നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. ആലുവയിലെ നടി നൽകിയ പരാതിയിൽ നോർത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്‌റ്റ്.
കൊച്ചിയിൽ എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇടവേള ബാബുവിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം ഒരു മണിയോടു കൂടിയായിരുന്നു നടന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം നൽകിയത്.
എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ഇടവേള ബാബു താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായിരിക്കെ തനിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്നാണ് ആലുവയിലെ നടിയുടെ പരാതി. അമ്മയില്‍ അംഗത്വം നേടാനായി നടിയെ ഫ്ലാറ്റിലേയ്‌ക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് കേസ്. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: ലൈംഗികാതിക്രമ കേസില്‍ മുകേഷ് അറസ്‌റ്റില്‍; ജാമ്യത്തില്‍ വിട്ടു - Mukesh arrested