ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലക്കി ഭാസ്‌കര്‍'. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി ഒക്‌ടോബര്‍ 31ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. റിലീസിനോടടുക്കുന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്.
ഇപ്പോഴിതാ 'ലക്കി ഭാസ്‌കറു'ടെ പ്രൊമോഷന്‍റെ ഭാഗമായി ചാറ്റ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ് തെലുഗു സൂപ്പര്‍ താരം റാണ ദഗുപതി. ദുല്‍ഖര്‍ സല്‍മാനുമായും മീനാക്ഷി ചൗധരിയുമായാണ് താരം ചാറ്റ് ഷോ ചെയ്‌തിരിക്കുന്നത്. 'ലക്കി ഭാസ്‌കര്‍' വിശേഷങ്ങളും താരങ്ങളുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞ് റാണ ദഗുപതി. മനസ്സ് തുറന്ന് ദുല്‍ഖര്‍ സല്‍മാനും മീനാക്ഷി ചൗധരിയും.
ദുല്‍ഖര്‍ സല്‍മാന്‍റെ സമീപകാല ചിത്രങ്ങളില്‍ നിന്നും താരത്തിന് പ്രേക്ഷകര്‍ ചാര്‍ത്തി കൊടുത്ത വിശേഷങ്ങളാണ് റെട്രോ സ്‌റ്റാർ, പിരീഡ് സ്‌റ്റാർ എന്നിവ. 'ലക്കി ഭാസ്‌കറി'ലൂടെ വീണ്ടുമൊരു പിരീഡ് സിനിമയുമായി വരുമ്പോള്‍ കഥാപാത്രം ടൈപ്പ് ചെയ്യപ്പെടുന്നില്ലേ എന്ന റാണയുടെ ചോദ്യത്തോടു കൂടിയാണ് ചാറ്റ് ഷോ ആരംഭിക്കുന്നത്.
ലക്കി ഭാസ്‌കറുടെ തിരക്കഥയുമായി സംവിധായകന്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ദേഹത്തോട് നോ പറയാന്‍ തോന്നിയില്ലെന്നാണ് റാണയുടെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മറുപടി പറഞ്ഞത്.
"കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിൽ ധാരാളം പിരീഡ് സിനിമകൾ ചെയ്‌തിരുന്നു. റെട്രോ സ്‌റ്റാർ എന്നും പിരീഡ് സ്‌റ്റാർ എന്നും എന്നെ വിശേഷിപ്പിക്കുന്നതിനെ കുറച്ച് ധാരണയുണ്ട്. പക്ഷേ ലക്കി ഭാസ്‌കറിന്‍റെ സംവിധായകനായ വെങ്കി അറ്റ്ലൂരി ഈ സിനിമയുടെ കഥ എന്നോട് പറഞ്ഞപ്പോൾ നോ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അത്രയും മികച്ച ആശയമാണ് ചിത്രത്തിന്.
റെട്രോ വേഷങ്ങൾ ചെയ്‌ത് ഫലിപ്പിക്കുക എന്നത്, ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ചലഞ്ചിംഗ് ആയൊരു കാര്യമാണ്. പിരീഡ് സിനിമകൾ എല്ലാ അഭിനേതാക്കൾക്കും ഒരുപോലെ വഴങ്ങണം എന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം വിശേഷണങ്ങൾ അംഗീകാരം കൂടിയാണ്." -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
'ലക്കി ഭാസ്‌കറി'ല്‍ ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഒരു കുട്ടിയുടെ അച്ഛനാണ് ഭാസ്‌കര്‍. കരിയറിൽ ആദ്യമായല്ല അച്ഛൻ വേഷം ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ തന്‍റെ കരിയറിലെ ആദ്യ അമ്മ വേഷമാണെന്ന് മീനാക്ഷിയും പ്രതികരിച്ചു.
അച്ഛൻ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഇമേജിന് കോട്ടം തട്ടുമോ എന്ന റാണയുടെ ചോദ്യത്തിന് തന്‍റെ പിതാവും നടനുമായ മമ്മൂട്ടിയെ ഉദാഹരിച്ചാണ് ദുൽഖർ മറുപടി പറഞ്ഞത്. തന്‍റെ പിതാവായ മമ്മൂട്ടി ആദ്യ കാലത്ത് മോഹൻലാലിന്‍റെ അച്ഛനായി വേഷമിട്ടിട്ടുണ്ട്. ദുല്‍ഖറുടെ ഈ പ്രസ്‌താവന കേട്ടതും റാണയും മീനാക്ഷിയും ഞെട്ടി.
"അക്കാലത്ത് മലയാള സിനിമയ്ക്ക് ഒരു നാടക പാരമ്പര്യത്തിന്‍റെ പിൻബലം ഉണ്ടായിരുന്നു. ഒരു നടൻ പെണ്ണായി അഭിനയിക്കും, അച്ഛനായി അഭിനയിക്കും, വയസ്സായ റോളില്‍ അഭിനയിക്കും, ചെറുപ്പക്കാരനായും അഭിനയിക്കും. അത്തരത്തിൽ പല കഥാപാത്രങ്ങളായി മാറാൻ അക്കാലത്തെ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളൊക്കെ എനിക്കും മാതൃകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രത്യേക കഥാപാത്രം ചെയ്‌തത് കൊണ്ട് ഇമേജിന് എന്തെങ്കിലും കോട്ടം തട്ടുമെന്ന് വിശ്വസിക്കുന്നില്ല." -ദുൽഖർ സല്‍മാന്‍ പറഞ്ഞു.
സിനിമ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ ദുല്‍ഖര്‍ സല്‍മാന്‍റെ തലമുടിയെ കുറിച്ചും റാണ സംസാരിച്ചു. ദുൽഖർ സൽമാന് മനോഹരമായ തലമുടി ഉണ്ടെന്നും താരത്തിന്‍റെ ഹെയർ സ്‌റ്റൈൽ എപ്പോഴും മികച്ചതാണെന്നും റാണ പറഞ്ഞു. തന്‍റെ തലമുടിയെ കുറിച്ച് പ്രശംസിച്ച റാണയുടെ തലമുടിയും ഹെയര്‍ സ്‌റ്റൈലും ഗംഭീരമാണെന്ന് ദുല്‍ഖര്‍ സല്‍മാനും വിശേഷിപ്പിച്ചു.
എന്നാല്‍ തന്‍റെ തലമുടി നിങ്ങളെ പോലെ നാച്ചുറല്‍ അല്ലെന്നും, പകുതിയും കൃത്രിമമായി വച്ച് പിടിപ്പിച്ചതാണെന്നും റാണ മറുപടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ തുറന്ന് പറയാനുള്ള റാണയുടെ മനസ്സിനെ അഭിനന്ദിക്കാനും ദുൽഖര്‍ മറന്നില്ല. മലയാളികൾ പൊതുവെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാവാം നല്ല തലമുടി ഉണ്ടാകുന്നതെന്നും ദുൽഖർ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
മുടിയഴകിനെ കുറിച്ചുള്ള ദുല്‍ഖറിന്‍റെയും റാണയുടെയും ചര്‍ച്ചയില്‍ മീനാക്ഷി ചൗധരിയും പങ്കാളിയായി. താൻ കണ്ട മലയാളികൾക്കെല്ലാം ഇടതൂർന്ന മുടിയുണ്ടെന്ന് മീനാക്ഷി ചൗധരി പറഞ്ഞു. മലയാളിയുടെ മുടിയഴകില്‍ താന്‍ പലപ്പോഴും അസൂയപ്പെട്ട് പോയിട്ടുണ്ടെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.