പൊതുവേ ഹൊറർ സിനിമകൾ ഒരുക്കുമ്പോൾ അവലംബിക്കുന്ന ചിത്രീകരണ മാർഗമാണ് ഫൗണ്ട് ഫൂട്ടേജ്. 1980ൽ ഹൊറർ അഡ്വഞ്ചർ ജോണറിൽ ഒരുക്കിയ 'ക്യാനിബൽ ഹോളോകോസ്‌റ്റ്' എന്ന ഹോളിവുഡ് ചിത്രമാണ് ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ഗണത്തിൽ റിലീസ് ചെയ്‌തത്. തുടർന്ന് 'ടണൽ' അടക്കമുള്ള നിരവധി ചിത്രങ്ങൾ ഇതേ വിഭാഗത്തിൽ റിലീസിനെത്തി പ്രേക്ഷക പ്രീതി ആർജ്ജിച്ചു.
എന്താണ് ഫൗണ്ട് ഫൂട്ടേജ് എന്ന് മനസ്സിലാക്കാം. പൊതുവേ ഹൊറർ ചിത്രങ്ങൾക്ക് അവലംബിക്കുന്ന ചിത്രീകരണ രീതിയാണ് ഇതെന്ന് ആദ്യമേ പറഞ്ഞു. ചിത്രത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ കൈകളിൽ ഒപ്പം കൊണ്ടു നടക്കുന്ന ക്യാമറകൾ ഉണ്ടാകാം. ഈ ക്യാമറകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ അവർ യാത്ര ചെയ്യുന്ന പ്രദേശത്തിന്‍റെയും അവർ കാണുന്ന കാഴ്‌ചകളുടെയും ദൃശ്യങ്ങൾ ഒപ്പിയെടുക്കും. ഈ ദൃശ്യങ്ങളിലൂടെ പ്രേക്ഷകർക്ക് കഥ പറയുന്ന രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.
മലയാളത്തിൽ റിലീസിനൊരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം 'ഫൂട്ടേജ്' ഇതേ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മാത്രമല്ല, സംസ്ഥാന പുരസ്‌കാരം നേടിയ 'ഗഗനചാരി' എന്ന ചിത്രവും ഇതേ രീതി അവലംബിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ചിത്രം 'അമാനുട' ആണ്. 2019ൽ ചിത്രീകരണം ആരംഭിച്ച ചിത്രം 2021ലാണ് പ്രദർശനത്തിനെത്തുന്നത്. മലയാളിയായ തിരുവനന്തപുരം സ്വദേശി എസ്‌എസ് ജിഷ്‌ണു ദേവാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. തമിഴ് ഭാഷയിൽ ഒരുങ്ങിയ ഈ ചിത്രമാണ് സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ്.
ഏറ്റവും രസകരമായി ചിത്രീകരിക്കാൻ കഴിയുന്ന ഒരു രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. ഫൗണ്ട് ഫൂട്ടേജ് വിശേഷങ്ങള്‍ സംവിധായകൻ എസ് എസ് ജിഷ്‌ണു ദേവ് ഇടിവി ഭാരതിനോട് പങ്കുവച്ചു.
'ഹോളിവുഡ് ചിത്രമായ ടണൽ എന്ന സിനിമയാണ് ഫൗണ്ട് ഫൂട്ടേജ് ഗണത്തിൽ താൻ ആദ്യമായി കാണുന്നത്. ആ ചിത്രം വല്ലാതെ സ്വാധീനിച്ചു. 'സങ്കിലി തുടർ' എന്നാൽ കൊമേഴ്സ്യൽ ഗണത്തിൽപ്പെട്ട ഒരു ചിത്രമാണ് ആദ്യം സംവിധാനം ചെയ്‌തത്. നിർഭാഗ്യവശാൽ ചിത്രം പൂർത്തിയായില്ല. പിന്നീടാണ് 'അമാനുട'യിലേയ്‌ക്ക് എത്തിച്ചേരുന്നത്. അമാനുഷികം എന്നതാണ് അതിന്‍റെ അർത്ഥം. ചെറിയ ബജറ്റിൽ വളരെ പെട്ടെന്ന് ചിത്രീകരിച്ച് റിലീസ് ചെയ്യാൻ ആകുന്ന ഒരു സിനിമയെ കുറിച്ചുള്ള ചിന്തയിലാണ് 'അമാനുട' സംഭവിക്കുന്നത്.
