എറണാകുളം: സിനിമകളുടെ കഥകൾ തീർച്ചയായും സെൻസിറ്റീവ് ആകണമെന്ന് സംവിധായകൻ ശ്യാമപ്രസാദ്. ഒരാണും പെണ്ണും കണ്ടുമുട്ടി അവർ പ്രണയത്തിലാകുന്ന കഥ പറഞ്ഞിട്ട് പ്രയോജനമുണ്ടെന്ന് എന്നിലെ സംവിധായകൻ കരുതുന്നില്ലെന്നും അദ്ദേഹം. സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇടിവി ഭാരതുമായി പങ്കുവച്ച് ശ്യാമപ്രസാദ്.
കാതൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ചർച്ച ചെയ്‌ത സ്വവര്‍ഗരതി ഋതു, ഇംഗ്ലീഷ് തുടങ്ങിയ എന്‍റെ ചിത്രങ്ങളിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ തന്നെയാണ്. സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യരുടെ കഥകൾ പറയുന്നതിനോടാണ് എനിക്ക് അഭിനിവേശം തോന്നിയിട്ടുള്ളത്.
ലിംഗ സമത്വത്തെ കുറിച്ചുള്ള ചർച്ച ചെയ്യപ്പെടേണ്ട വലിയൊരു വിഷയം സിനിമ ഭാഷ്യം ആക്കുന്നതിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയായിരുന്നു ഞാൻ. മൂന്നുനാലു വർഷമായി അതിന്‍റെ പണിപ്പുരയിലാണ്. സാറാ ജോസഫ് രചിച്ച ആളോഹരി ആനന്ദം എന്ന ഫിക്ഷനാണ് സിനിമയുടെ ആധാരം. ലിംഗ സമത്വത്തെ കുറിച്ചുള്ള വിഷയങ്ങൾ ശക്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന പ്രമേയമാണിത്.
അത്തരം ഒരു സിനിമ കൂടി സംഭവിക്കുന്നതോടെ ഇത്തരം വിഷയങ്ങളിൽ ജനങ്ങളുടെ കാഴ്‌ചപ്പാടുകൾ പൂർണമായും മാറുക തന്നെ ചെയ്യും. ലിംഗ വ്യക്തിത്വം ഇല്ലാതെ ഉൾവലിഞ്ഞു ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ആളോഹരി ആനന്ദം. വ്യക്തിപരമായ പല പ്രശ്‌നങ്ങൾ കൊണ്ടാണ് ചിത്രം സംഭവിക്കാൻ വൈകുന്നത്.
പുറത്തിറങ്ങാൻ ഇരിക്കുന്ന മനോരഥങ്ങൾ എന്ന ചിത്രത്തിൽ കാഴ്‌ച എന്ന സെഗ്മെന്‍റ് സംവിധാനം ചെയ്‌തു. പാർവതി തിരുവോത്തും നരേനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരൻ എംടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യാൻ സാധിക്കുന്നത് ഒരു സംവിധായകൻ എന്നുള്ള രീതിയിൽ ഭാഗ്യമുള്ള കാര്യമായി കരുതുന്നു.
സത്യത്തിൽ എംടി വാസുദേവൻ നായരുമായി ചേർന്ന് മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ മുമ്പ് പ്ലാൻ ഉണ്ടായിരുന്നു. സാങ്കേതികമായി ചില പ്രശ്‌നങ്ങൾ നേരിട്ടത് കൊണ്ടാണ് ആ പ്രോജക്‌റ്റുകൾ നടക്കാതെ പോയത്. പെരുമഴയുടെ പിറ്റേന്ന്, വിലാപയാത്ര തുടങ്ങിയ എംടിയുടെ കൃതികളാണ് സിനിമ ചെയ്യുന്നതിനായി ആലോചിച്ചത്. ജ്ഞാനപീഠം പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചപ്പോൾ നാഷണൽ നെറ്റ് വർക്കിന് വേണ്ടി ശ്രീ എംടിയെ കുറിച്ചുള്ള ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തത് ഞാനും ശ്രീ ബൈജു ചന്ദ്രനും ചേർന്നായിരുന്നു. എംടിയുടെ ഹൃദയത്തിലൂടെ എന്നുള്ളതായിരുന്നു അതിന്‍റെ ടൈറ്റിൽ. അദ്ദേഹത്തെ വളരെക്കാലമായി അടുത്തറിയാം. അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല ബന്ധമുണ്ട്.
ഇപ്പോൾ യാത്ര ചെയ്യുന്ന വഴിയെ സഞ്ചരിക്കാനുള്ള സാധ്യതകളൊക്കെ മുന്നിലുണ്ട്. കഞ്ഞി കുടിക്കാനായി സിനിമ ചെയ്യേണ്ട കാര്യമില്ല. എനിക്കിഷ്‌ടമുള്ള സിനിമകൾ ചെയ്യുന്നതിനോടാണ് താത്‌പര്യം. അല്ലെങ്കിൽ സിനിമകൾ ചെയ്യാതിരിക്കാം.
സിനിമയുടെ കാഴ്‌ച അനുഭവം ഇക്കാലത്ത് വലിയ ഒരു തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. ബ്രഹ്മാണ്ഡം എന്നൊക്കെ പ്രയോഗിക്കുന്ന ഇത്തരത്തിലുള്ള അനുഭവങ്ങളാണ് പ്രേക്ഷകന് തിയേറ്ററിൽ നിന്ന് ആവശ്യം. അകകാമ്പ് ഉള്ള സിനിമകളെ ആഗ്രഹിക്കുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്.
