എറണാകുളം : ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ജാസി ഗിഫ്‌റ്റ്. 'ലജ്ജാവതിയെ' എന്നൊരു ഒറ്റ ഗാനം മതി മലയാളികൾക്ക് ജാസി ഗിഫ്‌റ്റിനെക്കുറിച്ച് ഓർക്കാൻ. തന്‍റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അദ്ദേഹം ഇടിവി ഭാരതുമായി പങ്കുവച്ചു.
ഒരിക്കലും സിനിമ സംഗീത ലോകത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നില്ല ഞാൻ. യൂണിവേഴ്‌സിറ്റി കോളജിൽ എംഫിൽ ചെയ്യുന്ന കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന നിരവധി ബാന്‍റുകളുടെ കീബോർഡിസ്റ്റും വോക്കൽ ആർട്ടിസ്റ്റും ആയിരുന്നു. അക്കാലത്ത് ഒരു ടെലിവിഷൻ പ്രൊഡക്ഷന് വേണ്ടി ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കുകയും സംവിധായകൻ ജയരാജ് അതു കേട്ട് സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.
കുഞ്ഞുനാൾ മുതൽ തന്നെ ധാരാളം പാട്ടുകൾ കേൾക്കുന്ന വ്യക്തിയായിരുന്നു താൻ. ലോകത്തെ എല്ലാ ഭാഷയിലുള്ള പാട്ടുകളും അതിർവരമ്പുകൾ ഇല്ലാതെ കേൾക്കുമായിരുന്നു. ഇറ്റാലിയൻ ആൽബം ലബാമ പോലുള്ള ലോകത്തിൽ ഏറ്റവും അധികം പോപ്പുലറായ പാട്ടുകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ലബാമയുടെ വരികളുടെ അർഥം മനസിലാക്കി ഒന്നുമല്ല പാടിയിരുന്നത്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് സംഗീത സംവിധായകനായപ്പോൾ പാട്ടുകളുടെ വരികളെക്കാൾ കൂടുതൽ പ്രാധാന്യം സംഗീതത്തിന് നൽകി.
ജാസി ഗിഫ്റ്റിന്‍റെ പാട്ടുകളുടെ വരികൾ മലയാള സംഗീതത്തിന് യോജിച്ചതല്ല എന്ന അക്കാലത്തെ പല വിമർശനങ്ങളും ചെവിക്കൊണ്ടില്ല. ജനങ്ങൾക്ക് ആസ്വാദ്യകരമാകുന്ന തരത്തിൽ സംഗീതം ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ലജ്ജാവതിയെ അടക്കമുള്ള ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഗാനങ്ങൾ സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലും ഒരുക്കാൻ സാധിച്ചു. അപ്പോൾ മനസിലാക്കാം ആ ഗാനത്തിന്‍റെ സംഗീതത്തിനാണ് പ്രാധാന്യം. ഒരു പാട്ടിന് നല്ലൊരു ട്യൂൺ ഉണ്ടെങ്കിൽ അത് ആസ്വാദ്യകരമാണെങ്കിൽ വരികൾ ജനങ്ങൾ ശ്രദ്ധിക്കില്ല.
പക്ഷേ ട്യൂണിനും വരികൾക്കും ഗാനങ്ങളിൽ തുല്യ പ്രാധാന്യമുണ്ട്. ലജ്ജാവതിയെ എന്ന ഗാനം ശ്രീലങ്കൻ ഭാഷയിൽ ഒരുക്കുന്നതിന് ഒരു സംഘം സമീപിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ നടന്നില്ല. ഫോർ ദ പീപ്പിൾ എന്ന സിനിമക്കൊപ്പം വളർന്ന ഓർമ്മകൾ ഉണ്ട്. എറണാകുളം പനമ്പിള്ളി നഗറിലെ ഡയറക്‌ടർ ജയരാജന്‍റെ ഒരു കെട്ടിടത്തിലാണ് ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആദ്യം ലോഞ്ച് ചെയ്‌തത് നടൻ മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു. പിന്നീട് സിനിമ പുറത്തിറങ്ങി ഗാനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ ഞങ്ങൾ താമസിക്കുന്ന വീടിനു ചുറ്റും ആരാധക വൃന്ദം പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പലരും ഞങ്ങളെ ലോകം മുഴുവൻ സഞ്ചരിച്ച് ഗാനമാലപിക്കാൻ ക്ഷണിച്ചു. ആ സിനിമക്കൊപ്പമുള്ള ഒരു യാത്ര ഉന്നതിയിലേക്ക് ആയിരുന്നു. ജാസി ഗിഫ്റ്റ് ഒരേ ടൈപ്പ് ഗാനങ്ങൾ മാത്രം ചെയ്യുന്ന സംഗീത സംവിധായകനല്ല എന്ന് തെളിയിക്കാൻ സാധിച്ചത് ഡിസംബർ എന്ന ചിത്രത്തിലെ സ്നേഹ തുമ്പി എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പിറവിയോട് കൂടിയാണ്. കരിയറിന്‍റെ 2 മുഖങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ച നിമിഷം. ഏതൊരു സംഗീത സംവിധായകന്‍റെയും സ്വപ്‌നമാണ് യേശുദാസിനെ കൊണ്ട് സ്വന്തം സൃഷ്‌ടിയിലുള്ള ഒരു ഗാനമാലപിക്കണമെന്നുള്ളത്.
