മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹദിനം ഒടുവിൽ സമാഗതമായി. ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് തൻ്റെ പ്രണയിനി രാധികയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. ആഡംബരപൂർവം നടന്ന പ്രീ വെഡ്ഡിങ്ങ് പരിപാടികൾക്ക് ശേഷമാണ് അത്യാഡംബരങ്ങൾ നിറച്ച് വിവാഹ ചടങ്ങ് നടക്കുക.
വിവാഹ വേദി: മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററാണ് ചടങ്ങുകൾക്ക് വേദിയാകുന്നത്. മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ഇന്ന് (ജൂലൈ 12) ന് 'ശുഭ് വിവാഹ്' ചടങ്ങോടെ തുടക്കമായി. ജൂലായ് 14 ന് നടക്കുന്ന മംഗൾ ഉത്സവ് പരിപാടിയോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും. 18.5 ഏക്കർ വിസ്‌തൃതിയുള്ള ജിയോ വേൾഡ് സെൻ്റർ ന്യൂയോർക്കിലെ എംപയർ സ്‌റ്റേറ്റ് ബിൽഡിങ്ങിനെക്കാൾ 10.3 മടങ്ങ് വലുതും, ഫിഫ ഫുട്ബോൾ പിച്ചിനെക്കാൾ 12 മടങ്ങ് വലുതുമാണ്. 1,108,812 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വേൾഡ് സെൻ്ററിൽ ഒരു ബോൾറൂം, 25 മീറ്റിങ്ങ് റൂമുകൾ, അഞ്ച് മോഡുലാർ ഹാളുകൾ എന്നിവയുമുണ്ട്.
അതിഥികൾ ആരൊക്കെ: പ്രമുഖ സിനിമാ-കായിക താരങ്ങൾ, വ്യവസായ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ അതിഥികളുടെ നീണ്ട നിര തന്നെയുണ്ട്. അന്താരാഷ്‌ട്ര വിഐപികളിൽ മുൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്‌റ്റീഫൻ ഹാർപ്പർ, മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ്, മുൻ യുകെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിങ്ങനെ രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ക്കും ക്ഷണമുണ്ട്.
വിവാഹത്തിൽ പങ്കെടുക്കാൻ ഹോളിവുഡിലെ സെലിബ്രിറ്റികൾക്കും ക്ഷണമുണ്ട്. പലരും മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ചടങ്ങിനായി മുംബയിലെ താജ് കൊളാബ ഹോട്ടലിലെത്തിയ ഹോളിവുഡ് താരങ്ങളായ കിം കർദാഷിയനെയും ക്ലോ കർദാഷിയനെയും പരമ്പരാഗത ഇന്ത്യൻ രീതിയിൽ സ്വീകരിക്കുന്ന വീഡിയോ വൈറലായിരുന്നു. തങ്ങളുടെ റിയാലിറ്റി സീരീസായ 'ദി കർദാഷിയൻസി'ൽ അനന്തിൻ്റെയും രാധികയുടെയും വിവാഹം ഉൾപ്പെടുത്താന്‍ കിമ്മും ക്ലോയും പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
റിഹാന, ദിൽജിത് ദോസഞ്ച്, കാറ്റി പെറി എന്നിവരുടെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ്ങ് പരിപാടി. വിവാഹത്തിന് അവയെ കവച്ചുവെക്കുന്ന പരിപാടികളാണ് അണിയറയുലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര സെലിബ്രിറ്റികളായ അഡെൽ, ഡ്രേക്ക്, ലാന ഡെൽ റേ എന്നിവരെക്കൂടാതെ സോനു നിഗം, ശ്രേയ ഘോഷാൽ എന്നിവരും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡ്രസ് കോഡ്: ചടങ്ങുകൾക്ക് യോജിക്കുന്ന പരമ്പരാഗത ഇന്ത്യൻ വസ്‌ത്രങ്ങൾ ധരിക്കാനാണ് അതിഥികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. വിവാഹ ദിനമായ ജൂലൈ 12 ന് അതിഥികൾ പരമ്പരാഗത ഇന്ത്യൻ വസ്‌ത്രവും തുടർന്ന് ശനിയാഴ്‌ച നടക്കുന്ന പരിപാടിയിൽ ഔപചാരിക ഇന്ത്യൻ വസ്‌ത്രവും ധരിക്കാന്‍ നിർദ്ദേശമുണ്ട്. ഞായറാഴ്‌ച നടക്കാനിരിക്കുന്ന വിവാഹ വിരുന്നില്‍ ഇന്ത്യൻ 'ചിക്' ഡ്രസ് കോഡ് പിന്തുടരാനും ക്ഷണക്കത്തിൽ ആവശ്യപ്പെടുന്നു.
വിവാഹ ചെലവുകൾ: അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികൾക്കായി മൂന്ന് ഫാൽക്കൺ-2000 വിമാനങ്ങൾ അംബാനി കുടുംബം ബുക്ക് ചെയ്‌തിട്ടുണ്ട്. പരിപാടിക്കായി 100-ലധികം സ്വകാര്യ ജെറ്റുകൾ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് വൺ എയർ സിഇഒ രാജൻ മെഹ്‌റ ഒരു പ്രമുഖ ദിനപത്രത്തോട് പറഞ്ഞു. പ്രൈവറ്റ് ജെറ്റുകൾ കൂടാതെ ഒരു ക്രൂയിസ് കപ്പലും വിവാഹത്തിനായി വാടകയ്‌ക്കെടുത്തിട്ടുണ്ട്. വിവാഹത്തിന് മുമ്പ് നടന്ന പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചെലവുകൾ ഉൾപ്പെടെ ആകെ പ്രതീക്ഷിക്കുന്ന ചെലവ് 320 മില്യൺ ഡോളറിന് മേലെയാണ് (2500 കോടി രൂപ). ജാംനഗറില്‍ നടന്ന പരിപാടിക്കുവേണ്ടി റിഹാന 5 മില്യൺ ഡോളർ (40 കോടിയോളം രൂപ) ഈടാക്കിയതായി പറയപ്പെടുന്നു, ജസ്‌റ്റിൻ ബീബർ പറയുന്നു. 10 മില്യൺ ഡോളർ ചാർജ്ജ് ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read:
- സാരിയില്‍ അതിസുന്ദരിയായി രാധിക, സ്വർണ ജാക്കറ്റില്‍ തിളങ്ങി ആനന്ദ്; വൈറലായി 'ഗ്രഹശാന്തി പൂജ'യുടെ ചിത്രം
- അംബാനി കല്യാണം; 'പീലി വിടര്‍ത്തിയാടി' ജാൻവി കപൂർ, ചിത്രങ്ങള്‍ വൈറല്‍
- 'അംബാനി കല്യാണം' കളറാക്കി ജസ്റ്റിൻ ബീബർ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
- ആനന്ദ് അംബാനി രാധിക വിവാഹം; ആഘോഷം കളറാക്കാന്‍ പോപ്പ് ഗായിക റിഹാന, പ്രതിഫലം 52 കോടി