ആ ചിരി മാഞ്ഞുപോയിട്ട് ഇന്നേക്ക് (മാർച്ച് 26) ഒരു വർഷമാകുന്നു. മലയാള സിനിമ ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭ ഇന്നസെന്‍റിന്‍റെ ഓർമകളിലാണ് മലയാളികൾ. ഒരായുസ് മുഴുവൻ ഓർത്ത് ചിരിക്കാനുള്ള കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
നിഷ്‌കളങ്കത എന്നാണ് ഇന്നസെന്‍റ് എന്ന വാക്കിന്‍റെ അർഥം. ആ പേര് അന്വർഥമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതമെന്ന് സഹപ്രവർത്തകർ പലയാവർത്തി പറഞ്ഞുകേട്ടിട്ടുണ്ട്. നിഷ്‌കളങ്കമായ ചിരിയോടെ കാൻസർ എന്ന വില്ലനെ എതിരിട്ട ഇന്നസെന്‍റിനെയാണ് നമുക്ക് പരിചയം. ഏത് പ്രതിസന്ധിയിലും ഹ്യൂമർ മറുമരുന്നാക്കിയ ലെജൻഡ്.
ഇന്നസെന്‍റിന്‍റെ 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്‌തകം വായിച്ചാലറിയാം, ഏത് വമ്പനും ഒന്ന് വിറച്ച് പോകുന്ന കാൻസറിനെ അദ്ദേഹം വരിഞ്ഞുകെട്ടിയതെങ്ങനെയെന്ന്. 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ്' എന്ന് ഉള്ളിലൂറി ചിരിച്ചിട്ടുണ്ടാവണം അന്നെല്ലാം അദ്ദേഹം.
മലയാള സിനിമയുടെ ചരിത്രപുസ്‌തകത്തിൽ ഇന്നച്ചൻ എന്ന ഇന്നസെന്‍റിന് താളുകളേറെയുണ്ടാവും. 600 ഓളം സിനിമകളിലൂടെ നമ്മെ പൊട്ടിച്ചിരിപ്പിച്ചും വേദനിപ്പിച്ചും നീരസപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും ഇന്നച്ചൻ കടന്നുപോയി. ചെയ്‌തുവച്ച കഥാപാത്രങ്ങളൊക്കെയും അദ്ദേഹത്തിന് മാത്രം സാധ്യമായതെന്ന് നമ്മൾ പലകുറി ആവർത്തിച്ചു.
കിട്ടുണ്ണിയും മാന്നാർ മത്തായിച്ചനും ഉണ്ണിത്താനും കെകെ ജോസഫും ഈനാശുവും പണിക്കരും വാര്യരും ഈനാശുവും ശങ്കരൻകുട്ടി മേനോനും അയ്യപ്പൻ നായരും പൊതുവാളും ഇരവികുട്ടൻപിള്ളയും സ്വാമിനാഥനും ബാലഗോപാലനും യഷ്‌വന്ത് സഹായിയും കെ ടി കുറുപ്പും ശേഷാദ്രി അയ്യരുമെല്ലാം നമുക്കേറെ പ്രിയപ്പെട്ടവർ തന്നെ. ഇന്നസെന്‍റിന്‍റെ സംഭാഷണ രീതിയും ഭാവവും എന്തിനേറെ ഓരോ നോട്ടവും മലയാളികള്‍ക്ക് മനഃപാഠമായിരുന്നു.
മലയാളിക്ക് ചിരിയുടെ മറുപേരായി ഇന്നസെന്‍റ് മാറിയ ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്‍റെ എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മകന്‍റെ ജീവിത യാത്ര സിനിമാക്കഥയെപ്പോലും വെല്ലുന്നതായിരുന്നു. അതിൽ കോടമ്പാക്കത്തെ കണ്ണീരും കയ്‌പ്പും നിറഞ്ഞ ഒരുകാലവുമുണ്ട്.
