ദുബായിൽ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഏഴുദശകത്തിനിടയിൽ പ്രദേശത്ത് പെയ്‌ത ഏറ്റവും വലിയ മഴ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ദുബായിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി എത്തിരിക്കുകയാണ് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും ടോവിനോയും.
എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. 'ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ...' മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.
ഗൾഫ് ജനതയ്‌ക്ക് ദുരിതപ്പെയ്‌ത്തിൽ നിന്നും കരകയറാനാകാട്ടെ എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. 'മരുഭൂമിയിൽ സ്വപ്‌ന നഗരികൾ പടുത്തുയർത്തിയ അതേ ആർജ്ജവത്തോടെ ഈ ദുരിതപെയ്‌തിൽ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ നമ്മുടെ സഹോദരർ ഉൾപ്പടെയുള്ള ഗൾഫ് ജനതയ്‌ക്ക് സാധിക്കട്ടെ'- ടോവിനോ തോമസ് കുറിച്ചു.
ഒമാനിൽ പേമാരിയിലും പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യപിച്ചിരുന്നു. ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഓൺലൈനായാണ്. കൂടാതെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതി ഉപയോഗപ്പെടുത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ALSO READ: കനത്ത മഴ; കൊച്ചിയില്‍ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 5 വിമാനങ്ങൾ റദ്ദാക്കി