തിരുവനന്തപുരം: ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വീ ഇമേജിൻ അസ് ലൈറ്റ്' സിനിമയില്‍ അഭിനയിച്ച താരങ്ങളെ മുഖ്യമന്ത്രി അനുമോദിച്ചു. കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ അഭിമാന ചിത്രമായിരുന്നു ഓൾ വീ ഇമേജിൻ അസ് ലൈറ്റ്.
പ്രധാന താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ തുടങ്ങിയവരെയാണ് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ മുഖ്യമന്ത്രി അനുമോദിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ താരങ്ങളെ അനുമോദിക്കാനുള്ള ചടങ്ങ് കുവൈറ്റ് ദുരന്തത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ശേഷമാണ് ചടങ്ങ് ലളിതമായി നടത്താൻ തീരുമാനിച്ചത്.
പായൽ കപാടിയ സംവിധാനം ചെയ്‌ത ചിത്രം കാന്‍ ചലച്ചിത്ര വേദിയിൽ എല്ലാ മത്സര വിഭാഗങ്ങളിലും പ്രദർശിപ്പിച്ചെത്തി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ്. ഇതിനുമുമ്പ് ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത സ്വം എന്ന ചിത്രമായിരുന്നു കാൻ ചലച്ചിത്ര വേദിയിൽ എല്ലാ മത്സര വിഭാഗത്തിലും പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രം.
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചുവെന്ന് മുഖ്യമന്ത്രി പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുവൈത്ത് തീപിടിത്ത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു.