രാജ് ബി ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കന്നഡ ചിത്രമാണ് 'ഗരുഡഗമന ഋഷഭ വാഹന'. രാജ് ബി ഷെട്ടിയും ഋഷഭ് ഷെട്ടിയും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ജനപ്രിയമായിരുന്നു. ചിത്രത്തേക്കാൾ ഒരുപക്ഷേ ചിത്രത്തിലെ 'ചന്ദ്രചൂഢ' എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മ്യൂസിക് ആപ്പുകളിലെ ട്രാക്ക് ലിസ്‌റ്റ് ഭരിച്ചു. ഹിറ്റ് ഗാനത്തിന്‍റെ പിറവിക്ക് പിന്നിലുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് മലയാളിയായ സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ.
കന്നട ചിത്രം 'കഹ'യിലൂടെയാണ് മിഥുൻ മുകുന്ദൻ സിനിമ ലോകത്ത് അരങ്ങേറുന്നത്. മലയാളത്തിൽ മമ്മൂട്ടി ചിത്രം 'റോഷാക്ക്' ദിലീപ് ചിത്രം 'പവി കെയർ ടേക്കർ'. റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം 'ബസൂക്ക' തുടങ്ങിയ സിനിമകൾക്ക് മിഥുൻ മുകുന്ദൻ സംഗീതം നൽകിയിട്ടുണ്ട്.
ചന്ദ്രചൂഡ പിറന്നതിന് പിന്നില്‍
'ചന്ദ്രചൂഡ' എന്ന ഗാനരംഗത്തിൽ ഒരു ചെകുത്താനെ പോലെയാണ് രാജ് ബി ഷെട്ടിയുടെ പ്രകടനം. ശിവ ഭഗവാന്‍റെ റഫറൻസിൽ സിനിമയിലെ ഏറ്റവും സംഘർഷഭരിതമായ രംഗം ഒരുക്കണമെന്ന രാജ് ബി ഷെട്ടിയുടെ നിർദ്ദേശപ്രകാരമാണ് 'ചന്ദ്രചൂഢ' ഗാനം സംഭവിക്കുന്നത്.
സിനിമയുടെ ആദ്യ ചർച്ചയിൽ'ചന്ദ്രചൂഢ'എന്ന വരികളെ പറ്റി ചർച്ചയുണ്ടായിരുന്നില്ല. മറ്റു ഗാനങ്ങളുടെ കമ്പോസിംഗ് നടക്കുന്നതിനിടെ ഒരു രാത്രിയിലാണ് രാജ് ബി ഷെട്ടി 'ചന്ദ്രചൂഢ'എന്ന വിഖ്യാത വരികളെ ഹരി എന്ന കഥാപാത്രത്തിന്‍റെ ട്രാൻസ്ഫർമേഷൻ സീനിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുന്നത്. ഈ ഗാനത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങൾ ഉണ്ട്.
ഒന്ന് വളരെ അഗ്രസീവായ തരത്തിൽ പ്രതിപാദിക്കുന്ന ആശയങ്ങൾ ഉൾപ്പെടുന്ന രംഗങ്ങളാണ് 'ഗരുഡഗമന ഋഷഭ വാഹന' എന്ന ചിത്രത്തിൽ മുഴുവനും.
രണ്ട് സകല മാനുഷിക വൈകാരികതയും കടിഞ്ഞാൻ ഇട്ടു വച്ചിരുന്ന ഒരു മനുഷ്യൻ പെട്ടെന്ന് എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ് തനി സ്വരൂപം പുറത്തുകാട്ടുന്നു. ഈ രണ്ടു ഘടകങ്ങളും ഒരുമിച്ചത്തുന്ന സ്ഥലത്ത് യോജിക്കുന്ന തരത്തിലുള്ള ഒരു ഗാനം ഉൾപ്പെടുത്തി പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഉള്ള അർത്ഥവത്തായ തീരുമാനമാണ് 'ചന്ദ്രചൂഡ'.
സിനിമ കണ്ടവർക്ക് അറിയാം രാജ് ബി ഷെട്ടിയുടെ കഥാപാത്രത്തെ ദ്രോഹിച്ചവരെയെല്ലാം പ്രതികാര ബുദ്ധിയോടെ സമീപിക്കാൻ തീരുമാനിക്കുന്ന ഒരു നിമിഷമുണ്ട് . അവിടെ 'ചന്ദ്രചൂഢ' എന്ന വരികൾ ഉപയോഗിക്കാൻ സംവിധായകനായ രാജ് ബി ഷെട്ടി തീരുമാനം കൃത്യമായിരുന്നു. സിനിമയുടെ ആദ്യ നരേഷനിൽ വളരെ ഇന്റെൻസായ ഒരു സംഗീതം അവിടെ വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരുന്നത് .