അക്കാലത്ത് തമിഴ് സിനിമ, പരീക്ഷണ ചിത്രങ്ങൾക്ക് നല്ല വളക്കൂറുള്ള സ്ഥലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചിത്രത്തിന്‍റെ പണികൾ ആരംഭിച്ചു. നേരിടാൻ ഇരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും കൃത്യമായ ബോധ്യം ഉണ്ടായിരുന്നു. പരീക്ഷണ ചിത്രങ്ങളെ പ്രേക്ഷകർ ഏതുവിധത്തിൽ സ്വീകരിക്കും എന്നുള്ളതായിരുന്നു ആദ്യത്തെ വ്യാകുലത. മലയാള സിനിമയിൽ ഫൗണ്ട് ഫൂട്ടേജ് രീതിയിൽ ഒരു ചിത്രം എടുക്കാൻ സത്യത്തിൽ ഭയപ്പെട്ടിരുന്നു. മലയാളി പ്രേക്ഷകർ ആ സമയങ്ങളിൽ പെട്ടെന്നൊരു പരീക്ഷണ ചിത്രത്തെ സ്വീകരിക്കുന്ന മനോഭാവത്തിൽ ആയിരുന്നില്ല. അതുകൊണ്ടാണ് ചിത്രം തമിഴില്‍ തന്നെ ഒരുക്കാൻ തീരുമാനിച്ചത്.
ഒരു നിർമ്മാതാവിനെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടി. ഒടുവിൽ രക്ഷകരായി സുഹൃത്തുക്കളെത്തി. കഥാപാത്രങ്ങൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ, ഒരു കഥാപാത്രം മരിച്ചു പോയാൽ അയാളുടെ കയ്യിലുള്ള ക്യാമറ മറ്റു കഥാപാത്രങ്ങൾ കണ്ടെത്തി അതിലെ ദൃശ്യങ്ങളൊക്കെ ഉപയോഗിച്ചാണ് സിനിമയുടെ കഥ പറച്ചിൽ. വളരെ റിയലിസ്‌റ്റിക് ആയ ഒരു മെത്തേഡ് ആണിത്. കൺവെൻഷണൽ ആയുള്ള ഫ്രെയിമുകളോ ചിത്രീകരണ രീതിയോ ഇത്തരം സിനിമകൾക്ക് ഉണ്ടാകില്ല. ക്യാമറ എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കും. സാധാരണ ഒരു വ്യക്തിയുടെ കയ്യിലിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ പോലെ, സിനിമയുടെ ദൃശ്യങ്ങൾ പ്രേക്ഷകന് തോന്നണം. അവിടെയാണ് ഇത്തരം രീതി അവലംബിക്കുമ്പോൾ സംവിധായകന്‍റെ വിജയം.
ഇത്തരത്തിലുള്ള സിനിമയും കൊണ്ട് വിതരണക്കാരുടെ അടുത്ത് ചെന്നപ്പോൾ കടുത്ത അവഗണനയാണ് ലഭിച്ചത്. സാധാരണ ഒരു ചിത്രം സംവിധാനം ചെയ്‌താൽ പോരായിരുന്നോ, എന്തിന് ഇങ്ങനെ ഒരു പരീക്ഷണം എന്നായിരുന്നു എല്ലായിടത്ത് നിന്നും ഉയർന്നു കേട്ടത്.
ഏഷ്യ മൂവി പൾസ് എന്ന വിദേശ മൂവി റിവ്യൂ ചാനലിൽ ഈ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ വന്ന ശേഷമാണ് സിനിമയ്ക്ക് നല്ല കാലം ജനിക്കുന്നത്.
