എറണാകുളം: നല്ല സിനിമകൾ തുടർച്ചയായി ചെയ്യാൻ ആഗ്രഹമുള്ള നടനാണ് താനെന്ന് ഇന്ദ്രജിത്ത് സുകുമാരൻ. പക്ഷേ മികച്ച കഥാപാത്രങ്ങൾക്കായുള്ള തിരഞ്ഞെടുക്കൽ പ്രക്രിയ പോലും തന്നെ തേടിവരുന്ന ചുരുക്കം ചില കഥകളിൽ നിന്ന് മാത്രമേ സാധ്യമാവുകയുള്ളൂ.
കഴിഞ്ഞ കുറച്ചു നാളുകളായി താൻ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു ഇടവേളയിലാണ്. കഴിഞ്ഞ കുറച്ചുനാളുകളായി താൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ റിലീസ് ആയിട്ടില്ല. തുടർന്ന് തനിക്ക് വരുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തും. ഒരു അഭിനേതാവ് എന്നുള്ള നിലയിൽ സ്വയം പരീക്ഷിക്കപ്പെടുന്ന കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള യാത്രയിലാണ്.
ഇടക്കാലത്ത് പൃഥ്വിരാജ് പ്രസ്‌താവിച്ചിരുന്നു ആടുജീവിതം പോലൊരു സിനിമ ഇനി താൻ ചെയ്യില്ലെന്ന്. അതിനർത്ഥം സിനിമ മോശമായതല്ല. ആ ചിത്രത്തിനായി പൃഥ്വിരാജ് തന്നെ ശാരീരിക അവസ്ഥ കണ്ടാൽ ഭയപ്പെടുത്തുന്ന രീതിയിൽ മാറ്റിയെടുത്തിരുന്നു. ദിവസവും 800 കലോറിയിലാണ് അയാൾ ജീവിച്ചു കൊണ്ടിരുന്നത്. അത് അനാരോഗ്യമാണ്. രണ്ടോ മൂന്നോ മാസങ്ങൾ ഇതേ അവസ്ഥയിൽ തുടരുക മനക്കട്ടി ഒന്നുകൊണ്ടുമാത്രം സംഭവിച്ചതാണ്.
ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യുന്നത് കൂടുതൽ അപകടത്തിലേക്ക് നയിക്കും. ജീവൻ വരെ അപകടത്തിൽ ആകാവുന്ന തരത്തിലേക്ക് ബോഡി ട്രാൻസ്‌ഫർമേഷൻ നടത്തിയ കാരണം കൊണ്ടാണ് പ്രിഥ്വിയുടെ അത്തരത്തിലുള്ള ഒരു സ്റ്റേറ്റ്‌മെന്‍റ് പുറത്തുവന്നത്. കരിയറിന്‍റെ ഏതൊരു കാലഘട്ടത്തിലും ഏതൊരു നടനും പൃഥ്വിരാജിന് ലഭിച്ച പോലൊരു കഥാപാത്രം ലഭിക്കുകയാണെങ്കിൽ തീർച്ചയായും എന്തിനും മുതിരം.
പൃഥ്വിരാജിന്‍റെ കരിയറിലെ നാഴികക്കല്ലാവും ആടുജീവിതം. ഒരു നടനെന്നുള്ള രീതിയിൽ തന്നെ മലയാള സിനിമ ഉപയോഗപ്പെടുത്തിയില്ല എന്നൊക്കെ പറയുന്നതിനോട് യോജിക്കാൻ ആകില്ല. കാലാകാലങ്ങളിൽ തന്നിലെ നടനെ പല സംവിധായകരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എനിക്ക് പറ്റുന്ന രീതിയിൽ ഒക്കെ ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങൾ ആയാലും ഹ്യൂമർ കഥാപാത്രങ്ങൾ ആയാലും എന്‍റെ എഫർട്ട് മാക്‌സിമം ആയിരുന്നു.
സിനിമകൾ ഭംഗിയാക്കാൻ ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ തന്നെ ശ്രമങ്ങൾ വളരെ വലുതായിരുന്നു എന്ന് വിശ്വസിക്കുന്നു. ഒരു അഭിനേതാവായി കണക്കാക്കിയാൽ കരിയറിന്‍റെ തുടക്കകാലം മുതൽ ഇതുവരെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ ഭാഗമാകാൻ തനിക്ക് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കരിയറിന്‍റെ തുടക്കമായിരുന്നു മീശമാധവനിലെ ഈപ്പൻ പാപ്പച്ചി.
ലൂസിഫർ, ക്ലാസ്മേറ്റ്സ്, ചാന്തുപൊട്ട്, അമർ അക്ബർ അന്തോണി അങ്ങനെ എല്ലാ വിജയ ചിത്രങ്ങളുടെയും പ്രധാന ഘടകങ്ങളിൽ ഒന്ന് തന്‍റെ കഥാപാത്രങ്ങൾ ആയിരുന്നു. അതൊരു അനുഗ്രഹമാണ്. ഒന്നിനോടും പരാതി പറയാൻ ഞാൻ ആളല്ല. പരാതി പറയുന്നതിന് പകരം ഇനി ധാരാളം സമയം മുന്നിലുണ്ട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്കും നൽകിയാൽ മതിയാകുമല്ലോ. ഞാൻ എവിടെയും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട്.
മലയാള സിനിമയുടെ പ്രതിസന്ധികളെ കുറിച്ച് ആധികാരികമായി പറയാൻ ആകില്ല. അന്യഭാഷ സിനിമകൾക്ക് തിയേറ്ററുകൾ നൽകുന്ന വരവേൽപ്പ് സാധാരണ മലയാള സിനിമകളെ ബാധിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ സിനിമകൾ കടന്നു വരുമ്പോൾ ചെറിയ ചിത്രങ്ങൾ ആ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകും. അതിന് മലയാള സിനിമ സംഘടനകൾ ഒരു ശാശ്വത പരിഹാരം കൊണ്ടുവന്നേ മതിയാകൂ.
എല്ലാ ആഴ്‌ചയും നാലും അഞ്ചും ചിത്രങ്ങൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്. സിനിമകളിൽ കുറവൊന്നുമില്ല. പരാജയങ്ങളുടെ എണ്ണം കൂടുന്നതിന് ഒരുപക്ഷേ ഇത്തരം റിലീസുകളുടെ എണ്ണം വർധിക്കുന്നത് കാരണമാകാം. പക്ഷേ ഒരു മോശം ചിത്രം തിയേറ്റർ പരാജയപ്പെടുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല. പുറത്തിറങ്ങാൻ ഇരിക്കുന്ന മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്ത്.