ഹൈദരാബാദ് : തെന്നിന്ത്യൻ സിനിമാപ്രേമികൾക്കും ഏറെ ഇഷ്‌ടമുള്ള നടിയാണ് ബോളിവുഡിൽ നിന്നുള്ള മൃണാൾ താക്കൂർ. 'ഫാമിലി സ്റ്റാർ' എന്ന തെലുഗു ചിത്രവുമായാണ് താരം അടുത്തതായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഏപ്രിൽ 5 ന് 'ഫാമിലി സ്റ്റാർ' തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെയുള്ള മൃണാളിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'ഭാഗ്യനടി' എന്ന് തന്നെ വിളിക്കുന്നതിലായിരുന്നു താരത്തിന്‍റെ പ്രതികരണം. തന്നെ 'ലക്കി ചാം' എന്ന് വിളിക്കുന്നത് ഇഷ്‌ടമല്ലെന്ന് മൃണാൾ താക്കൂർ വ്യക്തമാക്കി. ആ ടാഗ് താത്കാലികം മാത്രമാണെന്നും താൻ ആഗ്രഹിച്ചും പ്രയത്നിച്ചുമാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നതെന്നും മൃണാൾ പറഞ്ഞു. 'ആ വിശേഷണം താത്കാലികമാണ്, എനിക്കത് ഇഷ്‌ടമല്ല. സിനിമകളിൽ അഭിനയിക്കുക എന്നത് എന്‍റെ ജോലി മാത്രമല്ല, എന്‍റെ അഭിനിവേശം കൂടിയാണ്' - മൃണാൾ വ്യക്തമാക്കി.
'കുട്ടിയായിരുന്നപ്പോൾ രാജകുമാരി ആകണമെന്നായിരുന്നു ആഗ്രഹം. സീതാരാമത്തിലെ വേഷം കിട്ടിയപ്പോൾ ജീവിതകാലം മുഴുവൻ അതിനായി തയ്യാറെടുത്തതുപോലെയാണ് എനിക്ക് തോന്നിയത്'. കഥയുടെ പ്രാധാന്യം കണക്കിലെടുത്താണ് താൻ വേഷങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും മൃണാൾ പറഞ്ഞു. മൃണാൾ എന്നതിലുപരി തന്‍റെ കഥാപാത്രങ്ങളിലൂടെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. സിനിമയുടെ ആഖ്യാനത്തിൽ നിർണായക പങ്ക് വഹിക്കുന്നതാകണം തന്‍റെ കഥാപാത്രമെന്നും അത്തരം ചിത്രങ്ങളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
അതേസമയം വിജയ് ദേവരകൊണ്ടയാണ് 'ഫാമിലി സ്റ്റാറി'ൽ നായകനായി എത്തുന്നത്. വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഇതാദ്യമായാണ് ഒരു സിനിമയ്‌ക്കായി ഒന്നിക്കുന്നത്. പരശുറാം പെറ്റ്‌ലയാണ് ആക്ഷൻ പശ്ചാത്തലത്തിൽ, കുടുംബ ചിത്രമായി ഒരുക്കിയ ഈ സിനിമയുടെ സംവിധായകൻ. തിയേറ്ററുകളിൽ വിജയമായ 'ഗീതാഗോവിന്ദ'ത്തിന് (2018) ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഫാമിലി സ്റ്റാർ'.
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവാണ് വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ സിനിമയുടെ നിർമാണം. മലയാളിയായ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് മാർത്താണ്ഡം കെ വെങ്കിടേഷും നിർവഹിച്ചിരിക്കുന്നു. സംവിധായകൻ പരശുറാം തന്നെയാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചതും. ഗോപി സുന്ദറാണ് സംഗീത സംവിധാനം. നേരത്തെ, പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.