'പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്‍റെ
പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്
നോവുകൾ മാറാല മൂടും മനസ്സിന്‍റെ
മച്ചിലെ ശ്രീദേവിയായി...'
മലയാളികൾ എക്കാലവും ഓർമിക്കുന്ന, ഗൃഹാതുരതയുടെ ലാളിത്യം തുളുമ്പുന്ന, കവിത വഴിയുന്ന ഗാനങ്ങൾ സമ്മാനിച്ച ആ തൂലിക നിലച്ചിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു. അതെ ഗിരീഷ് പുത്തഞ്ചേരി എന്ന ലെജന്‍ഡിന്‍റെ ഓർമദിനമാണിന്ന്. അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത കവി, ഒരു ജനതയുടെയാകെ പിൻവിളി കേൾക്കാതെ അയാൾ പടിവാതിലും കടന്ന് മാഞ്ഞുപോയി (Gireesh Puthenchery 14th death anniversary).
പക്ഷേ കലാകാരന്മാർക്ക് മരണമില്ലെന്നാണല്ലോ. ഭൗതികരൂപം വിട്ടു പിരിഞ്ഞെങ്കിലും ഗിരീഷ് പുത്തഞ്ചേരി സമ്മാനിച്ച കാവ്യസുഗന്ധം ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. പുത്തഞ്ചേരിയെ ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആർത്തിരമ്പി വരുന്ന പാട്ടുകൾ എത്രയോ ആണ്.
ഓരോരുത്തരും പലവിധമാകും ഗിരീഷ് പുത്തഞ്ചേരിയെയും അദ്ദേഹത്തിന്‍റെ പാട്ടുകളെയും ഓർക്കുക. പ്രണയം, വിരഹം, വേദന, ഭക്തി, സന്തോഷം എന്നിങ്ങനെ മനുഷ്യവികാരങ്ങളെയെല്ലാം തന്‍റെ കവിതകളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഗിരീഷ് പുത്തഞ്ചേരിയെ ഏവർക്കും പ്രിയപ്പെട്ടതാക്കുന്നത്.
'സമ്മർ ഇൻ ബത്‍ലഹേമി'ലെ പ്രണയം തുളുമ്പുന്ന 'എത്രയോ ജന്മമായി...', 'ആറാം തമ്പുരാനി'ലെ 'ഹരിമുരളീരവം...', 'രണ്ടാംഭാവ'ത്തിലെ 'മറന്നിട്ടുമെന്തിനോ...', 'ബാലേട്ട'നിലെ 'ഇന്നലെ എന്‍റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ...', 'നന്ദന'ത്തിലെ 'കാർമുകിൽ വർണന്‍റെ ചുണ്ടിൽ...' അങ്ങനെ എത്രയെത്ര ഗാനങ്ങൾ.
മലയാള സിനിമയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ കാലത്ത് തന്നെ എത്രയോ ഗാനരചയിതാക്കൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും പുത്തഞ്ചേരിയ്‌ക്ക് പിന്നാലെ മലയാളികൾ പോയതെന്തുകൊണ്ടാവും. ആർക്കും മനസിലാവുന്ന എഴുത്ത്, വരികളിലെ വൈകാരികത, സിനിമയുടെ കഥാസന്ദർഭത്തെ ആവാഹിക്കുന്ന വരികൾ...കാരണങ്ങൾ പലതാണ്.
ജ്യോതിഷത്തിലും വൈദ്യത്തിലും വ്യാകരണത്തിലും പണ്ഡിതനായ പുളിക്കൂൽ കൃഷ്‌ണൻ പണിക്കരായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ അച്ഛൻ. അമ്മയാകട്ടെ കർണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയും. അതുകൊണ്ടുതന്നെ അക്ഷരങ്ങളും സംഗീതവും കുട്ടിക്കാലം മുതൽ പുത്തഞ്ചേരിക്ക് കൂട്ടായുണ്ടായി. അക്ഷരത്തോടും സംഗീതത്തോടും വല്ലാത്ത ഭ്രമവും പ്രണയവുമായിരുന്നു തനിക്കെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
എഴുത്തിൽ മാത്രമല്ല സംഗീതത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്നു പുത്തഞ്ചേരിക്ക്. പല അഭിമുഖങ്ങളിലും അദ്ദേഹം മൂളിയ പാട്ടുകൾ ഇന്നും കണ്ടും കേട്ടും ഇരിക്കുന്നവർ നിരവധിയാണ്. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയ്‌ക്കൊപ്പം കൈകോർത്തപ്പോഴെല്ലാം മലയാളികൾക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത പാട്ടുകളാണ്.
ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽനിന്നും പിറന്ന മറ്റ് ചില പാട്ടുകളിതാ:
- മനസിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ
- ദേവകന്യക സൂര്യതംബുരു മീട്ടുന്നു
- പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ
- മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
- നിലാവിന്‍റെ നീലഭസ്‌മക്കുറിയണിഞ്ഞവളെ
- മനസിൻ മണിച്ചിമിഴിൽ പനിനീർത്തുള്ളിപോൽ
- ആകാശദീപങ്ങൾ സാക്ഷി
- ഒരുകിളി പാട്ടുമൂളവം
- ആരോ വിരൽമീട്ടി
- കരിമിഴി കുരുവിയെ കണ്ടീലാ
- കണ്ണിൽ കാശിത്തുമ്പകൾ
- ചിങ്കാരകിന്നാരം ചിരിച്ചുകൊഞ്ചുന്ന
- എന്‍റെ എല്ലാമെല്ലാമല്ലേ
- കാത്തിരിപ്പൂ കൺമണി
- കണ്ണാടിക്കൂടും കൂട്ടി
- കാക്കക്കറുമ്പൻ കണ്ടാൽക്കുറുമ്പൻ
- കുടമുല്ല കമ്മലണിഞ്ഞ്
- കണ്ണിൽ കണ്ണിൽ
- മറക്കുടയാൽ മുഖം മറക്കും
- പാടി തൊടിയിലേതോ
- ജെയിംസ് ബോണ്ടിൻ ഡെറ്റോ
- പൂലരിയിലൊരു പൂന്തെന്നൽ
- പോരുനീ വാരിളം ചന്ദ്രലേഖേ
ഇനിയും പാട്ടുകൾ അവസാനമില്ലാതെ നീളും. ഏതാണ്ട് 2500 ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി മലയാളികൾക്ക് സമ്മാനിച്ചത്. ഇനിയുമെത്രയോ എഴുതാൻ ബാക്കിവച്ചായിരുന്നു ആ കവിയുടെ വിയോഗം. 'മേലേപ്പറമ്പിൽ ആൺവീട്', 'കിന്നരിപ്പുഴയോരം' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി കഥയെഴുതിയതും ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. 'വടക്കുംനാഥൻ', 'പല്ലാവൂർ ദേവനാരായണൻ', 'ബ്രഹ്‌മരക്ഷസ്' തുടങ്ങിയവയ്‌ക്ക് തിരക്കഥയുമെഴുതി. ഇനിയുമെത്രയോ എഴുതാനും പാടാനും പറയാനും ബാക്കിവച്ചാണ് അദ്ദേഹം കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞത്.