തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂട യുവാക്കളെ ഹരം കൊള്ളിച്ച സംവിധായകനാണ് ഗിരീഷ് എഡി. തണ്ണീര്‍ മത്തന് ശേഷം സൂപ്പര്‍ ശരണ്യയും പിന്നീട് രാജ്യമൊട്ടാകെ അംഗീകരിച്ച പ്രേമലുമൊക്കെയായി യുവാക്കളെ കയ്യിലെടുത്തിരിക്കുകയാണ് ഈ സംവിധായകന്‍. ഇപ്പോഴിതാ നസ്ലിൻ പ്രധാന കഥാപാത്രമായി ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് അയാം കാതലൻ. ഇതും ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ പിറന്നതാണ്.
നസ്ലിന്‍ എന്ന നായകന്‍
'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന സിനിമയുടെ ചിത്രീകരണത്തിന് മുൻപ് തന്നെ 'അയാം കാതലൻ' എന്ന ചിത്രത്തിനന്‍റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു. 'പ്രേമലു' എന്ന സിനിമയുടെ റിലീസിന് മുമ്പ് തിയേറ്ററുകളിൽ എത്തേണ്ട ചിത്രം ആയിരുന്നു. 2020 ലാണ് അയാം കാതലൽ എന്ന സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയ ശേഷമുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്.
കോവിഡിനോട് അനുബന്ധിച്ചുള്ള ലോക്ക് ഡൗൺ കാലത്തിലാണ് അയാം കാതലന്‍റെ തിരക്കഥ പൂർത്തിയാകുന്നത്. പ്രൊഡക്ഷൻ സംബന്ധമായ വിഷയങ്ങളിൽ സിനിമയുടെ ചിത്രീകരണം നീണ്ടു പോയതോടെ സൂപ്പർ ശരണ്യ എന്ന സിനിമയുടെ വർക്കുകളിലേക്ക് കടന്നു. സൂപ്പർ ശരണ്യയ്ക്ക് ശേഷമാണ് അയാം കാതലന്‍റെ ചിത്രീകരണം പൂർത്തിയാകുന്നത്. ശേഷം പ്രൊഡക്ഷൻ സംബന്ധമായ വിഷയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ സംഭവിച്ചു. അതോടെ അയാം കാതലന്‍റെ റിലീസിങ് അനിശ്ചിതത്വത്തിൽ ആയി. തുടർന്ന് പ്രേമലു എന്ന സിനിമയുടെ ജോലികളുമായി മുന്നോട്ടു പോവുകയായിരുന്നു. പ്രേമലുവിന്‍റെ റിലീസിങ്ങിനു ശേഷമാണ് പ്രൊഡക്ഷൻ സംബന്ധമായ പ്രശ്‌നങ്ങള്ർ പരിഹരിച്ച് ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ സാധിച്ചത്.
റൊമാന്‍റിക് കോമഡി
റൊമാന്‍റിക് കോമഡി സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു സംവിധായകനാണ് താനെങ്കിലും താൻ ചെയ്‌ത സിനിമകൾ പോലും വെറുതെയിരിക്കുന്ന സമയങ്ങളിൽ കാണാറില്ല. റൊമാന്‍റിക് കോമഡി സിനിമകൾ ഒരിക്കലും ഫിലിം മേക്കർ എന്ന രീതിയിൽ റഫറൻസ് ആയി എടുക്കാറുമില്ല. എപ്പോഴും ഹൊറർ, ഡ്രാമ സിനിമകളോടാണ് തനിക്ക് താല്പര്യം. അത്തരം സിനിമകൾ കാണുന്നു എന്ന് കരുതി ഭാവിയിൽ ഒരു ത്രില്ലർ സിനിമയുടെ അല്ലെങ്കിൽ ഒരു ഹൊറർ സിനിമയുടെ ഭാഗമാകാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
വളരെ ഈസിയായി സാധാരണക്കാരുടെ കഥ പറയാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താൻ. ഇന്ത്യൻ സിനിമകളിലാണ് പൊതുവേ ഒരു സാധാരണക്കാരന്‍റെ കഥ പറയുമ്പോഴും ധാരാളം നിറം പിടിപ്പിച്ച കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാറുള്ളത്. വിദേശ സിനിമകളിൽ ഞാൻ ചെയ്യുന്ന തരത്തിലുള്ള സിനിമകൾ പോലും വളരെ യാഥാസ്ഥിതികമായാണ് കഥപറയാൻ ശ്രമിക്കാറുള്ളത്.
"കമൽ, സത്യൻ അന്തിക്കാട് സിനിമകളിലെ കഥാപാത്രങ്ങളോട് വല്ലാത്ത അഭിനിവേശം ഉണ്ട്. വളരെയധികം നാച്ചുറൽ ആയിട്ടാണ് അവരുടെ സിനിമകളിലെ കഥാപാത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. തന്‍റെ സിനിമകളിലും അത്തരം കഥാപാത്രങ്ങളെ വരച്ചു കാട്ടാനുള്ള ശ്രമമാണ്. ചെകുത്താന്‍റെ സ്വഭാവമുള്ള വില്ലൻ കഥാപാത്രങ്ങളോട് തനിക്ക് താല്പര്യം ഇല്ല. എന്‍റെ കഥയിലെ വില്ലൻ കഥാപാത്രത്തെ പൂർണമായും വില്ലൻ എന്ന് വിശേഷിപ്പിക്കാനും ആകില്ല. നമ്മുടെയൊക്കെ കൂട്ടത്തിൽ സംസാരം കൊണ്ട് വെറുപ്പിക്കുന്ന ചില വ്യക്തികൾ ഉണ്ടാകാറുണ്ടല്ലോ. നാവിൽ വികട സരസ്വതി വിളയാടുന്നവന്‍മാരെയാണ് ഞാനിതുവരെ എന്‍റെ സിനിമകളിൽ നെഗറ്റീവ് കഥാപാത്രങ്ങളായി ആവിഷ്കരിച്ചിട്ടുള്ളത്.
