അദിവി ശേഷ് നായകനായെത്തുന്ന ആക്ഷൻ സ്‌പൈ ത്രില്ലർ ചിത്രം 'ജി2'വിന്‍റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ സ്‌പൈ ത്രില്ലർ ഫ്രാഞ്ചൈസിലേക്ക് ഇമ്രാൻ ഹാഷ്‌മിയും ചേരുകയാണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിന്‍റെ സൂപ്പർ താരവും എത്തുന്നതോടെ 'ജി2' കൂടുതൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
'ടൈഗർ 3'യിലെ അതിഗംഭീരമായ പ്രകടനത്തിന് ശേഷമാണ് 'G2'ലേക്ക് ഇമ്രാൻ ഹാഷ്‌മി എത്തുന്നത്. 2018 ൽ പുറത്തിറങ്ങിയ 'ഗൂഢാചാരി' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ജി2' (Goodachari Sequel 'G2' Starring Adivi Sesh). വിനയ് കുമാർ സിരിഗിനീഡിയാണ് ഈ പാൻ - ഇന്ത്യൻ സിനിമയുടെ സംവിധായകൻ. രാജ്യത്തിന് വേണ്ടി പോരാടുന്ന ചാരന്‍റെ കഥയാണ് 'ജി2' പറയുന്നത്.
അതേസമയം ഇമ്രാൻ ഹാഷ്‌മി 'ജി2'വിന്‍റെ ഭാഗമാകുന്നതിൽ താനേറെ ആവേശത്തിലാണെന്ന് അദിവി ശേഷ് വ്യക്തമാക്കി. 'ഇമ്രാൻ ഹാഷ്‌മി ജി2 സിനിമയിലേക്ക് എത്തുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ. ഈ ചിത്രത്തിന് പുതിയൊരു തലം സൃഷ്‌ടിക്കാൻ അദ്ദേഹത്തിന്‍റെ വരവിന് തീർച്ചയായും സാധിക്കും'- അദിവി ശേഷ് പറഞ്ഞു.
'ജി2'വിൽ ജോയിൻ ചെയ്യുന്നത് ഒരുപാട് ആവേശം നൽകുന്നതാണെന്നും ഗംഭീരമായ തിരക്കഥയുള്ള ഈ ചിത്രത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും ഇമ്രാൻ ഹാഷ്‌മിയും പ്രതികരിച്ചു. 'ഗൂഡാചാരി'യ്‌ക്ക് ലഭിച്ച വമ്പൻ വിജയത്തിന് ശേഷം 'ജി2' എത്തുമ്പോൾ മികച്ചൊരു സിനിമാനുഭവത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ജനപ്രീതി നേടിയിരുന്നു. എന്താവും 'G2'വിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'മേജർ', 'ഹിറ്റ് ദി സെക്കൻഡ് കേസ്' എന്നീ സിനിമകൾക്ക് ശേഷം അദിവി ശേഷ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ബനിത സന്ധു ആണ് നായികയാകുന്നത്.
പീപ്പിൾ മീഡിയ ഫാക്‌ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എ കെ എന്‍റർടെയിൻമെന്‍റ് എന്നിവയുടെ ബാനറുകളിൽ ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. അടുത്തിടെയാണ് ജി2 സിനിമയുടെ ചിത്രീകരണത്തിന് ഹൈദരാബാദിൽ തുടക്കമായത്. അന്താരാഷ്‌ട്ര നിലവാരത്തിൽ ഒരുങ്ങുന്ന ഈ സിനിമയ്‌ക്കായി 5 നിലകളുള്ള ഒരു ഗ്ലാസ് സെറ്റ് തന്നെ അണിയറ പ്രവർത്തകർ നിർമിച്ചിരുന്നു.
ചിത്രത്തിന്‍റെ കൂടുതൽ അപ്‌ഡേറ്റുകൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി ആർ ഒ - ശബരി.
ALSO READ: അഞ്ച് നിലകളുള്ള ഗ്ലാസ് സെറ്റുമായ് 'ജി2' ; അദിവി ശേഷിന്‍റെ സ്‌പൈ ത്രില്ലറിന് ഹൈദരാബാദിൽ തുടക്കം