തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഏത് മേഖലയിലായാലും നടപടി ആവശ്യമാണെന്ന് ഇന്ദ്രന്‍സ്. കഴിഞ്ഞ ഒരാഴ്‌ചയായി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞു കേള്‍ക്കുന്നുവെന്നും, എന്നാല്‍ അധികമൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.
'ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണ്. പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഏത് മേഖലയിലായാലും നടപടി ആവശ്യമാണ്. ഞങ്ങളുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. പരാതികളുണ്ടെങ്കില്‍ അതു പരിശോധിക്കപ്പെടണം. ഇന്‍ഡസ്ട്രിക്ക് ഇതുകൊണ്ട് ദോഷമൊന്നും വരില്ല. സര്‍ക്കാര്‍ വേണ്ട പോലെ ചെയ്യുമല്ലോ. -ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാള്‍ നടി ഉയര്‍ത്തിയ ആരോപണത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു. നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പറഞ്ഞാല്‍ ചര്‍ച്ചയാകും. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്നാണ് വിഷയത്തില്‍ ഇന്ദ്രന്‍സ് പ്രതികരിച്ചത്.
താന്‍ കതകില്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. എനിക്കൊന്നും അറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ എന്തെങ്കിലും പറയണമല്ലോ. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. അതുകൊണ്ടാണ് പ്രതികരിച്ചതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഏഴാം തരം തുല്യത പരീക്ഷ എഴുതാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.