ടെലിവിഷൻ ഷോകളിലൂടെയും ഇപ്പോൾ ചലച്ചിത്ര നടനായും മലയാളികൾക്ക് സുപരിചിതനാണ് അഖിൽ കവലയൂർ. തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുന്ന ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിൽ അഖിൽ കവലയൂർ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാള സിനിമയിൽ സജീവമാകുന്നതിന് മുൻപേയുള്ള ജീവിത വിശേഷങ്ങൾ ഇടിവി ഭാരതുമായി നർമ്മത്തിൽ ചാലിച്ച് ശ്രീ അഖിൽ കവലയൂർ സംസാരിക്കുന്നു...
സ്‌കൂൾ കോളജ് വിദ്യാഭ്യാസത്തിന് ശേഷം മിമിക്രി ട്രൂപ്പുകളിൽ അവസരം ചോദിച്ചു നടക്കുക എന്നുള്ളതായിരുന്നു പ്രധാന ജോലി. പ്രിയ സുഹൃത്തും ഇപ്പോൾ നടനുമായ നോബി മാർക്കോസ്, അന്തരിച്ച മിമിക്രി താരം അരുൺ ഇവർ രണ്ടുപേരും ആയിരുന്നു ചാൻസ് തേടാൻ ഒപ്പം.
ചെറിയ ചെറിയ വേദികളുടെ ഭാഗമായി. പിന്നീട് ഒരു സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതോടെ തലവരെ തെളിഞ്ഞു. പിന്നീട് ഇപ്പോൾ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരിക്കുന്ന സ്റ്റാർ മാജിക് എന്ന പരിപാടി ജീവിതം മാറ്റിമറിച്ചു എന്ന് വേണമെങ്കിൽ പറയാം.
പരിപാടികളിലൂടെ പ്രശസ്‌തമായ ചില പേരുകൾ ഉണ്ട്, റാം മനോഹര്‍ വേട്ടം പള്ളി, ചിഞ്ചിലക്കോട് ചിത്തരഞ്ജൻ പ്രേക്ഷകർ ഒരു രസത്തോടെ വിളിക്കുന്ന ഇത്തരം പേരുകൾ സ്വന്തം ഭാവനയിൽ നിന്ന് വന്നത് തന്നെയാണ്. പ്രീമിയർ പത്മിനി എന്ന വെബ് സീരീസിലൂടെ വളരെ പ്രശസ്‌തമായ പ്രയോഗം ആയിരുന്നു ഒരു മന്ദാര പിടുത്തം.
ഇപ്പോഴും ചിലർ മദ്യപിക്കുമ്പോൾ ഒരു മന്ദാര പിടുത്തമേ കിട്ടിയുള്ളൂ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ചാൻസ് തേടി നടക്കുന്ന ഒരുനാൾ ഉച്ച ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ സ്ഥിരമായി സിനിമ പോസ്റ്റർ പതിക്കുന്ന ചുവരിൽ സുഹൃത്തായ നോബിയുടെ മുഖമുള്ള സിനിമ പോസ്റ്റർ പതിച്ചിരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം അതേ ചുവരിൽ നോബി അഭിനയിച്ച ചിത്രത്തിന്‍റെ പോസ്റ്റർ പതിച്ചു എന്നത് സ്വപ്‌ന സാക്ഷാത്കരമാണ്. സ്റ്റേജ് മിമിക്രി പരിപാടികൾ ഇക്കാലത്ത് അവതരിപ്പിക്കുക എന്നത് ഏറെ കഷ്‌ടം തന്നെ. പല പരിപാടികളും ആദ്യ കളി കഴിയുമ്പോൾ തന്നെ മൊബൈലിൽ റെക്കോർഡ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലും പോസ്റ്റ് ചെയ്യും.
പിന്നെ മറ്റൊരു വേദിയിൽ ചിരി ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടാണ്. വേദികളിൽ നിന്ന് ഇതുവരെ മോശം അഭിപ്രായം ഒന്നും കിട്ടിയിട്ടില്ല. നല്ല തൊലിക്കട്ടി ഉള്ളത് കൊണ്ടും തിരുവനന്തപുരം ശൈലിയിൽ പറഞ്ഞാൽ എവിടെ ചെന്നാലും നാക്കിട്ടടിച്ചും രക്ഷപ്പെട്ട് പോരും.
ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിൽ ആണെങ്കിലും ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ ആണെങ്കിലും എന്‍റെ സമാന സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാൻ ലഭിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ മികച്ചതാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മറ്റൊരു ശൈലിയിൽ അഭിനയിക്കേണ്ടി വരുമ്പോഴായിരിക്കും അഭിനയത്തിലെ ബുദ്ധിമുട്ടുകൾ ഒരുപക്ഷേ തിരിച്ചറിയുക.