ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ റിലീസായി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റർ. ഹൊറർ മൂഡിലായിരുന്നു ഈ സിനിമയുടെ ആദ്യ പോസ്റ്റർ. രണ്ടാമത്തെ പോസ്റ്ററാകട്ടെ ക്ലാസിക്കൽ ഡാൻസിന്‍റേതും. ആഘോഷത്തിന്‍റെ മറ്റൊരു മൂഡിലുള്ളതാണ് ചിത്തിനിയുടെ പുതിയ പോസ്റ്റർ.
വിനയ് ഫോർട്ട്, അമിത്ത് ചക്കാലക്കൽ, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് 'ചിത്തിനി'യിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്‍റെയും അന്വേഷണത്തിന്‍റെയും പശ്ചാത്തലത്തിനൊപ്പം ഹൊറർ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവമാകും 'ചിത്തിനി' സമ്മാനിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൊററിനൊപ്പം ആക്ഷനും സംഗീതത്തിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകി ബിഗ് ബജറ്റിലാണ് ഈ സിനിമയുടെ നിർമാണം.
ഈസ്റ്റ് കോസ്റ്റിന്‍റെ മുൻകാല ചിത്രങ്ങളിൽ നിന്നും മാറി, വ്യത്യസ്‌തമായ പാറ്റേണിലാണ് 'ചിത്തിനി' അണിയിച്ചൊരുക്കിയിരിക്കുന്നത്. നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനമാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. ഇവിടേക്കെത്തുന്ന സർക്കിൾ ഇൻസ്‌പെക്‌ടർ അലനും കുടുംബവും അഭിമുഖീകരിക്കുന്ന വിചിത്രമായ അനുഭവങ്ങളാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആ നാട്ടിലേക്ക് ഗോസ്റ്റ് ഹണ്ടറായ വിശാലും മാധ്യമ പ്രവർത്തകയായ കാമുകിയും കൂടി എത്തുന്നതോടെ ഉണ്ടാകുന്ന അപ്രതീക്ഷിതവും രസകരവും ഒപ്പം ആകാംക്ഷഭരിതവുമായ സംഭവ വികാസങ്ങളും ചിത്രം പകർത്തുന്നു.
ജോണി ആന്‍റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണൻ, മണികണ്‌ഠൻ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് ചിത്തിനിയിൽ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിങ്. 52 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
കെവി അനിലിന്‍റെ കഥയ്‌ക്ക് സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനും കെവി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്. രതീഷ് റാം ഛയാഗ്രാഹകനായ ഈ സിനിമയുടെ എഡിറ്റർ ജോണ്‍കുട്ടിയാണ്.