സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ചലച്ചിത്ര നിർമാണ രംഗത്തേക്ക്. എസ് എസ് കാർത്തികേയ ആദ്യമായി നിർമിക്കുന്ന രണ്ട് ചിത്രങ്ങൾ പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ് ഈ രണ്ട് സിനിമകളിലും നായകനായി എത്തുന്നത്.
'ഓക്‌സിജൻ', 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്നി ചിത്രങ്ങളാണ് എസ് എസ് കാർത്തികേയ നിർമിക്കുന്നത്. ആർക മീഡിയവർക്ക്‌സ് ആൻഡ് ഷോയിങ് ബിസിനസിന്‍റെ (Arka Mediaworks & Showing Business) ബാനറിലാണ് നിർമാണം. രാജമൗലിയാണ് ഈ സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. തെലുഗുവിനൊപ്പം മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രങ്ങൾ ഒരുങ്ങുന്നത്.
സിദ്ധാർഥ് നദെല്ലയാണ് 'ഓക്‌സിജൻ' സിനിമയുടെ സംവിധായകൻ. 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ശശാങ്ക് യലേതിയാണ് സംവിധാനം ചെയ്യുന്നത്. ഈ രണ്ട് സിനിമകളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവന്നു. വേറിട്ട പ്രമേയവുമായാകും ഇരു സിനിമകളും എത്തുക എന്ന സൂചന നൽകുന്നതാണ് പോസ്റ്ററുകൾ.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഓക്‌സിജൻ' ഒരുക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് നിർമാതാവ് എസ് എസ് കാർത്തികേയ കുറിച്ചു. പരിവർത്തനത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥയാണ് ഈ ചിത്രം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒരു ഫാന്‍റസി ചിത്രമാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'. വിനോദത്തിൻ്റെയും വികാരങ്ങളുടെയും ആവേശത്തിൻ്റെയും ഒരു റോളർകോസ്റ്റർ റൈഡിലേക്ക് നിങ്ങളെ കൊണ്ടുപോകുന്ന ഒരു ഫാൻ്റസി ചിത്രമാകും ഇതെന്നാണ് എസ് എസ് കാർത്തികേയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
കാല ഭെെരവയാണ് 'ഓക്‌സിജനും' 'ഡോണ്ട് ട്രബിൾ ദി ട്രബിളി'നും സംഗീതം ഒരുക്കുന്നത്. ഏതായാലും ഫഹദിന്‍റെ പ്രകടനം ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിങ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ മലയാള ചിത്രം 'പ്രേമലു'വിന്‍റെ തെലുഗു പതിപ്പിന്‍റെ വിതരണം എസ് എസ് കാർത്തികേയ ഏറ്റെടുത്തിരുന്നു. ചിത്രത്തിൻ്റെ അവകാശം വമ്പൻ തുകയ്‌ക്കാണ് കാർത്തികേയ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നസ്‌ലൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'പ്രേമലു' ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
അതേസമയം 'പുഷ്‌പ 2' ആണ് ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. സുകുമാറിന്‍റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനാകുന്ന ഈ ചിത്രത്തിൽ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.