1972ൽ 'നൃത്തശാല' എന്ന ചിത്രത്തിൽ പത്രക്കാരന്‍റെ വേഷം ചെയ്‌താണ് വെള്ളിത്തിരയിലേക്ക് ഇന്നസെന്‍റ് ചുവടുവച്ചത്. എന്നാൽ പിന്നീട് കാര്യമായ അവസരമൊന്നും അയാളെ തേടിയെത്തിയില്ല. ഒടുക്കം തീപ്പെട്ടി കമ്പനിയും ലെതർ ബാഗ് കച്ചവടവും പരീക്ഷിച്ച് നിർമാണ കമ്പനിയിലേക്കെത്തി. അങ്ങനെ 'ഇളക്കങ്ങൾ' എന്ന ചിത്രം സ്വന്തമായി നിർമ്മിച്ചു. അതിൽ കറവക്കാരന്‍റെ വേഷവും ചെയ്‌തു.
ഇന്നസെന്‍റിന്‍റെ കലാജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കഥാപാത്രം. ഒടുവിൽ 1989ൽ 'റാം ജിറാവു സ്‌പീക്കിങ്' ഇറങ്ങിയതോടെ ഇന്നസെന്‍റ് എന്ന പേര് മലയാളികളുടെ മനസിൽ പതിഞ്ഞു. പിന്നീടിങ്ങോട്ട് എത്രയെത്ര സിനിമകൾ, കഥാപാത്രങ്ങൾ!
ഇന്നസെന്‍റ് വേഷമിട്ട ചില പ്രധാന സിനിമകളിതാ: പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, മിമിക്‌സ് പരേഡ്, കടിഞ്ഞൂൽ കല്യാണം, പൂക്കാലം വരവായി, ഉള്ളടക്കം, കനൽക്കാറ്റ്, ഉത്സവമേളം, മക്കൾ മാഹാത്മ്യം, അർജുനൻ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്.
കിലുക്കം, മഴവിൽക്കാവടി, കാബൂളിവാല, ഗോഡ്‌ഫാദർ, റാംജി റാവു സ്‌പീക്കിങ്, മാന്നാർ മത്തായി സ്‌പീക്കിങ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കോട്ടയം കുഞ്ഞച്ചൻ, ദേവാസുരം, കിലുക്കം, മിഥുനം, നമ്പർ 20 മദ്രാസ് മെയൽ, ഡോക്‌ടർ പശുപതി, പൊൻമുട്ടയിടുന്ന താറാവ്, മൈ ഡിയർ മുത്തച്ഛൻ, വിയറ്റ്‌നാം കോളനി.
ശ്രീകൃഷ്‌ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കൻ പത്രോസ്, പവിത്രം, പിൻഗാമി, പൈ ബ്രദേഴ്‌സ്, തൂവൽകൊട്ടാരം, അഴകിയ രാവണൻ, ചന്ദ്രലേഖ, അയാൾ കഥയെഴുതുകയാണ്, ഗജകേസരി യോഗം, സന്ദേശം, കുടുംബ കോടതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കാക്കക്കുയിൽ, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്‌ണൻസ്, വിസ്‌മയം, രാവണപ്രഭു, ഹിറ്റ്‌ലർ, സ്‌നേഹിതൻ, മനസ്സിനക്കരെ, കല്യണരാമൻ, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, വേഷം, ക്രോണിക്ക് ബാച്ചിലർ, തുറുപ്പുഗുലാൻ, രസതന്ത്രം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്‍റ്, ഒരു ഇന്ത്യൻ പ്രണയകഥ...ലിസ്റ്റ് ഇനിയും നീളും.
സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടിയ എത്രയോ കഥാപാത്രങ്ങൾ. ഒടുക്കം ജീവിതവേഷം അഴിച്ചുവച്ച് ഇന്നച്ചൻ യാത്രയായി, മലയാള സിനിമയ്‌ക്കും പ്രേക്ഷകർക്കും തീരാനോവ് സമ്മാനിച്ച്.