ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും അല്ലു അർജുനും ജൂനിയർ എൻടിആറും. തിങ്കളാഴ്‌ച ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ എത്തിയാണ് തെലുഗു താരങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 96 പാർലമെൻ്റ് മണ്ഡലങ്ങളിൽ മെയ് 13 ന് രാവിലെ 7:00 ന് ആരംഭിച്ചു.
തന്‍റെ ഭാര്യയ്‌ക്കൊപ്പമാണ് ചിരഞ്ജീവി വോട്ട് ചെയ്യാൻ ഹൈദരാബാദിലെ വോട്ടിങ് ബൂത്തിലെത്തിയത്. വോട്ട് നമ്മുടെ അവകാശമാണെന്നും അത് പാഴാക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പിത്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന നടനും സഹോദരനുമായ പവൻ കല്യാണിന് ആശംസകൾ നേരാനും താരം മറന്നില്ല.
വോട്ട് ചെയ്യാൻ ഊഴം കാത്ത് ജൂനിയർ എൻടിആർ ക്യൂവിൽ നിൽക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം, മാധ്യമങ്ങളുമായി സംസാരിച്ച താരം, മുഴുവൻ വോട്ടർമാരോടും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർഥിച്ചു. വരും തലമുറകൾക്ക് നാം കൈമാറേണ്ട ഒരു നല്ല സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.
അല്ലു അർജുനും മാധ്യമങ്ങളോട് സംസാരിക്കവെ ജനങ്ങളെ വോട്ട് ചെയ്യാൻ ഓർമ്മിപ്പിച്ചു. 'ദയവുചെയ്‌ത് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. ഇത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഏറ്റവും നിർണായകമായ ദിവസമാണ് ഇന്ന്. കൂടുതൽ ആളുകൾ വോട്ടുചെയ്യാൻ വരുമ്പോൾ വൻ വോട്ടിങ് പങ്കാളിത്തം ഉണ്ടാകും. ഞാൻ രാഷ്‌ട്രീയമായി ഒരു പാർട്ടിയുമായും ചേർന്നിട്ടില്ല, ഞാൻ നിഷ്‌പക്ഷനാണ്'- അല്ലു അർജുൻ പറഞ്ഞു.
96 ലോക്‌സഭ സീറ്റുകളിൽ 25 എണ്ണം ആന്ധ്രാപ്രദേശിൽ നിന്നും 17 തെലങ്കാനയിൽ നിന്നുമാണ്. ഉത്തർപ്രദേശ്- 13, മഹാരാഷ്‌ട്ര- 11, മധ്യപ്രദേശ്- 8, പശ്ചിമ ബംഗാൾ- 5, ബിഹാർ- 5, ജാർഖണ്ഡ്, ഒഡിഷ, ജമ്മു കശ്‌മീർ- 4 എന്നിങ്ങനെയാണ് മറ്റ് സീറ്റുകൾ. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മൊത്തം 1,717 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ബോഡിയുടെ കണക്കനുസരിച്ച് 96 പാർലമെൻ്റ് സീറ്റുകളിലേക്ക് 4,264 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിരുന്നത്.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: ജനവിധി തേടുന്നത് 1717 സ്ഥാനാര്‍ഥികൾ