ഹൃദയത്തെ തൊടുന്ന തരത്തിലുള്ള ആശയങ്ങൾ ചർച്ച ചെയ്‌ത ഉള്ളൊഴുക്ക് എന്ന ചിത്രം അടുത്തകാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്ന് ഞാൻ പറയും. മികച്ച പ്രകടനം, മികച്ച ആശയം, സംഘർഷഭരിതമായ ജീവിതം മുഹൂർത്തങ്ങൾ കലാമൂല്യം തുളുമ്പുന്ന ഇത്തരം ചിത്രങ്ങൾ കാണുന്നതിനേക്കാൾ വെറുതെ രസം പകരുന്ന ചിത്രങ്ങളോട് ആയി പ്രേക്ഷകന് അഭിനിവേശം.
ജീവിതത്തിൽ അത്ഭുതത്തോടെ നോക്കി കാണുകയും ആരാധിക്കുകയും ചെയ്‌ത ഏക കലാകാരൻ ശ്രീ എആർ റഹ്മാനാണ്. കലാവാസന ദൈവദത്തം ആണെന്ന് ഒരിക്കലും കരുതുന്ന ആളല്ല ഞാൻ. പക്ഷേ അദ്ദേഹത്തിന്‍റെ കാര്യത്തിൽ അങ്ങനെ ഒരു കാഴ്‌ചപ്പാടിൽ ഊന്നി നിൽക്കാൻ ആകില്ല. ഒരു സാധാരണ മനുഷ്യന്‍റെ കഴിവുകൾ അല്ല അദ്ദേഹത്തിനുള്ളത്. കലാകാരൻ എന്നുള്ള രീതിയിൽ അസൂയയോടെ അദ്ദേഹത്തിലെ പ്രതിഭയെ ഞാൻ നോക്കി കണ്ടിട്ടുണ്ട്. ജീവിതത്തിൽ ആരുടെയെങ്കിലും ഫാൻബോയ് ആണെങ്കിൽ അത് എആർ റഹ്മാന്‍റെയാണ്.
അടുത്തിടെ അന്തരിച്ച നിർമ്മാതാവ് ശ്രീ അരോമ മണി അവസാനമായി നിർമ്മിച്ചത് ഞാൻ സംവിധാനം ചെയ്‌ത ആർട്ടിസ്റ്റ് എന്ന ചിത്രമായിരുന്നു. ഫഹദ് ഫാസിൽ ആയിരുന്നു ചിത്രത്തിലെ നായകൻ. സാധാരണ ഒരു നിർമ്മാതാവ് ഒരു സംവിധായകനെ വിശ്വസിക്കണമെങ്കിൽ ഏറെ കാലം അദ്ദേഹവുമായി പരിചയവും ബന്ധവുമൊക്കെ കാത്തുസൂക്ഷിക്കണം. പക്ഷേ അരോമ മണിയെ സംബന്ധിച്ചിടത്തോളം ഞാൻ അരികെ എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് അദ്ദേഹം ലൊക്കേഷൻ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. അദ്ദേഹം താനുമായി സഹകരിക്കാൻ തയ്യാറാണെന്ന് തുറന്നുപറഞ്ഞു. അരോമ മണി നിർമ്മിച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം മെയിൻ സ്ട്രീം സിനിമകളാണ്.
സിബിഐ സീരീസും കമ്മിഷണറും ഒക്കെ നിർമ്മിച്ച നിർമ്മാതാവ് എന്നെ പോലൊരു വേറിട്ട തലത്തിൽ ചിന്തിക്കുന്ന സംവിധായകനോടൊപ്പം സഹകരിക്കേണ്ട ആവശ്യമുണ്ടോയെന്ന് തോന്നിപ്പോയി. പക്ഷേ തിങ്കളാഴ്‌ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം തുടങ്ങിയ മികച്ച ആശയങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആവശ്യപ്പെടൽ എന്നിലൊരു അത്ഭുതമാണ് ഉണ്ടാക്കിയത്. അങ്ങനെയാണ് ആർട്ടിസ്റ്റ് എന്ന ചിത്രത്തിന്‍റെ കഥ അദ്ദേഹത്തോട് പറയുന്നത്. അദ്ദേഹത്തിന് കഥ വല്ലാതെ ഇഷ്‌ടപ്പെട്ടു.
ഒരു സംവിധായകന്‍റെ തലയിൽ കയറി നിരങ്ങുന്ന നിർമ്മാതാവാണ് അരോമ മണി എന്നാണ് ഞാൻ അതുവരെ കേട്ടിട്ടുള്ളത്. പക്ഷേ കേട്ടതെല്ലാം തെറ്റായിരുന്നു. പൂർണമായി എന്നെ വിശ്വസിച്ചാണ് അദ്ദേഹം പ്രൊഡക്ഷനിലേക്ക് എത്തിച്ചേർന്നത്. സെറ്റിൽ ഒരു അനാവശ്യ കാര്യത്തിനും അദ്ദേഹം ഇടപെട്ടിട്ടില്ല. ശ്രദ്ധിച്ചാൽ എവിടെയെങ്കിലും ഒരു കസേരയിട്ട് ഒതുങ്ങിക്കൂടി ഇരിക്കുന്നുണ്ടാകും. സിനിമയെ മനസിലാക്കിയിട്ടുള്ള, സിനിമയോട് ഭ്രമമുള്ള ഒരു നിർമ്മാതാവാണ് ശ്രീ അരോമ മണിയെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.