതുടങ്ങി. “ഇത് മനോഹരമായ ഒരു പ്രണയകഥയാണ്, ഞങ്ങൾക്ക് രണ്ടാമത്തെ അവസരം ലഭിച്ചു,” എന്നായിരുന്നു ലോപ്പസിന്‍റ പ്രതികരണം. 2022 ജൂലൈയിൽ ലാസ് വെഗാസിൽ വെച്ച് ഇരുവരും വിവാഹിതരായി. അഫ്‌ലെക്കിന്‍റെ ജോർജിയയിലെ ആഡംബര വസതിയിൽ വെച്ചായിരുന്നു ആഘോഷം. കഴിഞ്ഞ വർഷം ലോസ് ഏഞ്ചൽസിൽ ഇരുവരും ചേർന്ന് 60 മില്യൺ ഡോളറിൻ്റെ വീട് വാങ്ങിയെന്നും റിപോർട്ടുകൾ വന്നിരുന്നു.
എന്നാൽ കഴിഞ്ഞമാസം ലോപ്പസ് തന്‍റെ 55-ാം ജന്മദിനം ഭർത്താവില്ലാതെ ആഘോഷിച്ചത് ആരാധകർക്കിടയിൽ സംശയങ്ങൾ സൃഷ്‌ടിച്ചു. ഇതിനിടയിൽ അഫ്‌ലെക്ക് ഒരു ആഡംബര ബാച്ചിലർ പാഡിലേക്ക് മാറിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. ഇതിനിടയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്‌തതായി സ്ഥിരീകരിച്ച് റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. എന്തായാലും വിവാഹമോചന വാർത്തകളോട് പ്രതികരിക്കാൻ ഇരുവരുടെയും പ്രതിനിധികൾ തയ്യാറായിട്ടില്ല.