ഹൈദരാബാദ് : തെലുഗു ചിത്രവുമായി യുവതാരം ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. മഹാനടി, സീതാരാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് ശേഷം ദുൽഖർ എത്തുന്ന അടുത്ത തെലുഗു ചിത്രമാണ് 'ആകാശം ലോ ഒക താര'. ഏറ്റവും പുതിയ ദുൽഖർ ചിത്രം ഒരുക്കുന്നത് സംവിധായകൻ പവൻ സാദിനേനിയാണ്.
ദുൽഖർ സൽമാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 1986 ൽ പുറത്തിറങ്ങിയ സിംഹാസനം എന്ന ചിത്രത്തിലെ സൂപ്പർസ്റ്റാർ കൃഷ്‌ണയെ അവതരിപ്പിക്കുന്ന ആകാശം ലോ ഒക താര എന്ന ഗാനത്തിൽ നിന്നാണ് ചിത്രത്തിന്‍റെ പേര് കടമെടുത്തത്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് തെലുഗുവിലെ പ്രശസ്‌ത നിർമാണ കമ്പനികളായ ഗീത ആർട്‌സ്, സ്വപ്‌ന സിനിമ, ലൈറ്റ്ബോക്‌സ് മീഡിയ എന്നിവർ ചേർന്നാണ്. തെലുഗു കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ALSO READ: മാര്‍വലിലേക്ക് തിരിച്ചെത്തി 'അയണ്‍മാന്‍'; ഇനി 'ഡോക്‌ടർ ഡൂം', വരവറിയിച്ച് റോബര്‍ട്ട് ഡൗണി ജൂനിയർ