നിരവധി കഥാപാത്രങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗമായിരുന്നു 'അമാനുട'യുടെ ചിത്രീകരണ സമയത്ത് ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്. കാരണം ക്യാമറ കഥാപാത്രങ്ങളുടെ കൈകളിലാണ്. 20 മിനിട്ടത്തെ കഥാപാത്രങ്ങളുടെ ആക്‌ടിവിറ്റി ശ്രദ്ധിക്കണം. ഡയലോഗുകൾ തെറ്റി പോകാൻ പാടില്ല. എന്തെങ്കിലും സംഭവിച്ചാൽ വീണ്ടും ചിത്രീകരിക്കാന്‍ ധാരാളം സമയം ആവശ്യമാണ്. ചിലപ്പോഴൊക്കെ 13-ാം മിനിട്ടലും 14-ാം മിനിട്ടിലും എന്തെങ്കിലും ഒക്കെ തെറ്റ് സംഭവിച്ച് റീട്ടേക്ക് പോകേണ്ടതായി വന്നിട്ടുണ്ട്.
ഏറ്റവും ബുദ്ധിമുട്ടിയത് ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്ന ഒന്ന് രണ്ട് കഥാപാത്രങ്ങൾ മലയാളികളാണ് കൈകാര്യം ചെയ്‌തിരുന്നത്. അവരുടെ തമിഴ് ഭാഷ ഷോട്ടിലുടനീളം തെറ്റു വരാതെ ഇരിക്കണം. ഈ രംഗം ചിത്രീകരിക്കാൻ ദിവസങ്ങളോളം എടുത്തു. പല ദിവസങ്ങളിലും പുലർച്ചെ രണ്ടു മണിവരെയും മൂന്നു മണിവരെയും ചിത്രീകരണം നീണ്ടു. തിരുവനന്തപുരത്തും കന്യാകുമാരിയിലും ആയിരുന്നു സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. സിനിമയുടെ ഭാഗമായ അഭിനേതാക്കളെല്ലാം പുതുമുഖങ്ങൾ ആയിരുന്നു.
ഫൗണ്ട് ഫൂട്ടേജ് രീതിയിൽ ഒരു സിനിമ ചിത്രീകരിക്കുമ്പോൾ, സിനിമാ ക്യാമറകൾ തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. ഫോണിലോ സാധാരണ ക്യാമറയിലോ ഏതൊക്കെ രീതിയിൽ റെക്കോർഡിംഗ് സാധ്യമാകുമോ ആ രീതിയിൽ ഒക്കെ ചിത്രീകരിക്കാം. സോണിയുടെ സെവൻ എസ് ടു എന്ന ക്യാമറ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്.
സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചതും സംവിധായകനായ ജിഷ്‌ണു തന്നെ.
സിനിമാറ്റിക് നിയമങ്ങൾ ഒക്കെ കാറ്റിൽ പറത്തുന്നു എന്നുള്ളതാണ് ഫൗണ്ട് ഫൂട്ടേജ് ജോണറിന്‍റെ പ്രത്യേകത. എല്ലാ രംഗങ്ങൾക്കും റിയലിസം ഫീൽ ചെയ്യണം. എഡിറ്റിംഗ് ടേബിളിൽ പലപ്പോഴും ചില രംഗങ്ങൾക്ക് സിനിമാറ്റിക് എലമെന്‍റ് കൂടി പോയതുകൊണ്ട് കൃത്രിമമായി ക്യാമറയുടെ കുലുക്കവും വ്യക്തത കുറവുമൊക്കെ കൂട്ടിച്ചേർക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖങ്ങളിൽ മാത്രം അധിഷ്ഠിതമായി സിനിമ ഒരുക്കിയതിനും കാരണമുണ്ട്. പുതുമുഖങ്ങൾ ആണെങ്കിൽ ഫൗണ്ട് ഫൂട്ടേജ് രീതിയിൽ സിനിമ ചിത്രീകരിക്കുമ്പോൾ കൂടുതൽ റിയലിസ്‌റ്റിക് ആയി പ്രേക്ഷകന് തോന്നാൻ കാരണമാകും. 'അമാനുട' കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് എംഎക്‌സ് പ്ലെയറിലൂടെയോ, ഫ്ലക്‌സ് ടിവിയിലൂടെയോ ആസ്വദിക്കാം. ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് ആമസോൺ പ്രൈം ഡോട്ട് കോമിലൂടെയും ചിത്രം കാണാനാകും.' -എസ് എസ് ജിഷ്‌ണു ദേവ് പറഞ്ഞു.
Also Read: രക്തരക്ഷസുകളെ തുരത്താൻ മുജീബ്; '13' ഹ്രസ്വചിത്രം റിലീസ് ചെയ്‌തു - 13 Short Film Released