സമാനതകളില്ലാത്ത കൈയ്യടികൾ സ്വന്തമാക്കിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ് ബ്ലെസി ചിത്രം 'ആടുജീവിതം'. പൃഥ്വിരാജ് അസാമാന്യ പ്രകടനത്തിലൂടെയും അതിശയിപ്പിക്കുന്ന മേക്കോവറുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച ഈ ചിത്രം ബെന്യമിന്‍റെ ബെസ്റ്റ് സെല്ലർ നോവൽ ആടുജീവിതത്തെ ആസ്‌പദമാക്കിയാണ് ബ്ലെസി ഒരുക്കിയത്. ഇപ്പോഴിതാ 'ആടുജീവിതം' സിനിമയെയും ബ്ലെസിയെയും പൃഥ്വിരാജിനേയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.
ആടുജീവിതം ക്ലാസിക് ചിത്രമാണെന്നും സിനിമയോടുള്ള പൃഥ്വിരാജിന്‍റെ അഭിനിവേശമാണ് നജീബിനെ വിജയിപ്പിച്ചതെന്നും റോഷൻ ആൻഡ്രൂസ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
റോഷൻ ആൻഡ്രൂസിന്‍റെ വാക്കുകൾ ഇങ്ങനെ:
'അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നത്. ബ്ലെസി ചേട്ടാ, നിങ്ങൾ കാലത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്ന ഒരു ക്ലാസിക് സൃഷ്‌ടിച്ചു. പൃഥ്വി.. എൻ്റെ ആൻ്റണി മോസസ്..നിങ്ങളോട് ഞാൻ എന്ത് പറയും?
ആലങ്കാരികമായും അക്ഷരാർത്ഥത്തിലും നിങ്ങളുടെ വിയർപ്പും രക്തവുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്. ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ?. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ ഒരു വിജയിയാക്കി!
അടുത്ത വർഷം ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിലും അവാർഡ് ഫങ്ഷനുകളിലും നിങ്ങൾ ചുവന്ന പരവതാനിയിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ... ഈ പരിശ്രമത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ'.
അതേസമയം ബോക്‌സ് ഓഫിസിൽ റെക്കോർഡുകൾ സൃഷ്‌ടിച്ചാണ് ആടുജീവിതം പ്രദർശനം തുടരുന്നത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലെത്തിയ ചിത്രമെന്ന റൊക്കോർഡ് ഇതിനോടകം ഈ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. വെെകാതെ തന്നെ 100 കോടി ക്ലബ്ബിൽ ആടുജീവിതം എത്തുമെന്നാണ് വിലയിരുത്തുന്നത്.
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ആടുജീവിതം പ്രേക്ഷകർക്ക് മുന്നില്‍ എത്തിയത്. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് ബ്ലെസിയുടെ ഈ സ്വപ്‌ന ചിത്രം. ഓസ്‌കർ അവാർഡ് ജേതാക്കളായ എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും ഈ സിനിമയുടെ ഹൈലൈറ്റാണ്.
അമല പോൾ നായികയായ ഈ ചിത്രത്തിൽ കെആർ ഗോകുൽ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങിയത്. ഈ സിനിമയുടെ മുഖ്യ പങ്കും ജോർദാനിലായിരുന്നു ഷൂട്ട് ചെയ്‌തത്.
ALSO READ: 'ഓസ്‌കാർ അവാർഡിന് ഇതാ ഒരു മലയാളസിനിമ'; ആടുജീവിതം സിനിമയ്‌ക്ക് കയ്യടിച്ച് ശ്രീകുമാരൻ തമ്പി