എറണാകുളം: കൊച്ചിയിൽ ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ബോൾഗാട്ടി പാലസിലെ വിശാലമായ രണ്ട് വേദികളിലായാണ് വ്യത്യസ്ഥമായ സംഗീത വിരുന്നൊരുങ്ങുന്നത്. ദേശീയ തലത്തിലുള്ള ഇരുപത് പ്രമുഖരായ കലാകാരൻമാരുടെ നേതൃത്വത്തിലാണ് സംഗീത പരിപാടി അരങ്ങേറുന്നത്. അന്തർദേശീയ തലത്തിലുള്ള ചില കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും.
കേരളത്തിൽ ഇത്തരമൊരു സംഗീത പരിപാടി ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്‌ടർ അക്ഷയ് കൃഷ്‌ണ പറഞ്ഞു. വിനോദ പരിപാടികൾ വലിയ വ്യവസായമായി മാറാത്ത കേരളത്തിൽ ഇത്തരമൊരു വിപുലമായ പരിപാടി സംഘടിപ്പിക്കുകയെന്ന വെല്ലുവിളിയാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മറ്റിടങ്ങളിൽ നടക്കുന്നത് പോലെ വിപുലമായൊരു സംഗീത വേദി കേരളത്തിലും ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ വഴി സാധ്യമാവുകയാണ്. ഒന്നര വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അക്ഷയ് കൃഷ്‌ണ വ്യക്തമാക്കി.
നാലായിരം ആളുകൾക്ക് മാത്രമാണ് പരിപാടിയിൽ പ്രവേശനം അനുവദിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. ശനിയാഴ്‌ച വൈകീട്ട് 3 മുതൽ രാത്രി 10 വരെ വിവിധ വിഭാഗങ്ങളിലായി 20- ലധികം കലാകാരന്മാരും സംഗീത ബാൻഡുകളുമാണ് അണിനിരക്കുന്നത്.
പരിക്രമ, ഫങ്ക്നേഷൻ, സ്ട്രീറ്റ് അക്കാദമിക്‌സ്, രഘു ദീക്ഷിത് തുടങ്ങി നിരവധി ബാൻ്റുകളുടെ പ്രകടനങ്ങൾ മുതൽ ഹനുമാൻകൈൻ്റിൻ്റെയും ചായ് മെറ്റ് ടോസ്റ്റിൻ്റെയും ഹൃദ്യമായ മെലഡികളും സംഗീത ആസ്വാദർക്ക് വേറിട്ട അനുഭവമാകും.
ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ ശനിയാഴ്‌ച (17/02/24) രാവിലെ 11 മണി മുതൽ വൈകീട്ട് 3 മണി വരെ, വൈവിധ്യമാർന്ന വർക്ക് ഷോപ്പുകളാണ് നടക്കുക. ഗ്രാഫിറ്റി വർക്ക്ഷോപ്പ്, ജാവേദ് ഹസ്സം നയിക്കുന്ന പോയ് സ്‌പിന്നിങ്ങ് സെഷൻ, ഇയാഷി എക്‌സ്‌പീരിയൻസ് വർക്ക്ഷോപ്പ്, പ്രജ്വൽ സേവ്യറിൻ്റെ മലയാളം കാലിഗ്രാഫിയിലേക്കും സമകാലിക രൂപകല്‌പനയിലേക്കും ഒരു യാത്ര, കളിമൺ മോൾഡിങ്ങ് വർക്ക്ഷോപ്പ്, ബോഡി പിയേഴ്‌സിംഗ്, ടാറ്റൂ സ്റ്റുഡിയോ വർക്ക്ഷോപ്പ് എന്നിവയാണ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുന്ന പ്രധാന പരിപാടികൾ.
സ്വതന്ത്ര സംഗീതത്തിൻ്റെ വ്യത്യസ്‌തമായ അനുഭവം സൃഷ്‌ടിക്കുന്ന കലാകാരന്മാരുട സംഗീതോത്സവം കൊച്ചിയിൽ നിന്ന് തുടങ്ങി വരും വർഷങ്ങളിൽ വിദേശത്തും മറ്റ് സംസ്ഥാനങ്ങളും സംഘടിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.