സ്നേഹത്തുമ്പി എന്ന ഗാനത്തിലൂടെ ആ സ്വപ്‌നം സഫലമായി. റിലീസ് ചെയ്‌ത് വർഷം എത്ര കഴിഞ്ഞെങ്കിലും പലരുടെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് സ്നേഹ തുമ്പി. എന്‍റെയും. ഒരു സംഗീത സംവിധായകന്‍റെ ഗാനം എല്ലാ ഭാഷയിലും ഹിറ്റായ ചരിത്രം ഒരുപക്ഷേ ജാസി ഗിഫ്റ്റിന് മാത്രം സ്വന്തമാണെന്ന് പറയാം. ചൈന ടൗൺ എന്ന ചിത്രത്തിലെ അരീകേ നിന്നാലും എന്നു തുടങ്ങുന്ന ഗാനം ആദ്യം ചിട്ടപ്പെടുത്തിയത് ഒരു കന്നട ചിത്രത്തിന് വേണ്ടിയായിരുന്നു. പക്ഷേ സിനിമ ആദ്യം റിലീസ് ചെയ്‌തത് ചൈന ടൗൺ ആണെന്ന് മാത്രം.
അക്കാലത്ത് പാട്ടുകളുടെ കോപ്പിറൈറ്റ് പ്രശ്‌നം ഇപ്പോഴത്തെ പോലെ ഉണ്ടായിരുന്നില്ല. ഒരു സംഗീത സംവിധായകന് ട്യൂണുകൾ മറ്റ് ഭാഷയിൽ സുഗമമായി ഉപയോഗിക്കാവുന്ന സാഹചര്യം. ചൈന ടൗൺ റിലീസ് ചെയ്‌ത് പിറ്റേദിവസം തന്നെ കന്നഡ സിനിമയും റിലീസ് ചെയ്യുന്നു. പുകിൽ എന്തെന്നാൽ ഒരേ ട്യൂണിലുള്ള പാട്ടുകൾ രണ്ട് ഭാഷകളിലെ സിനിമകളിൽ ഒരേസമയം ഉപയോഗിച്ചു. വിമർശനങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഈ ഗാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കന്നടയിലെ സിനിമ പ്രവർത്തകർ കന്നട വേർഷനാണ് ആദ്യം ചെയ്‌തതെന്ന് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
പിന്നീട് കാലം മാറി എല്ലാ ഭാഷയിലെ സിനിമയും ഗാനങ്ങളും ഒറിജിനൽ വേർഷനിൽ തന്നെ എല്ലാവരും ആസ്വദിക്കുവാൻ ആരംഭിച്ചു. അതിനുശേഷം ട്യൂൺ ആദ്യം ഈ ഭാഷയിൽ ഇറങ്ങി എന്നൊക്കെയുള്ള സംസാരങ്ങളും അവസാനിച്ചു. പക്ഷേ ആ ഗാനം കന്നഡയിൽ മലയാളത്തിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യത ലഭിച്ചു. മൈൽ സ്റ്റോൺ ആയി മാറി എന്നൊക്കെ വേണമെങ്കിൽ പറയാം. ഗാനത്തിന് ശേഷം ധാരാളം കന്നട ചിത്രങ്ങളിൽ അവസരങ്ങൾ തുറന്നു കിട്ടുകയായിരുന്നു. ശ്രേയ ഘോഷൽ ആയിരുന്നു ആ ഗാനത്തിന്‍റെ കന്നട വേർഷൻ ആലപിച്ചത്.