മികച്ച വരികള്‍
ഗാനത്തിലെ 'കുരളലി ഭസ്‌മ രുദ്രാക്ഷ' എന്ന വരികൾ സിനിമയിലെ ആ രംഗത്തിന് വളരെയധികം യോജിച്ചിരുന്നു. ഈ വാക്കുകൾ പുരാണത്തിൽ വിഷ്‌ണു ശിവനെ നോക്കി പറയുന്ന വാക്കുകളാണ്. രാജ് ബി ഷെട്ടിയുടെ കഥാപാത്രമായ ഹരി ഋഷഭ് ഷെട്ടിയുടെ കഥാപാത്രമായ ശിവയോട് തന്‍റെ യഥാർത്ഥ സ്വഭാവം വെളിവാക്കുന്ന രംഗം കൂടിയാണിത്. ശിവയുടെ കഥാപാത്രത്തിന് ഹരിയെ പറ്റിയുള്ള മനോഭാവം തീർത്തും മാറുകയും അയാളെ ഭയത്തോടെയും ഭക്തിയോടെയും നോക്കിക്കാണാൻ ആരംഭിക്കുകയും ചെയ്യുന്ന രംഗത്തിന് ഇതിലും മികച്ച ഒരു വരികൾ ലഭിക്കാനില്ല. എത്ര ശ്രമിച്ചാലും പുതുതായി ഒന്ന് എഴുതി ഉണ്ടാക്കാനും സാധിക്കുകയില്ല എന്ന് വ്യക്തമാണ്.
സിനിമ എന്നു പറയുന്നത് ഒരു മാജിക് ആണ്. നമ്മൾ എന്തൊക്കെ കഠിനാധ്വാനം ചെയ്‌താലും എത്രയൊക്കെ മികച്ച കലാ വൈഭവം കാഴ്‌ച വച്ചാലും പ്രേക്ഷകന് അത് സ്വീകാര്യമായി തോന്നണം. അങ്ങനെയൊരു മാജിക് ചിത്രത്തിനും 'ചന്ദ്രചൂഡ' എന്ന ഗാനത്തിനും സംഭവിച്ചു. ഭാഷ ഒരു പ്രശ്‌നമാക്കാതെ ഗാനം ലോകത്തുള്ള മുഴുവൻ സംഗീത ആസ്വാദകരും ഏറ്റെടുത്തു.
ശ്രദ്ധേയമായ ഗാനം
ഒരു സംഗീത സംവിധായകൻ എന്നുള്ള നിലയിൽ തന്നെ ഏറ്റവും സ്വാധീനിച്ച സിനിമ സംവിധായകൻ രാജ് ബി ഷെട്ടി തന്നെയാണ്. സിനിമയുടെ രംഗങ്ങൾ വിശദീകരിച്ച് തരുമ്പോൾ സംഗീതം ഏതുതരത്തിൽ വേണമെന്ന് അദ്ദേഹം ഒരിക്കലും നിർദ്ദേശിക്കാറില്ല. 'ഗരുഡഗമന' എന്ന ചിത്രത്തിലെ സോജു ഗാഥാ എന്ന് തുടങ്ങുന്ന ഗാനവും ജന ശ്രദ്ധേയമാണ്. സോജു ഗാഥാ എന്ന ഗാനത്തിന്‍റെ കമ്പോസിൽ നടക്കുന്ന സമയത്ത് ഒരു രാത്രിയിൽ പിന്നെയും രാജ് ബി ഷെട്ടിയുടെ കാൾ വരുന്നു. ശേഷം ഈ ഗാനത്തിന്‍റെ വരികളുടെ അർത്ഥത്തെ പറ്റി വളരെ വിശദമായി തനിക്ക് പറഞ്ഞു തന്നു. ശേഷം ഇതിനെ എങ്ങനെ സിനിമയിലെ ആ രംഗത്തിൽ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് വിശദീകരിച്ചു. ഹരിയുടെ കഥാപാത്രം കൊലപാതകം ചെയ്‌ത് ചോരയിൽകുളിച്ച് വെറിയോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് സോജുഗാഥ.
മിഥുന്‍ മുകുന്ദന്‍ ആ വരികള്‍ പിറന്നതിനെ കുറിച്ചും സംവിധായകന്‍റെ മികവിനെ കുറിച്ചുമെല്ലാം ഒരിക്കല്‍ കൂടി ആലോചിച്ച് ആ ഗാനത്തിന്‍റെ രണ്ട് വരി പാടാന്‍ തുടങ്ങി..
Also Read:മലയാളത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ ചിത്രം; 'വീരമണികണ്‌ഠന്‍' ഒരുക്കുന്നത് ത്രീഡിയില്‍