തെലുഗു സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ടയുടെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട്ടിലേയ്‌ക്ക് ഓടിയപ്പോയ ആന പുതുപ്പളളി സാധു ആണിപ്പോള്‍ താരം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുതുപ്പള്ളി സാധുവെന്ന ആനയെ കണ്ടെത്തി നാട്ടിലെത്തിച്ചു.
തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചലിനൊടുവിൽ ആനയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ആനയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
ഗൗതം തിന്നനൂരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'വിഡി 12'ല്‍ അഭിനയിച്ച് വരികയാണിപ്പോള്‍ വിജയ് ദേവരക്കൊണ്ട. അതുകൊണ്ട് തന്നെ 'വിഡി 12'ന്‍റെ സെറ്റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 മാര്‍ച്ച് 28നാണ് 'വിഡി 12' തിയേറ്ററുകളില്‍ എത്തുക.
കഴിഞ്ഞ ദിവസം അഞ്ച് മണിയോടെയാണ് പുതുപ്പള്ളി സാധു എന്ന ആന, ഭൂതത്താന്‍കെട്ട് വന മേഖലയിലേയ്‌ക്ക് കയറിപ്പോയത്. സിനിമയുടെ ഷൂട്ടിംഗിനായി അഞ്ച് ആനകളെ സെറ്റില്‍ എത്തിച്ചിരുന്നു. ഇതില്‍ ഒരു ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടുകയും, ആനകൾ തമ്മിൽ കൊമ്പുകോർക്കുകയും ചെയ്‌തു.
ഇതോടെ പുതുപ്പള്ളി സാധുവെന്ന ആനയ്‌ക്ക് പരിക്കേൽക്കുകയും വിരണ്ടോടുകയും ചെയ്‌തു. മണികണ്‌ഠൻ എന്ന ആന പുതുപ്പള്ളി സാധുവിനെ രണ്ട് തവണ കുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിനായി എത്തിച്ച മറ്റ് ആനകളെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മാറ്റി.
തുടര്‍ന്ന് റിസർവ് ഫോറസ്‌റ്റിലേയ്‌ക്ക് കയറിപ്പോയ ആനയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും തെരച്ചില്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. രാത്രിയോടെ തിരച്ചിൽ നിർത്തിവച്ച് രാവിലെ സാധുവിനായുള്ള തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ആനയെ കോതമംഗലം വനമേഖലയിൽ വെച്ച് കണ്ടെത്തിയത്.
പാപ്പാന്‍മാർ ഉൾപ്പെടുന്ന സംഘം ആനയ്ക്ക് ഭക്ഷണം നൽകി അനുനയിപ്പിച്ചാണ് കാട്ടിൽ നിന്നും പുറത്തെത്തിച്ചത്. പേര് സൂചിപ്പിക്കുന്ന പോലെ സാധുവാണ് പുതുപ്പളളി സാധു. മണികണ്‌ഠൻ ആനയുടെ അപ്രതീക്ഷിതമായ ആക്രമണത്തെ തുടര്‍ന്നാണ് പുതുപ്പള്ള സാധു കാട് കയറിയത്.