തിരുവനന്തപുരം : സിനിമ മേഖലയിൽ നിന്നും തനിക്കും ദുരനുഭവമുണ്ടായതായി നടി ഗീത വിജയന്‍റെ വെളിപ്പെടുത്തല്‍. വർഷങ്ങൾക്ക് മുൻപാണ് ഒരു സംവിധായകനിൽ നിന്നും ദുരനുഭവമുണ്ടായത്. അന്ന് 'അമ്മ' ഉൾപ്പെടെയുള്ള സംഘടനകൾ നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് തന്നെ പരാതിപ്പെടാൻ സംവിധാനം ഇല്ലായിരുന്നുവെന്നും ഗീത വിജയൻ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. പക്ഷെ ദുരനുഭവം ഉണ്ടായ ഉടനെത്തന്നെ പ്രതികരിച്ചിരുന്നു. മലയാളത്തിലും തമിഴിലും അറിയാവുന്ന ചീത്ത വിളിച്ചുവെന്നും ഗീത വിജയൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വെളുപ്പെടുത്തി രംഗത്ത് വരുന്നത്. ഇതിനെത്തുടർന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത്, 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വെളുപ്പെടുത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നാണ് ആരോപണ വിധേയരിൽ ചിലരുടെ പ്രതികരണം.
സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി നാളെ (ഓഗസ്റ്റ് 27) അന്വേഷണ സംഘം പ്രത്യേക യോഗം ചേരും.