നമ്മുടെ കൂട്ടത്തിലും ഇൻ സെക്യൂരിറ്റിസും കോംപ്ലക്സും ഒക്കെ നിറഞ്ഞ ധാരാളം പേരെ കാണാനാകും. ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നവൻ പ്രതികരിച്ചാൽ അയാൾ കൂട്ടത്തിലെ കരട്. അങ്ങനെ കണ്ടാൽ മതി എന്‍റെ സിനിമകളിലെ വില്ലന്മാരെ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു തിരക്കഥാകൃത്ത് കൂടി ആയതുകൊണ്ട് തന്നെ ജീവിതത്തിലെ ചില സംഭവവികാസങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അപ്പാടെ സിനിമയിൽ പകർത്താറില്ല. അങ്ങനെയുള്ള സംഭവങ്ങൾ ഇൻസ്പിരേഷൻ മാത്രമായി മറ്റൊരു തരത്തിലാവും സിനിമയുടെ സന്ദർഭങ്ങൾ ആവുക. എന്‍റെ സിനിമയിലെ നായകന്മാർ എല്ലാം സാധാരണക്കാരാണ്.
സിനിമയുടെ വിജയം
നമ്മൾ ചുറ്റും നോക്കുമ്പോൾ സിനിമയിലെ പോലുള്ള ഒരു നായകനെ എവിടെയും കാണാനാകില്ല. എല്ലാവരും ഒരു ആവറേജ് മനുഷ്യർ. റിയലിസ്റ്റിക് സിനിമകൾ എന്ന പേരിൽ പുറത്തിറങ്ങുന്ന പല ചിത്രങ്ങളിലും നായകൻ അമാനുഷികനാകും. അത്തരം സിനിമകൾ തന്നെപ്പോലുള്ളവരുടെ ആസ്വാദന നിലവാരത്തിന് യോജ്യമല്ല.
രാജമൗലിയുടെ വിളി
പ്രേമലു എന്ന സിനിമ സംവിധായകൻ രാജമൗലി കണ്ടശേഷം വിളിച്ചിരുന്നു. അവരുടെ പ്രൊഡക്ഷൻ കമ്പനി തന്നെയാണ് ചിത്രം തെലുഗുവിലേക്ക് വിതരണത്തിന് എടുത്തത്. സിനിമയുടെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി ഹൈദരാബാദ് എത്തിയപ്പോൾ സത്യത്തിൽ വിറച്ചു കൊണ്ടാണ് രാജമൗലിയുടെ അടുത്തേക്ക് ചെന്നത്. അദ്ദേഹത്തോട് എന്ത് സംസാരിക്കണം എന്നതിനെ കുറിച്ച് യാതൊരു വ്യക്തതയും ഇല്ലായിരുന്നു. സിനിമ കണ്ട് അദ്ദേഹം വളരെയധികം ചിരിച്ചു എന്നാണ് ആദ്യം അഭിപ്രായപ്പെട്ടത്.
സിനിമയിലെ ചില മിനിമൽ ആയിട്ടുള്ള സംഗതികൾ വരെ അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു. കഥാപാത്രങ്ങളുടെ ചില ആരും ശ്രദ്ധിക്കാത്ത മാനറസങ്ങൾ വരെ രാജമൗലി കണ്ടെത്തി ആസ്വദിച്ചു. അക്കാര്യങ്ങളൊക്കെ തങ്ങളോട് തുറന്നുപറയുകയും ചെയ്‌തു. തെലുഗു ഫിലിം ഇൻഡസ്ട്രിയൽ പ്രേമലു പോലൊരു ചിത്രം ഇതുവരെയും സംഭവിച്ചിട്ടില്ല. ഇതുപോലുള്ള സിനിമകൾ തെലുഗിലും സംഭവിക്കണമെന്ന് രാജമൗലി തന്നോട് പറഞ്ഞിരുന്നു.
അയാം കാതലൻ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ പ്രദർശനം നടക്കുന്നു. നമ്മുടെ നാട്ടിലെ സാധാരണക്കാരനായ ഒരു ഹാക്കറുടെ കഥയാണ് ചിത്രം പറയുന്നത്. ഹാക്കർ എന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ട ഒരു കാര്യമൊന്നുമില്ല. നമ്മുടെ നാട്ടുവരമ്പത്ത് ഒരു ലാപ്ടോപ്പുമായി ഒരു ചെറുപ്പക്കാരന് എന്ത് ചെയ്യാൻ സാധിക്കുമോ അതിനെ രസകരമായി അവതരിപ്പിചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു നാട്ടിൻപുറ ചിത്രം കാണുന്ന ലാഘവത്തോടെ പ്രേക്ഷകർക്ക് അയാം കാതലന് ടിക്കറ്റ് എടുക്കാമെന്ന് ഗിരീഷ് എ ഡി വ്യക്തമാക്കുന്നു.