പെൺകുട്ടികളുടെ വിവാഹപ്രായം ഒണ്‍പത് വയസ്സായി കുറയ്ക്കാനുള്ള ഇറാഖിൻ്റെ സമീപകാല നിർദ്ദേശത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് നടി ഫാത്തിമ സന ഷെയ്ഖ്. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ഫാത്തിമ സനയുടെ പ്രതികരണം. ഇറാഖിന്‍റെ ഈ നീക്കത്തെ "ഭയങ്കരം" എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്.
ഫാത്തിമ സന ഷെയ്‌ക്ക് തൻ്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ഇതുസംബന്ധിച്ച വാർത്താ തലക്കെട്ടിൻ്റെ ഒരു സ്‌നാപ്ഷോട്ട് പങ്കുവയ്‌ക്കുകയായിരുന്നു. "നിയമപരമായി പെൺകുട്ടികളുടെ വിവാഹപ്രായം 15 ൽ നിന്ന് 9 ആയി കുറയ്ക്കാൻ ഇറാഖ് ആലോചിക്കുന്നു. ഇത് നിയമവിധേയം ആക്കുന്നതില്‍ പ്രതിഷേധം." -എന്ന തലക്കെട്ടോടു കൂടിയുള്ള വാര്‍ത്തയ്‌ക്ക് "ഉഫ്! ഏത് ലോകത്താണ് ഇത് സംഭവിക്കുക. ഭയങ്കരം."-എന്നാണ് ഫാത്തിമ സന കുറിച്ചത്.
പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18ല്‍ നിന്നും ഒണ്‍പതായി കുറയ്‌ക്കാനുള്ള ഇറാഖിന്‍റെ ഈ നീക്കത്തിനെതിനെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിലവില്‍ ഇറാഖില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി ഒണ്‍പത് വയസ്സാക്കുന്നതിനുള്ള ശ്രമമാണ് ഇറാഖ് ഭരണകൂടം നടത്തുന്നത്. കുടുംബകാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജൂഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ കരട് ബില്‍ പൗരന്‍മാരെ അനുവദിക്കും.
അടുത്തിടെ ഫാത്തിമയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 1997ൽ ആമിർ ഖാൻ, അജയ് ദേവ്‌ഗൺ, ജൂഹി ചൗള, കജോൾ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ഇഷ്‌ക്' എന്ന സിനിമയിൽ ബാലതാരമായാണ് ഫാത്തിമ സന തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. ആമിർ ഖാൻ, സന്യ മൽഹോത്ര എന്നിവർക്കൊപ്പം നിതേഷ് തിവാരി സംവിധാനം ചെയ്‌ത 'ദംഗൽ' എന്ന സിനിമയിലും ഫാത്തിമ സന ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. ഗുസ്‌തി താരം ഗീത ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫാത്തിമ സന അവതരിപ്പിച്ചത്. 'ദംഗലി'ന് ശേഷം ഫാത്തിമ സന ഒരു നടി എന്ന നിലയിൽ പ്രാധാന്യം നേടി.
കൂടാതെ 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ', 'ആകാശ് വാണി', 'ലുഡോ', 'സൂരജ് പേ മംഗൾ ഭാരി', 'അജീബ് ദാസ്‌താൻസ്', 'ധക് ധക്', 'സാം ബഹാദൂർ' തുടങ്ങി നിരവധി ചിത്രങ്ങളിലും ഫാത്തിമ വൈവിധ്യമാർന്ന വേഷങ്ങള്‍ ചെയ്‌തു. 'മെട്രോ... ഇൻ ഡിനോ', 'ഉൽ ജലൂൽ ഇഷ്‌ക്' എന്നിവയാണ് നടിയുടേതായി വരാനിരിക്കുന്ന പ്രോജക്‌ടുകള്‍.